ADVERTISEMENT

കൊല്ലം∙ ഓറഞ്ചും ഗോൾഡനും വേഷമിട്ടു ചിലങ്ക കെട്ടിയ ഒൻപത് സുന്ദരികൾ വേദിയിൽ അണിനിരന്നു. ഇളം ലാവൻഡർ നിറത്തിലുള്ള യൂണിഫോമിൽ മാത്രം അവരെ കണ്ടു ശീലമുള്ള അവരുടെ സഹപ്രവർത്തകർ കൗതുകത്തോടെ പറഞ്ഞു,‘‘ദേ, നോക്കിയേ നമ്മുടെ സിസ്റ്റർമാർ’’. ജില്ലാ ആശുപത്രിയിലെ അൻപതു വയസ്സു പിന്നിട്ട ഒൻപത് സീനിയർ നഴ്സിങ് ഓഫിസേഴ്സിനു നൃത്ത അരങ്ങേറ്റം എന്നതു സ്വപ്നത്തിൽ പോലുമില്ലായിരുന്നു.

ഒരു വേദിയില്ലെങ്കിലും നൃത്തം ചെയ്യണമെന്ന അതിയായ മോഹം അവരെ എത്തിച്ചത് സിഎംഐ കൻവൻഷൻ സെന്ററിൽ നടന്ന നഴ്സസ് വാരാഘോഷത്തിന്റെ സമാപന സമ്മേളന വേദിയിലാണ്. ക‍ൂട്ടത്തിൽ ഏറ്റവും നൃത്തപ്രിയയായ സുരഭി മോഹൻ തന്റെ ആഗ്രഹം സഹപ്രവർത്തകരോടു പങ്കുവച്ചതാണ് തുടക്കം. എന്നാലൊരു കൈ നോക്കാമെന്നു പറഞ്ഞു ന‍ൃത്തം പഠിക്കാനുള്ള ആവേശമായി.

എംഎ ഭരതനാട്യം കഴിഞ്ഞ സുരഭിയുടെ മകൾ ആവണിയും നർത്തകിയും നഴ്സിങ് വിദ്യാർഥിയുമായ മകൾ അൽക്കയും ചേർന്ന് ഒൻപതു അമ്മമാർക്കും ഭരതനാട്യത്തിന്റെ അടവുകളും മുദ്രങ്ങളും പഠിപ്പിച്ചു കൊടുത്തു. ജനുവരി മുതൽ പരിശീലനം നടത്തി നഴ്സസ് ദിനത്തിൽ അരങ്ങേറാൻ ഒരുങ്ങുമ്പോൾ എല്ലാവർക്കും ഉള്ളിൽ ഭയം. നഴ്സിങ് വിദ്യാർഥികളുൾപ്പടെയുള്ള വേദിയിൽ നൃത്തം അവതരിപ്പിച്ചാൽ നന്നാവുമോ, തെറ്റിച്ചാലോ, ഓർമയിൽ നിൽക്കുമോ. ഭയങ്ങളെയെല്ലാം മറികടക്കാൻ കുടുംബങ്ങളും, മറ്റു സഹപ്രവർത്തകരും കൂടെ നിന്നു.

ഓവർ ടൈം ചെയ്തും ‍‍ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്തും ഉച്ചയ്ക്കു പ്രാക്ടീസിനായി സമയം മാറ്റി വച്ചും പ്രയത്നിച്ചവർക്കു നിരാശരായി മടങ്ങേണ്ടി വന്നില്ല. കയ്യടികളും ആർപ്പുവിളികളുമായി ആവേശത്തോടെ കാണികൾ നൃത്തം ആസ്വദിച്ചു. ബിജിമോൾ, ബിന്ദു മോഹൻ, ചെമ്പരത്തി, എ.പി ഗീത, കവിത, ലതിക, സുരഭി മോഹൻ, പി. ഷൈനി, വസന്തകുമാരി, ഉഷാകുമാരി എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്. പരീശിലനവും പരിപാടികളും തുടരുമെന്നുറപ്പിച്ചാണവർ മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com