ADVERTISEMENT

കൊട്ടാരക്കര∙ ജൂഡ് യാത്രയായി.പക്ഷേ കണ്ണുകൾ ഇനിയും ലോകം കാണും. അമേരിക്കയിലെ ഫിലഡൽഫിയയിൽ അക്രമിയുടെ വെടിയേറ്റു മരിച്ച കൊല്ലം സ്വദേസി ജൂഡിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. തലയ്ക്ക് തുളച്ചു കയറിയ വെടിയുണ്ട മറ്റ് അവയവങ്ങൾക്ക് ക്ഷതം വരുത്തിയിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. 

ജൂഡിന്റെ പിഞ്ചുബാല്യകാലത്തെ ചിരിയും കളിയും നിറഞ്ഞ കിഴക്കേത്തെരുവ് ഐപ്പള്ളൂർ കിഴക്കേവീട്ടിലേക്ക്  ഇടിത്തീ പോലെയാണ് 'നമ്മുടെ ജൂഡ് പോയി’ എന്ന ഫോൺ സന്ദേശം എത്തിയത്. വിവരം അറിയിച്ചതാകട്ടെ അമ്മ ആശയും. വിവരം പറഞ്ഞ മാത്രയിൽ ഫോൺ വിളിയും കട്ട് ആയി. പകച്ചു പോയ മുത്തശി മേഴ്സി മാത്യുവിനെ മക്കളായ അനിതയും ആജനും ചേർന്ന് സാന്ത്വനിപ്പിച്ചു. ഒരു മാസം മുൻപ് കിഴക്കേവീട്ടിൽ‍ ഒത്തു കൂടിയിരുന്നു എല്ലാവരും. പഠനത്തിരക്കിലായതിനാൽ ജൂഡിന് എത്താൻ കഴിഞ്ഞിരുന്നില്ല. 

ജൂഡ് ജനിച്ചത് ഫിലാഡൽ‌ഫിയയിലാണ്. പിറന്ന് അധികം കഴിയും മുൻപേ മുത്തശി മേഴ്സി മാത്യു ജൂഡുമായി ഫിലഡൽഫിയയിൽ നിന്നു നാട്ടിലെത്തി. രണ്ടേകാൽ വർഷം കുഞ്ഞിനെ പരിചരിച്ചു. പിന്നീട് മുത്തശിയോട് ടാറ്റാ പറഞ്ഞ് മാതാപിതാക്കൾക്കൊപ്പം ഫിലഡൽഫിയയിലേക്ക് തിരികെ പോയി. പിന്നീട് 4 തവണ നാട്ടിലെത്തി മുത്തശ്ശിയെ കണ്ടു. 2015ലായിരുന്നു അവസാനം വന്നത്. മുത്തച്ഛൻ കൊച്ചുമ്മന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ‘മുത്തശ്ശിയെന്നാൽ ജൂഡിനു പ്രാണനായിരുന്നു. ഇടയ്ക്കിടെ  ഫോണിൽ വിളിക്കും’– എൺപത്തിനാലുകാരിയായ മേഴ്സിയുടെ കണ്ണ് നിറഞ്ഞു.

കൊച്ചുമ്മന്റെയും മേഴ്സിയുടെയും ഇളയമകളാണ് ആശ ചാക്കോ. കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് ആശയും ഭർത്താവും മൂത്തമകൾക്കൊപ്പം നാട്ടിൽ എത്തിയത്. ആശയെ സ്വീകരിക്കാൻ ജ്യേഷ്ഠൻ ആജൻ കെ.ഉമ്മനും, ജ്യേഷ്ഠത്തി അനിത കെ.ഉമ്മനും ഉണ്ടായിരുന്നു. മസ്ക്കത്തിൽ താമസിക്കുന്ന ആജനും, തിരുവനന്തപുരത്ത് അധ്യാപികയായ അനിതയും അനുജത്തിയെയും കു‍ടുംബാംഗങ്ങളെയും കാണാനും ഒപ്പം താമസിക്കുവാനും എത്തുകയായിരുന്നു.‍ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com