ADVERTISEMENT

കൊല്ലം ∙ വലിയ തിരമാലകൾ ഉണ്ടാകില്ലെന്നതും ശാന്തമായ തീരമാണെന്നതുമാണ് തിരുമുല്ലവാരം ബീച്ചിന്റെ പ്രത്യേകത. എന്നാൽ വെളിച്ചത്തിന്റെ കാര്യത്തിലും ഈ ശാന്തത തന്നെയാണ് ബീച്ചിലുള്ളത്. ബീച്ചിൽ എത്തുന്നതു വരെയുള്ള റോഡിൽ തെരുവുവിളക്കുകളുണ്ടെങ്കിലും ബീച്ചിലെ വിളക്കുകൾ ഒന്നും  പ്രകാശിക്കുന്നില്ല. കടലിലേക്കു കയറിയിരിക്കുന്ന കരിങ്കൽക്കെട്ടുകളിൽ തെരുവുവിളക്കുകൾ തല ഉയർത്തി നിൽക്കുന്നുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. അതിനാൽ തന്നെ സാമൂഹിക വിരുദ്ധർ പ്രദേശത്തെ താവളമാക്കുന്നതായും പരാതിയുണ്ട്. 

നൂറുകണക്കിനാളുകൾ ദിവസവും ബീച്ചിൽ എത്തുന്നുണ്ട്. എന്നാൽ മിക്ക ആളുകൾക്കും സന്ധ്യയോടെ മടങ്ങേണ്ട സ്ഥിതിയാണ്. ഇരിക്കാൻ ആവശ്യത്തിന് സൗകര്യമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ബീച്ചിന്റെ ചെറിയ മതിലിലും കരിങ്കൽ ക്കെട്ടുകളിലുമാണ് മിക്കവരും ഇരിക്കുന്നത്.കുട്ടികൾക്കായി ചെറിയൊരു പാർക്കും തിരുമുല്ലവാരം ബീച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. 2020ലാണ് പാർക്ക് തുറന്നു കൊടുത്തത്. എന്നാൽ ഇപ്പോൾ ഇവയിലെ മിക്ക കളി ഉപകരണങ്ങളും കാലപ്പഴക്കം വന്നിരിക്കുകയാണ്. പല ഉപകരണങ്ങളും ഭാഗികമായി പൊട്ടിത്തകർന്ന നിലയിലുമാണ്.

തിരുമുല്ലവാരം ബീച്ചിനെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിക്കാൻ ഒട്ടേറെ പദ്ധതികൾ ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ഒന്നും പൂർണമായ ഫലപ്രാപ്തിയിലെത്തിയില്ല. അടിയന്തരമായി, ബീച്ചിൽ കണ്ണടച്ചിരിക്കുന്ന തെരുവുവിളക്കുകളെങ്കിലും പ്രകാശിപ്പിക്കാൻ നടപടി എടുക്കണമെന്നാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com