ADVERTISEMENT

ചാത്തന്നൂർ∙ ദേശീയപാതയിൽ നിന്നും വർക്കല ശിവഗിരി റോഡ് ആരംഭിക്കുന്ന പാരിപ്പള്ളി മുക്കടയിൽ അടിപ്പാത നിർമിക്കാൻ സാധ്യത.  7 മീറ്റർ‌ വീതിയിലായിരിക്കും അടിപ്പാത നിർമിക്കുക. ഇതോടെ കൊല്ലം ഭാഗത്തു നിന്നും  ദേശ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ീയപാതയിലൂടെ വരുന്നവർക്കു നേരിട്ടു  വർക്കല ശിവഗിരി റോഡിലേക്കു പ്രവേശിക്കാൻ കഴിയും.

 

പ്രധാന തീർഥാടന കേന്ദ്രമായ ശിവഗിരിയിലേക്കുള്ള പാരിപ്പള്ളി- വർക്കല ശിവഗിരി സംസ്ഥാന പാത കെട്ടി അടച്ചു ദേശീയപാത നിർമിക്കുന്നതിനെതിരെ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് മുക്കടയിൽ അടിപ്പാത നിർമാണത്തിനു സാധ്യത തെളിഞ്ഞത്. ശിവഗിരി പാത കെട്ടി അടയ്ക്കുന്നത് സംബന്ധിച്ചു ‘മനോരമ’ നേരത്തെ വാർത്ത നൽകിയിരുന്നു. തീർഥാടന കേന്ദ്രമായ ശിവഗിരിയിലേക്ക് ജില്ലയിൽ നിന്നുള്ള പ്രധാന പാതയായ പാരിപ്പള്ളി ശിവഗിരി സംസ്ഥാന പാത കെട്ടി അടയ്ക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ശിവഗിരി മഠം ഉൾ‌പ്പെടെ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതേ തുടർന്നു ദേശീയപാത അതോറിറ്റി അധികൃതർ  മുക്കടയിൽ അടിപ്പാത നിർമിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ്  അടിപ്പാത നിർമാണത്തിന് സാധ്യത തെളിഞ്ഞത്. 7 കോടിയോളം രൂപ അധികച്ചെലവ് വരുമെന്നാണ് കണക്ക്. 

 ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയും മറ്റും  പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. പാരിപ്പള്ളി-ശിവഗിരി റോഡ് സംരക്ഷണ സമിതി സമര രംഗത്തായിരുന്നു. എൻ.െക.പ്രേമചന്ദ്രൻ എംപി ദേശീയപാത വികസന അതോറിറ്റി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. മറ്റ് നിരവധി സംഘടനകളും രംഗത്ത് എത്തിയിരുന്നു.  

മുക്കടയിൽ അടിപ്പാത ഇല്ലാതെ റോഡ് കെട്ടി അടയ്ക്കുന്നതോടെ ശിവഗിരി, കേരളത്തിലെ പ്രധാന പിതൃതർപ്പണ കേന്ദ്രമായ വർക്കല പാപനാശം, വിനോദ സഞ്ചാര കേന്ദ്രമായ വർക്കല ബീച്ച് എന്നിവിടങ്ങളിലേക്കുള്ള വഴി അടയുമായിരുന്നു. വടക്കൻ കേരളത്തിൽ നിന്നുള്ള ഉൾപ്പെട ശിവഗിരി പദയാത്രകളും തീർഥാടകരും പാരിപ്പള്ളി മുക്കട വഴിയാണ് ശിവഗിരിയിലേക്ക് എത്തുന്നത്. 

നിലവിൽ പാരിപ്പള്ളി-വർക്കല പാത സംസ്ഥാന ഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തി 35 കോടി രൂപ ചെലവിൽ 12 മീറ്റർ‌ വീതിയിൽ വികസിപ്പിക്കുന്ന പ്രവർത്തനം നടക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com