കൊല്ലം ∙ കേന്ദ്രസർക്കാർ പദ്ധതികൾ പിണറായി വിജയന്റെ ഫോട്ടോ അച്ചടിച്ചു കേരളത്തിന്റേതാക്കി മാറ്റുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇനി മുതൽ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ പ്രത്യേകമായി നൽകും. നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ചു ഒരു മാസം നീളുന്ന ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഈടു വച്ചു കേരളത്തെ കടക്കെണിയിലാക്കുകയാണ് സംസ്ഥാന സർക്കാർ. രാജ്യത്ത് തൊഴിലില്ലായ്മ കുറയുമ്പോൾ കേരളത്തിൽ തൊഴിലില്ലായ്മ വിസ്ഫോടനമാണ് നടക്കുന്നത്. കിലോയ്ക്ക് 32 രൂപ വിലയുള്ള റേഷൻ അരിക്ക് കേന്ദ്രം 29 രൂപയാണ് ചെലവഴിക്കുന്നത്. കേരളമാകട്ടെ 3 രൂപ മാത്രവും.
കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവൻ പദ്ധതി, സൗജന്യ വൈദ്യുതി തുടങ്ങിയവയെല്ലാം കേന്ദ്ര പദ്ധതികളാണ്. രാഹുൽ ഗാന്ധിക്കു പാർലമെന്റിൽ പോകാൻ കഴിയാത്തതു കൊണ്ട് ഒരു കോൺഗ്രസുകാരനും കയറേണ്ട എന്ന കരുതിയാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. 9 പേർക്ക് ചടങ്ങിൽ ചക്രക്കസേര വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. വി.ടി.രമ, മുൻ ജില്ലാ പ്രസിഡന്റ് കെ.ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.ശ്രീകുമാർ, സുരേന്ദ്രനാഥ്, രാജേശ്വരി രാജേന്ദ്രൻ, , സെക്രട്ടറിമാരായ കെ.ആർ.രാധാകൃഷ്ണൻ, എസ്.സുനിൽകുമാർൽ മന്ദിരം ശ്രീനാഥ്, വി.എസ്.ശാലു, ദീപ സഹദേവൻ, കൃപ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.