ADVERTISEMENT

കൊട്ടാരക്കര∙ കൊല്ലം റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ ലഹരി വേട്ടയിൽ ആറ് കിലോയോളം കഞ്ചാവുമായി രണ്ട് കുപ്രസിദ്ധ കുറ്റവാളികൾ അടക്കം 5 പേർ കൊട്ടാരക്കര പൊലീസിന്റെ പിടിയിൽ. ‘യോദ്ധാവ്’ ആന്റി ഡ്രഗ് ക്യാംപെയ്ൻ  ഭാഗമായാണ് റെയ്ഡ് നടന്നത്. രണ്ട് വ്യത്യസ്ത റെയ്ഡുകളിലാണ് ഇവർ പിടിയിലായത്.

3.750 കിലോ കഞ്ചാവുമായി വിളക്കുടി ആവണീശ്വരം  ചക്കുപാറ പ്ലാംകീഴിൽ ചരുവിള വീട്ടിൽ  ചക്കുപാറ വിഷ്ണു(ഒ.വിഷ്ണു-27), കൊട്ടാരക്കര വല്ലം ശ്രീകൃഷ്ണ മന്ദിരത്തിൽ  അരുൺ അജിത്ത്(25), ആവണീശ്വരം ചക്കുപ്പാറ കോളനിയിൽ പുത്തൻവീട്ടിൽ  ഗോകുൽ(18)  എന്നിവരാണ് ആദ്യ റെയ്ഡിൽ അറസ്റ്റിലായത്.  വിഷ്ണു കാപ്പ നിയമപ്രകാരം 6 മാസം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് 3 മാസം മുൻപാണ്. 

അരുൺ അജിത്ത് പുത്തൂർ, കൊട്ടാരക്കര, ആലുവ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, കഞ്ചാവ്, പിടിച്ചുപറി കേസുകളിൽ പ്രതിയാണ്. ഇവരെ പിടികൂടാൻ കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി. വിജയകുമാർ, കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം. എം. ജോസ്  എന്നിവരുടെ മേൽനോട്ടത്തിൽ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ  സംഘം രൂപീകരിച്ചിരുന്നു.

കഴിഞ്ഞ രാത്രിയിൽ കഞ്ചാവുമായി വരുന്ന വിവരം ലഭിച്ച് വാഹന പരിശോധനയ്ക്കിടെ ഇവരെ തടഞ്ഞപ്പോൾ  പൊലീസിനെ വെട്ടിച്ചു കടന്നുകളയാൻ ശ്രമിച്ചു.   കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബലം പ്രയോഗിച്ച് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. 

സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ കെ.എസ്.ദീപു ,  കൊട്ടാരക്കര  സ്റ്റേഷൻ എസ്ഐമാരായ  ബാലാജി. എസ്.കുറുപ്പ്, സുദർശനൻ, എ എസ്. ഐ  ഡി.ജിജിമോൾ, സിവിൽ പൊലീസ് ഓഫിസർ  മാരായ സലിൽ, ഷിബു കൃഷ്ണൻ, നഹാസ്, സഹിൽ, ജയേഷ്, അജിത്ത്, കിരൺ, അഭി സലാം എന്നിവരാണ് പിടികൂടിയത്.

ഒട്ടേറെ മോഷണ കേസുകളിലും, കഞ്ചാവ് കേസുകളിലും പ്രതിയായ മൈലം പള്ളിക്കൽ പെരുംകുളം കളീലുവിള  വിശാഖം വീട്ടിൽ ആർ.ബിജുകുമാർ (മണിക്കുട്ടൻ -49), തലവൂർ കുര സുഭാഷ് ഭവനിൽ ആർ.സുഭാഷ് (40) എന്നിവരും അറസ്റ്റിലായി.  കൊട്ടാരക്കര  സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് എസ് ഐ അനീഷ് എ , എസ്‌ ഐ അനിൽകുമാർ, എഎസ്ഐ രാധാകൃഷ്ണപിള്ള  എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com