പാരിപ്പള്ളി∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും അനിശ്ചിതകാല സമരം ആരംഭിച്ചു. സ്റ്റൈപൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. സമരത്തിന്റെ ഭാഗമായി പ്രകടനവും പ്രിൻസിപ്പൽ ഓഫിസ് പടിക്കൽ ധർണയും നടത്തി. തൊണ്ണൂറിലേറെ ഹൗസ് സർജൻമാരും പിജി ഡോക്ടർമാരുമാണ് സമരം തുടങ്ങിയത്. സമരം നീണ്ടാൽ മെഡിക്കൽ കോളജിന്റെ പ്രവർത്തനം പ്രതിസന്ധിയിലാവും.
പിജി ഡോക്ടർമാർക്ക് 5 മാസത്തെ സ്റ്റൈപൻഡാണ് കുടിശിക. ഹൗസ് സർജൻമാരുടെ സ്റ്റൈപൻഡ് മുടങ്ങുന്നത് പതിവാണ്. കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനു പല തവണ അപേക്ഷ നൽകിയിട്ടും പ്രയോജനം ഉണ്ടായില്ല. ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്ന് കേരള മെഡിക്കൽ പോസ്റ്റ്ഗ്രാജ്വേറ്റ് അസോസിയേഷൻ കൊല്ലം മെഡിക്കൽ കോളജ് യൂണിറ്റ് ഭാരവാഹികൾ ആരോപിച്ചു.
സമരം മൂലം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ബന്ധപ്പെട്ട അധികൃതരാണ് ഉത്തരവാദികളെന്ന് അസോസിയേഷൻ പറഞ്ഞു. സമരത്തിന് പിജി അസോസിയേഷൻ പ്രസിഡന്റ് ഡോ.എസ്.എസ്.ഐശ്വര്യ, സെക്രട്ടറി ഡോ.ലിയോ ബെന്നറ്റ്, ഹൗസ് സർജൻ അസോസിയേഷൻ പ്രസിഡന്റ് ഡോ.രാജ് കുമാർ, സെക്രട്ടറി ഡോ.എസ്.രാകേഷ് എന്നിവർ നേതൃത്വം നൽകി.
ഡോ.എസ്. രാഗേഷ്, സെക്രട്ടറി, ഹൗസ് സർജൻസ് അസോസിയേഷൻ
ഒക്ടോബർ, നവംബർ മാസങ്ങളിൽ ഗവ. മെഡിക്കൽ കോളജിൽ വന്ന പിജി റസിഡന്റ്‌സിനും നവംബറിൽ ജോയിൻ ചെയ്ത ഹൗസ് സർജൻമാർക്കും ഇതുവരെ സ്റ്റൈപൻഡ് അനുവദിച്ചിട്ടില്ല. കൊട്ടിഘോഷിച്ച പിജി സീറ്റുകൾ വെറും രാഷ്ട്രീയ മുതലെടുപ്പിന് മാത്രമുള്ളതാവുമ്പോൾ ബലിയാടാവുന്നത് വിദ്യാർഥികളും അവരുടെ കുടുംബങ്ങളുമാണ്.
ഡോ.എൽ.ആർ.ആർദ്ര
സുരക്ഷിതമായൊരു തൊഴിൽ സാഹചര്യമോ ചെയ്യുന്ന ജോലിക്ക് വേതനമോ ലഭിക്കാത്ത ദുരവസ്ഥയിലാണ് ഹൗസ് സർജൻമാരും പിജി ഡോക്ടർമാരും. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയും സർക്കാരിന്റെ അവഗണനയും കൂടുകയാണ്.