ചാറുകാട് ∙ ചാറുകാട്ടിലെ കാലപ്പഴക്കം ചെന്ന കുടിവെള്ള സംഭരണി അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാൻ നടപടിയില്ല. അപകട ഭീതി മൂലം ശേഷിയുടെ പകുതി കുടിവെള്ളം പോലും സംഭരിക്കാൻ കഴിയുന്നില്ല. ചാറുകാട് വാർഡിൽ നിലകൊള്ളുന്ന ജല സംഭരണിയാണ് അറ്റകുറ്റപ്പണി നടത്താത്തത് മൂലം നശിച്ചു തുടങ്ങിയത്. ജല സംഭരണിക്ക് 40 വർഷത്തെ പഴക്കം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു ലക്ഷം ലീറ്റർ ആണ് സംഭരണ ശേഷി.
ഉത്താമ്പള്ളി പമ്പ് ഹൗസ്, ജല സംഭരണിക്ക് സമീപം നിർമിച്ചിട്ടുള്ള പമ്പ് ഹൗസ് എന്നിവിടങ്ങളിൽ നിന്നുമാണ് ടാങ്കിലേക്ക് വെളളം എത്തുന്നത്. ഇവിടെ നിന്ന് ചാറുകാട്, ചെമ്മക്കാട്, പെരിനാട്, പാമ്പാലിൽ ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ നിലവിൽ സംഭരണ ശേഷിയുടെ പകുതി പോലും നിറയ്ക്കുന്നില്ല. ടാങ്കിന്റെ മേൽ തട്ട് അടക്കമുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് പൊട്ടി ഇളകി കമ്പി തെളിഞ്ഞ അവസ്ഥയാണ്.
മുകളിലെ കോൺക്രീറ്റ് തകർന്നതിനാൽ ടാങ്കിനുള്ളിൽ ശുചീകരണം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ജല സംഭരണിയിൽ കുടിവെള്ളം ശേഷിക്ക് ആനുപാതികമായി നിറയ്ക്കാൻ കഴിയാത്തത് മൂലം എല്ലാ പ്രദേശങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. അപകടാവസ്ഥയിലായി തുടങ്ങിയ ചാറുകാട് ജല സംഭരണിയിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.