ADVERTISEMENT

ചിതറ∙ റോഡ് വികസനം വന്നപ്പോൾ 'വളവ് ' കൂടി. മടത്തറ തുമ്പമൺതൊടിയിൽ അപകടത്തിന് കുറവില്ല. ജില്ലയിലെ പ്രധാന റോഡായ പാരിപ്പള്ളി മടത്തറ റോഡിൽ ആണ് അപകടക്കെണിയായ വളവ്.  അമിത വേഗത്തിൽ വരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടൂന്നതു പതിവാണ്. രാപകൽ രക്ഷാ പ്രവർത്തനം നടത്തുകയാണ് നാട്ടുകാർ.

മടത്തറ നിന്നു കൊല്ലത്തേക്കു പോകുന്നവർ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. ‘ട’ പോലെ വളഞ്ഞ് കിടക്കുകയാണ്.  റോഡ് നവീകരണം വന്നപ്പോൾ അപകടം കുറയ്ക്കുന്നതിന് വളവ് മാറ്റണമെന്നു നാട്ടുകാർ പിഡബ്ല്യുഡി ഉദ്യോഗസ്ഥരോടും എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. നാട്ടുകാരുടെ ആവശ്യം തള്ളി വളവ് നേരെയാക്കാതെ റോഡ് വികസിപ്പിച്ചു. റോഡിന്റെ ഇരു വശത്തും പുറമ്പോക്ക് വസ്തു ഉണ്ടായിരുന്നിട്ടും ഏറ്റെടുത്തില്ല. വളവ് അതേ പോലെ ഇട്ട് റോഡ് നവീകരിച്ചു. 

തിരുവനന്തപുരം ചെങ്കോട്ട റോഡ്, എംസി റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡിൽ വാഹന തിരക്ക് കൂടുതലാണ്. രാവിലെ മുതൽ വൻ ലോഡുമായി വരുന്ന ലോറികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിൽ അപകടം കൂടുന്നു. ഇരു വശത്തു നിന്നു വരുന്ന വാഹനങ്ങൾ വളവിൽ എത്തുമ്പേൾ നേർ‌ക്ക് നേർ കൂട്ടി മുട്ടുന്ന സ്ഥിതിയാണ്.

ഇരു ചക്ര വാഹന യാത്രക്കാർ വളവിൽ  നിയന്ത്രണം വിട്ട് വീടുകളിലേക്കും കടകളിലേക്കും കയറുന്നു. ചടയമംഗലം പിഡബ്ല്യുഡി സെക്‌ഷന്റെ പരിധിയിൽ വരുന്ന റോഡിലെ വളവ് കുറച്ചെങ്കിലും കുറയ്ക്കാൻ നടപടി ആവശ്യപ്പെട്ട് മരാമത്ത് മന്ത്രിക്കും നാട്ടുകാർ നിവേദനം നൽകി. ആരും തിരിഞ്ഞു നോക്കുന്നില്ല. 

നവീകരണം വന്നപ്പോൾ തുമ്പമൺതൊടിയിൽ റോഡിന് വീതി കൂട്ടി. പക്ഷേ വളവ് അതേ പോലെ തന്നെ നിലനിർത്തി. ഇത് അപകടത്തിന് കാരണമാകുന്നു. മടത്തറ ഭാഗത്ത് നിന്നു വരുന്ന ഇരു ചക്ര വാഹനങ്ങൾ നിയന്ത്രണം വിടുകയാണ് ഇവിടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com