ശാസ്താംകോട്ട ∙ കൗരവനാഥനു കണിയൊരുക്കി നെടുംകുതിരകൾ മാനംതൊട്ടു. നാടിന്റെ കൈവഴികളെല്ലാം പോരുവഴി പെരുവിരുത്തി മലനടയിലേക്ക് ഒഴുകിയെത്തിയ മലക്കുട ഉത്സവത്തിനു കോരിച്ചൊരിഞ്ഞ വേനൽമഴയിലും തുള്ളിമുറിയാത്ത ആവേശാരവങ്ങളോടെ സമാപനം. ഇരുനൂറോളം കെട്ടുകാഴ്ചകൾ ആയിരം തോളുകളിലേറി വയലും തോടും കുന്നും കടന്നു മലയീശ്വരനെ വലംവച്ചു.

അമ്പലത്തുംഭാഗം, പനപ്പെട്ടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി കരകളുടെ അഭിമാനങ്ങളായ കൂറ്റൻ എടുപ്പുകുതിരകളും ഇടയ്ക്കാട് കരയുടെ വലിയ എടുപ്പുകാളയുമായിരുന്നു പ്രധാന ആകർഷണം. കമ്പലടി കരയുടെ നെടുംകുതിരയ്ക്ക്, മഴയില്‍ വലിയതോട് കടക്കുന്നതിനിടെ തകരാറു പറ്റി. ഉച്ചവെയിൽ ചാഞ്ഞതോടെ വെൺകുളം ഏലായിലെ മുരവുകണ്ടത്തിൽ കെട്ടുകാഴ്ചകൾ അണിനിരന്നു. മലയപ്പൂപ്പന്റെ പ്രതിപുരുഷനായ ഊരാളി കറുപ്പ് കച്ചയുടുത്തു ഭാരമേറിയ മലക്കുടയേന്തി ഉറഞ്ഞുതുള്ളി മലയിറങ്ങി.
തുടർന്ന് ഓരോ കെട്ടുകാഴ്ചയും അനുഗ്രഹം ഏറ്റുവാങ്ങി ഭക്തിയും ആവേശവും ഉരുക്കുതോളുകളിൽ ആവാഹിച്ചു കുന്നുകയറി. വയല്‍പച്ചയില്‍ ഇരുള്‍ പരന്നതോടെ ഒരു മലക്കുടക്കാലത്തിന്റെ ഓര്‍മകളുമായി ജനസഹസ്രങ്ങള്‍ കുന്നിറങ്ങി. മഹാഭാരതയുദ്ധത്തിൽ കൊല്ലപ്പെട്ട ദുര്യോധനനു രാത്രി ആൽത്തറയിൽ പനമ്പായ് വിരിച്ചു വായ്ക്കരിപൂജയും നടത്തി.