ADVERTISEMENT

കൊല്ലം∙ വാർത്ത ശേഖരിച്ചു മടങ്ങിയ മാധ്യമ പ്രവർത്തകരെ പിന്തുടർന്നെത്തിയ 2 അംഗ സംഘം  വാഹനം  തടഞ്ഞു നിർത്തി ആക്രമിച്ചു. മാതൃഭൂമി  ലേഖകൻ അനിൽ മുകുന്ദേരി, ഫൊട്ടോഗ്രഫർ സുധീർ മോഹൻ എന്നിവരെയാണ് ആക്രമിച്ചത്. പരുക്കുകളോടെ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പബ്ലിക് ലൈബ്രറിക്കു സമീപം അനധികൃത തട്ടുകട നടത്തുന്ന  വടക്കേവിള മാളിക വയലിൽ അൽത്താഫ്, സെയ്ദലി, തിരുനെൽവേലി വെള്ളംകുളി വെള്ളപ്പാണ്ടി സ്വദേശി രാമചന്ദ്രൻ എന്നിവരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.  ഇന്നലെ 2.30നു പോളയത്തോട് മാർക്കറ്റിനു സമീപമായിരുന്നു അക്രമം. 

4 വർഷമായി തകർന്നു കിടക്കുന്ന എസ്ബിഐ – എസ്എംപി പാലസ് റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച വാർത്ത നൽകുന്നതിനു വേണ്ടി റോഡിന്റെ ചിത്രം പകർത്തിയതോടെയാണ് അക്രമികൾ രംഗത്ത് എത്തിയത്. റോഡിൽ  വാഹനങ്ങൾ നിരത്തി സ്ഥാപിച്ച തട്ടുകടകളുടെ ചിത്രമെടുത്തതായി ആരോപിച്ചു ക്യാമറ പിടിച്ചു വാങ്ങാൻ ശ്രമിച്ചു.  റോഡിനെ സംബന്ധിച്ച വാർത്ത  നൽകാനാണ് ചിത്രം പകർത്തിയതെന്നു അറിയിച്ചപ്പോൾ അസഭ്യം പറയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തു.  മാധ്യമ പ്രവർത്തകർ അവിടെ നിന്നു മടങ്ങിയപ്പോൾ അക്രമി സംഘം പിന്തുടർന്നു. 

ഉടൻ അനിൽ മുകുന്ദേരി പൊലീസിൽ വിവരം അറിയിച്ചു. ഇവർ പോളയത്തോട്ടിലേക്ക് പോകുന്നതിനിടെ ശ്മശാനത്തിനു സമീപം എത്തിയപ്പോ‍ൾ വാഹനത്തിലെത്തിയ സംഘം ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ കടന്നുകളയാൻ  ശ്രമിച്ച ഒരാളെ സ്ഥലത്തു നിന്നു പിടികൂടി.  പരുക്കേറ്റ അനിൽ മുകുന്ദേരിയെയും സുധീർ മോഹനനെയും പൊലീസ് ആണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനിൽ മുകുന്ദേരിയുടെ പരുക്ക് ഗുരുതരമാണ്.മാധ്യമ പ്രവർത്തകരെ ആക്രമിച്ചു പരുക്കേൽപിച്ച സാമൂഹിക വിരുദ്ധ സംഘത്തിലെ എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയോ കോർപറേഷന്റെയോ അനുമതി ഇല്ലാതെ വൃത്തിഹീനമായ ചുറ്റുപാടിലാണ് നടപ്പാതയും റോഡും കയ്യേറി കട നടത്തുന്നതെന്ന് ആരോപണമുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാകുന്ന വിധത്തിലാണ് ഭക്ഷണം തയാറാക്കുന്നതെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന പോലും നടക്കാറില്ലെന്നും പരാതി ഉയരുന്നു.മാതൃഭൂമി റിപ്പോർട്ടർ അനിൽ മുകുന്ദേരിയെയും ഫൊട്ടോഗ്രഫർ സുധീർ മോഹനെയും മർദിച്ച മുഴുവൻ ഗുണ്ടകളെയും അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com