ADVERTISEMENT

കൊല്ലം ∙ വ്രതശുദ്ധിയുടെ റമസാൻ നാളുകൾ അവസാനിക്കാറായതോടെ പെരുന്നാൾ ഒരുക്കങ്ങൾ എങ്ങും സജീവം. ആത്മീയതയുടെയും വിശുദ്ധിയുടെയും നോമ്പു കാലത്തിന് പരിസമാപ്തി കുറിക്കുന്നതോടെ നവീകരിക്കപ്പെട്ട മനസ്സും ശരീരവുമായി വിശ്വാസികൾ പെരുന്നാളിനെ വരവേൽ‍ക്കും. സാഹോദര്യത്തിന്റെ ആഘോഷങ്ങളിലൂടെയും സ്നേഹത്തിന്റെ പ്രാർഥനകളിലൂടെയും ചെറിയ പെരുന്നാളിനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ ഓരോരുത്തരും.

മൈലാഞ്ചിയിട്ടും പുത്തൻ ഉടുപ്പുകളണിഞ്ഞും ആഘോഷങ്ങൾക്കു പകിട്ടേകാൻ കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം. വിഭവ സമൃദ്ധമായ വിരുന്ന് ഒരുക്കിയും പ്രിയപ്പെട്ടവരെ സൽക്കരിച്ചും സാഹോദര്യത്തിന്റെ ദിനം കൂടിയായി മാറും പെരുന്നാൾ ദിവസം. പെരുന്നാളിന്റെ സന്തോഷ ദിവസം ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യവുമായി ഫിത്ർ സകാത്ത് നൽകുന്ന ചടങ്ങും പെരുന്നാൾ രാവിന്റെ പ്രത്യേകതകളിലൊന്നാണ്. പെരുന്നാൾ എത്തിയതോടെ കച്ചവട സ്ഥാപനങ്ങളിലും വലിയ തിരക്കാണ്. വസ്ത്രക്കടകളിലാണ് പെരുന്നാൾ വിപണിയുടെ തിരക്ക് ആദ്യമെത്തിയത്. ഫാൻസി, ചെരിപ്പ്, പലചരക്ക് കടകളിലും തിരക്കു  തുടങ്ങിക്കഴിഞ്ഞു. 

കടുത്ത ചൂട് നിലനിൽക്കുന്നതിനാൽ രാത്രിയിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. വഴിയോര കച്ചവടവും മികച്ച രീതിയിൽ നടക്കുന്നുണ്ട്.റമസാൻ നോമ്പ് അവസാന ഘട്ടത്തിലെത്തിയതോടെ പള്ളികളിലും ആത്മീയ വേദികളിലും തിരക്കേറി.  അവസാന പത്തിലെ ഓരോ നിമിഷവും പുണ്യ പ്രവൃത്തികൾ കൊണ്ടു സമ്പന്നമാക്കി റമസാനിന്റെ പുണ്യം നുകരുകയാണ് വിശ്വാസികൾ. സൗഹാർദത്തിന്റെ കൂട്ടായ്മകളുമായി നോമ്പ് തുറകളും ഇഫ്താർ സംഗമങ്ങളും ഈ മാസം സജീവമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവായതിനാൽ വിപുലമായ ഈദ്ഗാഹ് പരിപാടികളും ഇത്തവണ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com