പത്തനാപുരം∙ അമ്മയുടെ ഒപ്പം നടന്നു പോയ കുട്ടിയുടെ കാൽ ഓടയിലെ സ്ലാബുകൾക്കിടയിലേക്കു വീണു പരുക്കേറ്റു. പുന്നല ഇഞ്ചൂര്‍ കാരുണ്യ ഭവനിൽ ഹരീഷിന്റെ മകൻ ഹർഷവർധനാണ്(9) പരുക്കേറ്റത്. ഇന്നലെ രാവിലെ 10.30നു മലയോര ഹൈവേയുടെ പള്ളിമുക്ക് ഭാഗത്തായിരുന്നു സംഭവം.
മാതാവ് അശ്വതി ബായിക്കൊപ്പം ആശുപത്രിയിലേക്കെത്തിയ കുട്ടിയുടെ കാൽ ഓടയുടെ സ്ലാബിന് ഇടയിലേക്കു വീഴുകയായിരുന്നു. കുട്ടിയെ അര മണിക്കൂർ പരിശ്രമത്തിനൊടുവിൽ നാട്ടുകാരാണു പുറത്തെടുത്തത്. കാല്‍മുട്ടിനു പരുക്കുണ്ട്. മലയോര ഹൈവേയുടെ നിർമാണം ഇഴഞ്ഞു നീങ്ങുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ സംഭവം. പലയിടത്തും ഓടയുടെ സ്ലാബുകൾ ഇളകിയ നിലയിലോ, പൂർണമായി സ്ഥാപിക്കാത്ത നിലയിലോ ആണ്.
താലൂക്ക് വികസന സമിതിയിലും, അല്ലാതെയും വ്യാപാരികളും രാഷ്ട്രീയ നേതാക്കളും ഈ വിഷയം പല തവണ ചൂണ്ടിക്കാട്ടിയിരുന്നു. റോഡിൽ പള്ളിമുക്ക് മുതൽ ടൗൺ അതിർത്തിയായ കല്ലുംകടവു വരെയാണ് ഈ രീതിയിൽ റോഡ് നിർമാണവും ഓട നിർമാണവും മന്ദഗതിയിൽ നീങ്ങുന്നത്. ഹർഷവർധൻ അപകടത്തിൽപെട്ട സ്ലാബിന്റെ വിടവു പിന്നീടു കരാറുകാരന്റെ ജീവനക്കാരെത്തി അടച്ചു.