പുനലൂർ ∙ ഭരണിക്കാവ് ഭദ്രാദേവി ക്ഷേത്രത്തിലെ പുനലൂർ മീന ഭരണി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ കെട്ടുകാഴ്ച എഴുന്നള്ളത്ത് ഭക്തജനങ്ങൾക്ക് വർണ, ശ്രവ്യ വിസ്മയം സമ്മാനിച്ചു. ഉച്ചതിരിഞ്ഞ് അരമണിക്കൂർ കനത്ത മഴ പെയ്ത ശേഷം നടന്ന ഘോഷയാത്ര ജനങ്ങളെ ആനന്ദ ലഹരിയിലാക്കി. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഇടയ്ക്കാട്ട് ഭാഗം, അമ്പി ഭാഗം, താഴത്ത് ഭാഗം എന്നീ ക്രമത്തിൽ കെഎസ്ആർടിസി മൈതാനിയിൽ കേന്ദ്രീകരിച്ച ശേഷം ദേശീയപാതയിലൂടെ ആശുപത്രി ജംക്‌ഷൻ, പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, ചെമ്മന്തൂർ റെയിൽവേ അടിപ്പാത വഴി ക്ഷേത്രത്തിൽ ആറാടിച്ചു.
ഇടയ്ക്കാട് ഭാഗത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച എഴുന്നള്ളത്ത് തൊളിക്കോട് പവർഹൗസ് വെട്ടിപ്പുഴ ഭാഗങ്ങളിൽ എത്തി കെഎസ്ആർടിസി ജംക്‌ഷൻ കേന്ദ്രീകരിച്ചു.. താഴത്ത് ഭാഗത്തിന്റെ ഘോഷയാത്ര തൂക്കുപാലത്തിന് സമീപത്ത് കേന്ദ്രീകരിച്ചു അമ്പിയിൽ ഭാഗത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഘോഷയാത്ര ദേശീയപാതയിൽ എത്തിയശേഷം കെഎസ്ആർടിസി മൈതാനി വഴി തിരികെ ക്ഷേത്രത്തിലേക്ക് പോയി. താലപ്പൊലി, പൂക്കാവടി, പഞ്ചവാദ്യം, ശിങ്കാരിമേളം, ഫ്ലോട്ടുകൾ, പൂക്കാവടി, തുടങ്ങിയവ എഴുന്നള്ളത്ത് ഘോഷയാത്ര വേറിട്ടതാക്കി.
എഴുന്നള്ളത്ത് ഘോഷയാത്രയിൽ ഭരണിക്കാവ് ക്ഷേത്രത്തിലെ ദേവസ്വം ബോർഡിന്റെ ആന ഗജറാണി ഉമ തിടമ്പേറ്റി. ഇടയ്ക്കാട്ട് ഭാഗത്തിന്റെ വകയായി ഗജവീരന്മാരായ ചിറക്കൽ കാളിദാസൻ, ചൈത്രം അച്ചു, വേമ്പനാട് അർജുനൻ, തെറ്റിക്കോട്ടുകാവ് ദേവീദാസൻ, പേരൂർ ശിവൻ എന്നിവയും അമ്പിയിൽ ഭാഗത്തിന്റെ വകയായി അമ്പാടി ബാലൻ, കീഴൂട്ട് ശ്രീകണ്ഠൻ എന്നീ ഗജവീരന്മാരും അണിനിരന്നു. നെല്ലിപ്പള്ളി, ടിബി ജംക്‌ഷനിൽ രാത്രി ഗാനമേളയും എഴുന്നള്ളത്തും നൃത്ത നാടകവും നടന്നു . ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ദിനേശ്കുമാർ, സെക്രട്ടറി ആർ.രതീഷ്, മേഖലയിലെ വിവിധ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികൾ, വിവിധ ഭക്തജന കൂട്ടായ്മകൾ, യുവജന സംഘടനകൾ എന്നിവർ നേതൃത്വം നൽകി.