ADVERTISEMENT

മനോരമ കഴിഞ്ഞ ദിവസം നടത്തിയ അരുത് ലഹരി ഫോൺ ഇൻ പരിപാടിയിലേക്കു വിളിച്ചവർ ഒന്നടങ്കം പറയുന്നു, ‘‘ലഹരിക്കെതിരെ ശക്തമായി പോരാടണം, ശക്തമായ നടപടി വേണം’’.ലഹരിയുടെ ദുരനുഭവങ്ങളിലൂടെ കടന്നു പോയവർ പറയുന്നു...

നിർത്തിയിട്ടും സമാധാനമില്ല, ജീവിക്കാൻ സമ്മതിക്കുന്നില്ല

ചെറുപ്രായം മുതൽ കഞ്ചാവ് ഉപയോഗിച്ച തനിക്കു ലഹരി ഉപയോഗം നിർത്തിയിട്ടും സമാധാനത്തോടെ ജീവിക്കാനാവുന്നില്ലെന്ന പരാതിയുമായാണു കൊല്ലം കല്ലുംതാഴം സ്വദേശി വിളിച്ചത്. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ഇദ്ദേഹം. പ്രദേശത്ത് വളരെ സ്വാധീനമുള്ള പ്രാദേശിക ജനപ്രതിനിധിയുടെ ബന്ധുവിന്റെ നേതൃത്വത്തിൽ നാട്ടിലെ കൗമാരക്കാരടക്കം എല്ലാവരെയും ലഹരിക്കടിമയാക്കുന്നുവെന്ന വിവരം ഇയാൾ പങ്കുവച്ചു.

കഞ്ചാവും രാസലഹരിയുമെല്ലാം കൺമുൻപിൽ കൈമാറ്റം ചെയ്യുന്നതു കണ്ടിട്ടും അനങ്ങാത്ത പൊലീസ് ഉദ്യോഗസ്ഥർക്കും പേടിച്ചു പ്രതികരിക്കാത്ത നാട്ടുകാർക്കുമിടയിൽ ഏതു നിമിഷവും ആക്രമിക്കപ്പെടുമോയെന്ന ഭയത്തിലാണ് ഇയാൾ ജീവിക്കുന്നത്. പൊലീസിനു വിവരം ചോർത്തിയെന്ന പേരിൽ മൂന്നു മാസങ്ങൾക്കു മുൻപ് ലഹരി സംഘം ആക്രമിച്ചു പരുക്കേൽപിച്ചിരുന്നു. ഇനി പ്രതികരിച്ചാൽ അടുത്ത ലഹരി കേസിൽ കുടുക്കുമെന്ന ഭീഷണിയും. വ്യാപകമായി ലഹരി വിൽപന നടത്തുന്ന ഈ സംഘത്തിന്റെ പേരും വിവരങ്ങളും അറിയാമെങ്കിലും പൊലീസിനോടു പറയാൻ ഭയമാണ്.

സ്കൂളുകളിൽ പ്രത്യേകം ശ്രദ്ധ വേണം, നടപടിയും

 സ്കൂൾ കുട്ടികളെ ലഹരിക്കെണിയിൽ വീഴ്ത്താൻ തക്കം നോക്കിയിരിക്കുന്നവരൈ പേടിച്ചാണു പുത്തൂർ സ്വദേശിനി ജീവിക്കുന്നത്. എന്നും മകൻ സ്കൂളിൽ പോയി വരുന്ന വരെ ആശങ്കയാണ്. കഴിഞ്ഞ വർഷം മകൻ പഠിക്കുന്ന പുത്തൂരിലെ ഒരു സർക്കാർ സ്കൂളിൽ കുട്ടികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് അധ്യാപകർ കണ്ടെത്തി. തുടർന്നു നടന്ന അന്വേഷണത്തിലാണു സ്കൂളുകളുടെ അരികിൽ ചെറിയ കടകളിലും സ്കൂളിൽ പഠിച്ചിറങ്ങിയ സീനിയർ കുട്ടികൾ വഴിയും ഇത് കുട്ടികൾക്കെത്തിച്ചു നൽകുന്നുവെന്നു മനസ്സിലായത്.

