തെന്മല∙ കുരങ്ങുകളെ പേടിച്ച് ചക്കയ്ക്ക് ‘ചാക്കിട്ട്’ കർഷകർ. ‘ചക്കക്കാലം’ ആയതോടെ വാനരന്മാർ കൂട്ടത്തോടെ നാട്ടിലെ പ്ലാവുകളിലേക്ക് എത്തുകയാണ്. പ്ലാവിൽ നിൽക്കുന്ന വിളഞ്ഞതും വിളയാത്തതുമായ ചക്കകൾ പറിച്ച് താഴേക്കിടുകയും കുറച്ച് ഭക്ഷിക്കുകയും ചെയ്യും. ചക്ക പഴുക്കുന്നതിനു മുൻപെ വാനരന്മാർ വിളവെടുപ്പ് ആരംഭിച്ചതിനാൽ ചാക്കിട്ടു മറയ്ക്കുന്ന തിരക്കിലാണ് കർഷകർ. പ്ലാവിൽ നിൽക്കുന്ന ചക്കകൾ ചാക്കിട്ട് കെട്ടി വച്ചാൽ ഒരു പരിധിവരെ സംരക്ഷണം ലഭിക്കും. ചാക്കിട്ടാലും വിടവുണ്ടെങ്കിൽ അതുവഴി ചക്കയിൽ ആക്രമണം നടത്തുന്ന വാനരന്മാരും ഇക്കൂട്ടത്തിലുണ്ട്.
പ്ലാവ് പാട്ടത്തിന്, നോട്ടം പുറംനാട്ടുകാർ
വാനരന്മാരെ പേടിച്ച് തമിഴ്നാട്ടിലെ വ്യാപാരികൾക്ക് പ്ലാവ് പാട്ടത്തിന് നൽകുന്നവരുമുണ്ട്. പ്ലാവിൽ നിൽക്കുന്ന ചക്കകൾ കാണിച്ച് പാട്ടത്തിന് നൽകുന്നതോടെ വീട്ടുകാരുടെ ആദി ഒഴിയും. പിന്നീടെല്ലാം പാട്ടത്തിനെടുത്തവരുടെ ഉത്തരവാദിത്തമാണ്. തമിഴ്നാട്ടുകാർ ചാക്കും വലയുമെല്ലാം പ്ലാവിൽ കെട്ടി ചക്ക സംരക്ഷിക്കും.
മാവിന് വല; ചെലവ് ആയിരങ്ങൾ
മാവ് പൂത്തപ്പോൾ മുതൽ കുരങ്ങുകൾ പൊഴിച്ചിടാൻ തുടങ്ങി. കണ്ണിമാങ്ങയും ഇവരുടെ ഭക്ഷണമായതോടെ മാവ് മുഴുവൻ വലകൊണ്ട് മൂടാനും തുടങ്ങി കർഷകർ. കടപ്പുറത്തുപോയി ആയിരക്കണക്കിന് രൂപയുടെ വല വാങ്ങിയാണ് ഇപ്പോൾ മാവുകളെ സംരക്ഷിച്ച് നിർത്തിയിരിക്കുന്നത്. മാമ്പഴം ആകുമ്പോഴേക്കും കുരങ്ങിന്റെ ശല്യം ഏറും.
ആനയും പുലിയും വേറെ
കാടിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ വനംവകുപ്പിന്റെ ഭാഗത്തു നിന്നും നടപടിയൊന്നുമില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുരങ്ങിന്റെ കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ് വനംവകുപ്പിന്. ആനയും പുലിയും മ്ലാവും യഥേഷ്ടം ഇറങ്ങുന്നുമുണ്ട്. വന്യമൃഗങ്ങളുടെ ശല്യം സഹിക്കാൻ വയ്യാതെ കൃഷി നിർത്തിയവരുമുണ്ട്.