ADVERTISEMENT

ഇടമുളയ്ക്കൽ  ∙ പകൽ വീട്ടുടമയുടെ മകനെ കത്തികാട്ടി ബന്ദിയാക്കി അലമരയിൽ സൂക്ഷിച്ചിരുന്ന പണം നാലംഗ മുഖംമൂടി സംഘം മോഷ്ടിച്ചു കടന്നതായി പരാതി. 23 ലക്ഷം രൂപ നഷ്ടമായതായി വീട്ടുകാർ പറയുന്നു. മുറികളിൽ മുഴുവൻ മുളകുപൊടി വിതറിയ ശേഷമാണ് മോഷണ സംഘം ഇവിടെ നിന്നു പോയത്. ഇടമുളയ്ക്കൽ വാഴോട്ട് നസീറിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മോഷണം നടന്നത്. ഈ സമയം നസീറിന്റെ ഭാര്യ ഷീനയും മകൻ ഷിബിൻഷയും ഒരു ബന്ധുവുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷീനയും ബന്ധുവും അടുക്കളയിലായിരുന്നു. ഇരുനില വീടിന്റെ മുകൾ നിലയിൽ നിന്നാണ് അക്രമി സംഘം ഇറങ്ങി വന്നതെന്നും ഇതിനു ശേഷം അടുക്കളയിൽ നിന്നു മുറിയിലേക്ക് ഇറങ്ങുന്ന വാതിൽ പൂട്ടിയതായും പറയുന്നു.

കത്തി കഴുത്തിൽവച്ച് അലമാരയുടെ താക്കോൽ എടുത്തു തരാൻ ആവശ്യപ്പെട്ടു. ഇതു നിരസിച്ചപ്പോൾ ആക്സോ ബ്ലേഡ് ഉപയോഗിച്ചു തന്റെ കയ്യിൽ മൂന്നിടത്തായി വരഞ്ഞതായി ഷിബിൻഷ പറയുന്നു. താക്കോൽ ഇരിക്കുന്ന ഭാഗം കാട്ടിക്കൊടുത്തപ്പോൾ ഇതുപയോഗിച്ച് അലമാര തുറന്നു പണം എടുത്തു. പോകുന്നതിനു മുൻപ് അലമാര തന്റെ പുറത്തു കൂടി മറിച്ചിടുകയും മുറികളിൽ മുളകുപൊടി വിതറുകയും ചെയ്തു. മുകൾ നിലയിലെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയതെന്നാണു പറയുന്നത്. മോഷണ സംഘം പോയ ശേഷം വീട്ടുകാരുടെ നിലവിളി കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. അടുക്കളയിൽ നിന്നു മുറിയിലേക്കു പ്രവേശിക്കുന്ന വാതിൽ ചവിട്ടി പൊളിച്ച ശേഷം അകത്തു കയറി അലമാരക്കടിയിലായി‌രുന്ന ഷിബിൻഷയെ രക്ഷിക്കുകയായിരുന്നു.

മോഷണ സംഘം ബിയർ കുപ്പി ഉപയോഗിച്ചു തലയ്ക്ക് അടിച്ചതായും പറയുന്നു. അഞ്ചലിൽ നസീറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കടമുറി വിൽപന നടത്തിയതിനു അഡ്വാൻസ് ലഭിച്ച തുകയാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്. മോഷണം നടന്നതായുള്ള പരാതിയിൽ ദുരൂഹതയുള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അഞ്ചൽ പൊലീസ് കേസെടുത്തു. വിരലടയാള, സയന്റിഫിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തു പരിശോധന നടത്തി. റൂറൽ എസ്പി എം.എൽ.സുനിൽ, പുനലൂർ ഡിവൈഎസ്പി ബി.വിനോദ്, അഞ്ചൽ ഇൻസ്പെക്ടർ ഗോപകുമാർ, എസ്ഐ പ്രജീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തു പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com