ADVERTISEMENT

കൊല്ലം ∙ മധ്യവേനലവധിക്ക് വിദ്യാലയങ്ങൾ അടയ്ക്കാറായപ്പോ‍ൾ മുട്ടവിൽപനക്കാരും പച്ചക്കറിക്കടക്കാരും പാൽ വിതരണക്കാരും സ്കൂളുകളിൽ കയറിയിറങ്ങുന്നു. കുട്ടികൾക്ക് ഭക്ഷണത്തിനു നൽകിയ ഇനത്തിലുള്ള  വൻ കുടിശിക ലഭിക്കുന്നതിനു വേണ്ടിയാണ് ഇവർ സ്കൂളുകളിൽ എത്തുന്നത്. പാചകം ചെയ്യുന്ന തൊഴിലാളികൾക്കും 3 മാസമായി വേതനം നൽകുന്നില്ല. കുട്ടികൾക്കു മുടങ്ങാതെ ഉച്ചഭക്ഷണവും പാലും മുട്ടയും നൽകണമെങ്കിലും 3 മാസമായി സർക്കാർ പണം അനുവദിക്കുന്നില്ല. പ്രഥമാധ്യാപകർ കടം വാങ്ങിയും പച്ചക്കറി പലചരക്ക്, മുട്ട കടകളിലും അവധി പറഞ്ഞാണ് ഉച്ചഭക്ഷണം നൽകിയിരുന്നത്. 

 സ്കൂൾ അടയ്ക്കാറായപ്പോൾ കടക്കാർ എല്ലാം പ്രഥമാധ്യാപകരെ തിരക്കി എത്തുകയാണ്.  ലക്ഷക്കണക്കിനു രൂപയാണ് ഓരോ സ്കൂളിനും സർക്കാർ നൽകാനുള്ളത്. പാചക തൊഴിലാളികൾക്കുള്ള കൂലിയും  3 മാസമായി കുടിശികയാണ്. ചില പ്രഥമാധ്യാപകർ പാൽ, പച്ചക്കറി, മുട്ടക്കടകളിൽ പണം നൽകുന്നതിനു  സഹപ്രവർത്തകരായ അധ്യാപകരുടെ സഹായം തേടുകയാണ്. മുൻപൊരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണിതെന്ന് അധ്യാപകർ പറയുന്നു.

കൊല്ലം ജില്ലയോടു ചേർന്നുള്ള ഒരു സ്കൂളിലെ പ്രഥമാധ്യാപിക സഹപ്രവർത്തകരോടു നടത്തിയ അഭ്യർഥന

‘പ്രിയപ്പെട്ടവരേ,

വല്ലാത്തൊരു സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കൊണ്ടാണ് ഇത്തരമൊരു വിശദീകരണം നടത്തേണ്ടി വരുന്നത്. കഴിഞ്ഞ 3 മാസമായി ഉച്ചഭക്ഷണത്തിന്റെ പൈസ ലഭിച്ചിട്ടില്ല. ഏകദേശം 3.15 ലക്ഷം രൂപ ലഭിക്കാനുണ്ട്. കടം വാങ്ങുന്നതിന്റെ പരമാവധി വാങ്ങി കഴിഞ്ഞു. പച്ചക്കറി കടക്കാരൻ സാധനങ്ങൾ തരാത്ത ഒരു ഘട്ടം വന്നപ്പോൾ കയ്യിൽ നിന്ന് അഡ്വാൻസ്  ചെയ്ത് കുറച്ച് പൈസ കൊടുത്തു. ഇപ്പോൾ സ്കൂളിലേക്ക് സാധനങ്ങൾ തരുന്ന മറ്റുള്ളവരും (മുട്ട, പാൽ, പലചരക്ക്) ഫോൺ വിളിച്ചും നേരിട്ടും പൈസ ചോദിച്ചു തുടങ്ങി. 

അഡ്ജസ്റ്റ് ചെയ്യാവുന്നതിന്റെ പരമാവധി അഡ്ജസ്റ്റ്  ചെയ്ത് കഴിഞ്ഞു. ഇനി എന്ത് ചെയ്യുമെന്ന് അറിയാൻ കഴിയാത്ത ഒരു നിസ്സഹായാവസ്ഥയിലാണു നിൽക്കുന്നത്. മുൻ വർഷങ്ങളിൽ ഇരുന്നവർക്കൊന്നും ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. ഈ പ്രതിസന്ധി തരണം ചെയ്യാൻ, ഈ ഗ്രൂപ്പിലെ കനിവുള്ള ഏതെങ്കിലും അധ്യാപകർ കുറച്ച് പൈസ കടമായി തന്നു സഹായിക്കണം’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com