മദ്യപാനം തടയാൻ ശ്രമിച്ച വിരോധത്തിൽ കൊലപാതക ശ്രമം: പ്രതി അറസ്റ്റിൽ
Mail This Article
പരവൂർ∙ മദ്യപാനം തടയാൻ ശ്രമിച്ച വിരോധത്തിൽ യുവാവിനെയും സുഹൃത്തിനെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ, കൂനയിൽ, സ്നേഹാലയം വീട്ടിൽ സുജിത്താണ് (36) പരവൂർ പൊലീസിന്റെ പിടിയിലായത്.പൂതക്കുളം, അജയ് നിവാസിൽ, ആദർശിനെയും സുഹൃത്ത് സുനീതിനേയുമാണ് കുത്തി പരുക്കേൽപിച്ചത്. പരവൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷ ജീവനക്കാരനാണ് ആദർശിന്റെ പിതാവ്. കഴിഞ്ഞ വെള്ളി രാത്രി 10.30നു സഥാപനത്തിലെ സുരക്ഷ റൂമിന് സമീപം ആദർശിന്റെ പിതാവും പ്രതിയായ സുജിത്തും ചേർന്ന് മദ്യപിച്ചു. ഇത് ആദർശും സുഹൃത്തായ സുനീതും ചേർന്ന് ചോദ്യം ചെയ്യുകയും ഇവരെ തടയാനും ശ്രമിച്ചപ്പോൾ സുജിത്ത് ഇവരെ ആക്രമിച്ച് പരുക്കേൽപിക്കുകുമായിരുന്നു.
ആദർശിന്റെ മുഖത്ത് ഇടിച്ച പ്രതി കത്തി കൊണ്ട് നെഞ്ചിൽ കുത്തി പരുക്കേൽപിച്ചു. തടയാൻ ശ്രമിച്ച സുനീതിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സുനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്ഐ നിതിൻ നളൻ, എഎസ്ഐമാരായ രമേശൻ, അജയൻ, എസ്‌സിപിഒ റലേഷ് ബാബു, സിപിഒ ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.