ADVERTISEMENT

കൊല്ലം∙ കവിത ചൊല്ലിയും പ്രച്ഛന്നവേഷം കെട്ടിയും അരങ്ങിന്റെ ശ്രീ ആയി കുടുംബശ്രീ പ്രവർത്തകർ നിറഞ്ഞു. തിരുവാതിരയും ഒപ്പനയും മൂകാഭിനയവും ശിങ്കാരിമേളവും അരങ്ങിൽ നിറഞ്ഞപ്പോൾ കയ്യടിച്ചു കാണികളുടെ പിന്തുണ. മികവിന്റെ വേദിയായി മാറുകയായിരുന്നു ജില്ലാ കുടുംബശ്രീ കലോത്സവം. 

അൻപത്തിയെട്ടാം വയസ്സിലും നാടോടി നൃത്തത്തിന്റെ ചടുലചലനങ്ങളുമായി ഇടമുളയ്ക്കലിൽ നിന്നെത്തിയെ ശാന്തമ്മ മുതൽ സംഗീതത്തിൽ ബിരുദമുള്ള കരുനാഗപ്പള്ളിയിലെ ശ്രുതി വരെ 311 പേരാണ് കലോത്സവത്തിൽ മാറ്റുരച്ചത്. സ്വന്തമായി മേക്കപ്പിട്ട് സ്വയം ചിട്ടപ്പെടുത്തിയ ഗാനവുമായാണ് നാടോടി നൃത്തവേദിയിൽ, ബേബി അറയ്ക്കൽ എന്ന പേരിൽ അറിയപ്പെടുന്ന ശാന്തമ്മ നിറഞ്ഞാടിയത്. ഒന്നാം സ്ഥാനവും  നേടി.

മൂന്നു വേദികളിലായി ലളിതഗാനം, കവിതാ പാരായണം, പ്രസംഗം (ഹിന്ദി, ഇംഗ്ലിഷ്), സംഘഗാനം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, വയലിൻ,  മരം കൊട്ടുപാട്ട് തുടങ്ങിയ 40  ഇനങ്ങളിൽ ആയിരുന്നു മത്സരം. ഒന്നാം സ്ഥാനം ലഭിച്ചവർ  ജൂൺ 2 മുതൽ 4വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന കുടുംബശ്രീ കലോത്സവത്തിൽ പങ്കെടുക്കും.

ഓവറോൾ നേടി കൊട്ടാരക്കര

ജില്ലാ കുടുംബശ്രീ കലോത്സവത്തിൽ 91 പോയിന്റ് നേടിയ കൊട്ടാരക്കര താലൂക്കിന് ഓവറോൾ കിരീടം. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലി ഭാഗം കലോത്സവം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ.വിമൽചന്ദ്രൻ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ സി.ഡി.ആതിര, എ.അനീസ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com