പതിനഞ്ചു വയസ്സു പോലുമാകാത്ത കുട്ടികൾ പോലും സിഗററ്റും  പാൻ ഉൽപന്നങ്ങളും ഉപയോഗിക്കുന്നു. തന്റെ സഹപാഠികൾ ഇതെല്ലാം ചെയ്യുന്നവരാണെന്നു മകൻ പറയുമ്പോൾ ഈ അമ്മയ്ക്കും തീയാണ്. ആ വലയിൽ മകനും അകപ്പെട്ടാലോ! സ്കൂളിലേക്കു പോകുന്ന മക്കൾ സുരക്ഷിതരാവണമെങ്കിൽ സ്കൂൾ അധികൃതരും പൊലീസും ഒറ്റക്കെട്ടായി കർശന പരിശോധന നടത്തണമെന്നും അടുത്ത അധ്യയന വർഷമെങ്കിലും സ്കൂളുകൾ ലഹരിമുക്തമാകണമെന്നും പ്രതീക്ഷിക്കുന്ന ഒരുപാട് രക്ഷിതാക്കളുടെ പ്രതിനിധിയായിരുന്നു ആ അമ്മ.

പ്രതിരോധ മതിൽ തകർക്കാൻ നീക്കം

കൊല്ലത്തെ വടക്കൻ പ്രദേശത്തു ലഹരിക്കെതിരെ ഒരു സംഘം സ്ത്രീകൾ പ്രതിരോധ മതിൽ തീർക്കാൻ തുനിഞ്ഞിറങ്ങിയിട്ടും രക്ഷയില്ല. അത്രയേറെ അവരുടെ നാട് ലഹരിയുടെ പിടിയിലായി കഴിഞ്ഞുവെന്നു സംഘത്തിൽപെട്ട സ്ത്രീകളിലൊരാൾ  പരാതിപ്പെട്ടു.  പ്രദേശത്തെ ആരാധനാലയങ്ങൾക്കു സമീപം മദ്യ വാറ്റും കഞ്ചാവു വിൽപനയും സജീവം. കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പിനു പോകുന്ന സ്ത്രീകളും കശുവണ്ടി തൊഴിലാളികളായ സ്ത്രീകളും അധ്യാപികമാരും ഒത്തു ചേർന്നു പരാതികൾ നൽകി ലഹരി വിൽപനയുടെ തലവനെതിരെ ഉയർന്ന എക്സൈസ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചിട്ടും ഫലമുണ്ടായില്ല. വെളുപ്പിനു മുതൽ പാതിരാത്രി വരെ മദ്യക്കുപ്പികൾ വിൽക്കുന്ന വീടുകളുണ്ടത്രെ ഇവിടെ. മദ്യഷോപ്പുകളിൽ കിട്ടുന്നതിനെക്കാളും 200–300 രൂപ കൂടിയാലും ക്യൂ നിൽക്കാതെ വീട്ടുപടിക്കൽ സാധനം ലഭിക്കും. വളർന്നു വരുന്ന കുട്ടികളെങ്കിലും ലഹരിക്ക് അടിമപ്പെടാതിരിക്കാനായുള്ള ഈ അമ്മമാരുടെ പോരാട്ടത്തിനു കരുത്തേകേണ്ട അധികൃതരും മൗനം പാലിക്കുന്നുവെന്നും അവർ പറഞ്ഞു.

