ADVERTISEMENT

കൊല്ലം∙ ജില്ലയിൽ കോവിഡ് കേസുകളിൽ വീണ്ടും വർധന. ഈ മാസം റിപ്പോർട്ട് ചെയ്ത 370 കേസുകളിൽ 323 കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ്. ആദ്യ രണ്ടാഴ്ച ജില്ലയിൽ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. 15 മുതൽ 21 വരെയുള്ള തീയതികളിലാണ് 11 കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും രോഗവ്യാപനം രണ്ടിരട്ടിയിൽ അധികമായി. കഴിഞ്ഞ ദിവസം മാത്രം 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. സംസ്ഥാനത്തൊട്ടാകെ കോവിഡ് കേസുകളിൽ വർധനയുണ്ട്.

എന്നാൽ കോവിഡ് പരിശോധനകളുടെ എണ്ണം കുറവാണെന്നും പനിയുണ്ടെങ്കിലും ടെസ്റ്റ് ചെയ്യാൻ ആളുകൾ തയാറാകുന്നില്ലെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സർക്കാർ ആശുപത്രികളിൽ മാത്രം പനിക്ക് ചികിത്സ തേടിയത് 2594 പേരാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർ കൂടിയാവുമ്പോൾ കണക്ക് ഇരട്ടിയാവും. കോവിഡ് സംശയമുണ്ടെങ്കിലും ടെസ്റ്റുകളുടെ എണ്ണം കുറവാണ്. സ്വയം ടെസ്റ്റ് ചെയ്യാവുന്ന ആന്റിജൻ കിറ്റുകൾക്കും ആവശ്യക്കാരില്ല. മാസ്ക് ഉപയോഗം ഉൾപ്പെടെയുള്ള ജാഗ്രതാ നിർദേശങ്ങൾ കാര്യമായി പാലിക്കപ്പെടുന്നുമില്ല.

വാക്സീൻ എടുക്കാൻ ആളില്ല

കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും ആവശ്യക്കാരില്ലാതെ കോവിഡ് കരുതൽ ഡോസ്. ജനുവരിയിൽ  860 ഡോസ് കോവാക്സീൻ എത്തിയിരുന്നു. ഇതിൽ ഇരുനൂറോളം ഡോസ് ഇപ്പോഴും ബാക്കിയാണ്. നാളെ അവയുടെ കാലാവധി കഴിയുകയും ചെയ്യും. പുതിയ ഡോസ് വാക്സീൻ എന്നെത്തും എന്ന കാര്യത്തിൽ ഉറപ്പില്ല. ഈ മാസത്തെ ആവശ്യം കണക്കിലെടുത്ത് കഴിഞ്ഞ മാസം കോവിഷീൽഡ് വാക്സീൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. 

ജില്ലയിലാകെ 5 കേന്ദ്രങ്ങളിൽ മാത്രമാണ് ഇപ്പോൾ വാക്സിനേഷൻ നടക്കുന്നത്. മുൻപ് വാക്സീൻ പാഴാകുന്നത് ഒഴിവാക്കാനായി 10 പേരെങ്കിലും എത്തിയ ശേഷമാണ് വാക്സീൻ നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഇത്തരം നിബന്ധനകളില്ല. ജില്ലയിൽ 236211 പേർക്ക് മാത്രമാണ് ഇതുവരെ കോവിഡ് കരുതൽ ഡോസ് എടുത്തത്. 12 വയസ്സ് മുതലുള്ള വിഭാഗത്തെ എടുത്താൽ 20 ലക്ഷത്തോളം പേരാണ് ജില്ലയിൽ ആകെ വാക്സീൻ എടുക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com