ADVERTISEMENT

പൂയപ്പള്ളി ∙ അനുമതിയില്ലാതെ നിരോധിത സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു വെടിക്കെട്ട് നടത്തിയ കേസിൽ ക്ഷേത്രം ഭാരവാഹികളായ 3 പേർ അറസ്റ്റിൽ.ഓയൂർ കീഴൂട്ട് ദേവീ ക്ഷേത്രത്തിലെ മകയിരം പൊങ്കാല ഉത്സവത്തോടനുബന്ധിച്ചാണ് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയത്. 

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ചുങ്കത്തറ കുന്നുവിള പുത്തൻവീട്ടിൽ എൻ ഗണേശൻ പിള്ള, ട്രഷറർ പൊയ്കയിൽ വിനോദ്, ഉത്സവ കമ്മിറ്റി കൺവീനർ സുനിൽ മന്ദിരത്തിൽ സുനിൽ എന്നിവരാണ് അറസ്റ്റിലായത്. വെടിക്കെട്ടിന്റെ ഫലമായി സമീപത്തെ  വീടിനു കേടുപാടുകൾ സംഭവിച്ചു.  

വെടിക്കെട്ട് നടത്തുന്നതിനു വേണ്ട യാതൊരു അനുമതി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് തേടുകയോ ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നില്ല. നോട്ടിസിൽ രേഖപ്പെടുത്തിയ ആകാശദീപക്കാഴ്ചയ്ക്ക്  താരതമ്യേന ശബ്ദവും സ്ഫോടന ശേഷിയും കുറഞ്ഞ പടക്കങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ രാത്രി 12 മണിക്ക്  ശേഷം മണിക്കൂറോളം ഉഗ്ര ശബ്ദത്തോടുള്ള വെടിക്കെട്ടാണ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

286, 118 ഡി, 3 എ, എക്സ്പ്ലോസീവ് ആക്ട് അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. അനുമതിയില്ലാതെയും ജീവന് ഹാനിയാകുന്ന തരത്തിലും  സുരക്ഷ മാനദണ്ഡം പാലിക്കാതെയും കമ്പം നടത്തിയതിനെ തുടർന്നാണ്  പൊലീസ് സ്വമേധയാ  കേസെടുത്തതെന്ന് പൂയപ്പള്ളി ഇൻസ്പെക്ടർ എസ്.ടി.ബിജുവും എസ്ഐ അഭിലാഷും അറിയിച്ചു. കമ്പം നടത്തിയ ആളിനെതിരെയും ബാക്കി ഭാരവാഹികൾക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com