ശിഥിലമാകുന്ന കുടുംബങ്ങൾ

വർഷങ്ങൾ നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിച്ച കുളപ്പാടം സ്വദേശിനി അക്കാലമത്രയും സഹിച്ച വേദനകൾക്കെല്ലാം ഉത്തരവാദി ലഹരിയായിരുന്നു. മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ട ഭർത്താവ്, തന്നെ ഒരു മനുഷ്യജീവിയായി പോലും കണ്ടിരുന്നോയെന്നു സംശയം. ലഹരിയിൽ മുങ്ങിയ അയാൾ പലപ്പോഴും മൃഗമായി മാറി. ശാരീരികമായും മാനസികമായും നിരന്തര പീഡനം. കിട്ടുന്ന തുച്ഛമായ വരുമാനം മുഴുവൻ മദ്യശാലയിലോ കഞ്ചാവ് വിൽപനക്കാരനോ കൊടുക്കും. രണ്ടു മക്കളെ പോറ്റാനായി ഒരു കട തുടങ്ങിയപ്പോൾ അവിടെയും ബഹളം. ഉപജീവനത്തിനായി പുറത്തിറങ്ങുന്നതിനു സംശയം. ഇത് അവരുടെ മാത്രം കഥയല്ല, പ്രദേശത്ത് ഇത്തരം ദുരിതമനുഭവിക്കുന്ന ഭയത്താൽ എല്ലാം സഹിച്ചു ജീവിക്കുന്ന ഒട്ടേറെ സ്ത്രീകളുണ്ട്; കുടുംബത്തിന്റെ ആവശ്യങ്ങൾക്കെല്ലാം തനിച്ചു കഷ്ടപ്പെടുന്നവർ. റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ചു നടക്കുന്ന കഞ്ചാവ് വിൽപനയ്ക്കെതിരെ എണ്ണമറ്റ പരാതികൾ ഇവർ കൊടുത്തിട്ടും അധികൃതർക്കും അനക്കമില്ല.

അതിർത്തികളിൽ അതിരില്ലാതെ

പത്തനംതിട്ട– കൊല്ലം അതിർത്തിയിൽ കുന്നത്തൂർ ഏഴാം മൈൽ ഭാഗത്തു കഞ്ചാവ് വിൽപന അനിയന്ത്രിതമാണെന്നു നാട്ടുകാരൻ. തിരക്കുള്ള സ്ഥലത്തിനു തൊട്ടടുത്തു തന്നെ പെട്ടിക്കടയുടെ മറവിലാണു വിൽപന. ബസുകാരും ലോറി ഡ്രൈവർമാരും കോളജ് വിദ്യാർഥികളുമെല്ലാം ഉപഭോക്താക്കളാണ്. കടയിൽ വരുന്ന മറ്റാളുകൾ കാണാതിരിക്കാൻ നിലത്തു ടൈലിന്റെ അടിയിലാണു കഞ്ചാവു സൂക്ഷിക്കുന്നതെന്നും പലർക്കുമറിയാം. പൊലീസ് ഉൾപ്പെടെ വന്നു വാങ്ങുന്നതിനാൽ പരാതി ആരോടു പറയുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. പല രാത്രിയും കാറിൽ വന്നിറങ്ങി വലിയ തോതിൽ കഞ്ചാവു കടയിൽ വയ്ക്കുന്നതും കാണാമെന്നുറപ്പിച്ചു പറയുന്നു. അതിർത്തികളിലെ കടകൾ വഴി നടക്കുന്ന വിൽപന തടഞ്ഞില്ലെങ്കിൽ നാട്ടിലും മറ്റു ജില്ലയിലേക്കും വ്യാപക ലഹരി  വിൽപന നടക്കുമെന്ന ഭീതിയായിരുന്നു അദ്ദേഹത്തെ അലട്ടുന്നത്.

ഉറക്കം നടിക്കുകയോ അധികൃതർ?

കണ്ണനല്ലൂർ മേഖലയിലെ സർക്കാർ സ്കൂളിനു സമീപത്തെ ഒരു വീടു കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി വിൽപന പൊലീസും അറിഞ്ഞു കൊണ്ടാണെന്നു ആ നാട്ടുകാരൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്ത് അംഗം ഉൾപ്പെടെ ഒത്താശ ചെയ്യുന്നു.  പ്രമുഖ മെഡിക്കൽ കോളജിലെ വിദ്യാർഥികളും ജീവനക്കാരുമടക്കം രാവെന്നോ പകലെന്നോ ഇല്ലാതെ കഞ്ചാവും രാസലഹരിയും വാങ്ങാനെത്തുകയും തിരക്കുണ്ടാക്കുകയും ചെയ്തിട്ടും പരിശോധന നടത്താൻ എക്സൈസോ പൊലീസോ തയാറാകുന്നില്ല. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com