ADVERTISEMENT

പുനലൂർ ∙ കാത്തിരിപ്പ് കേന്ദ്രത്തിൽ ലോറി ഇടിച്ചു കയറി ഡ്രൈവറും മറ്റൊരാളും മരിക്കുകയും ലോറി ഉടമ ആന്ധ്ര പ്രദേശിൽ ആത്മഹത്യ ചെയ്യുകയും ലോറി സ്ഥലത്തു നിന്ന് മാറ്റാതിരിക്കുകയും ചെയ്തതിലൂടെ വാർത്തകളിൽ ഇടം നേടിയ ‘വിവാദ ലോറി’ ഒടുവിൽ 408 ദിവസത്തിനു ശേഷം നാട്ടുകാർ ബിരിയാണി ചാലഞ്ച് നടത്തി സമാഹരിച്ച പണം ഉപയോഗിച്ച് എടുത്ത് മാറ്റി.

എൻ.കെ.പ്രേമചന്ദ്രൻ എംപി അനുവദിച്ച ഫണ്ട് കൊണ്ട് കൊല്ലം–തിരുമംഗലം ദേശീയ പാതയിൽ കലയനാട് താമപ്പള്ളി ജംക്‌ഷനിൽ നിർമിച്ച കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് 2022 ഏപ്രിൽ 16നാണ് ലോറി ഇടിച്ചു കയറിയത്. കേരളത്തിൽ ചരക്ക് ഇറക്കി മടങ്ങി ആന്ധ്രയിലേക്ക് പോകവെയാണ് അപകടം നടന്നത്. 

അപകടവിവരം അറിഞ്ഞ് ലോറി ഉടമ ഒരാഴ്ചയ്ക്കകം ആന്ധ്രയിൽ ആത്മഹത്യ ചെയ്തതായി പൊലീസിനെ വിവരം ലഭിച്ചിരുന്നു. അങ്ങനെ ഏറ്റെടുക്കാൻ ആളില്ലാതെ ലോറി റോഡരികിൽ കിടക്കേണ്ടി വന്നത്. സമീപത്തെ ട്രാൻസ്ഫോമർ അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പണം സമാഹരിച്ച് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും അൽപം അകലേക്കു ലോറി മാറ്റിയിട്ടിരുന്നു. സംഭവം നടന്ന ഒരു വർഷം തികയുന്ന കഴിഞ്ഞമാസം 16ന് ഇവിടെ നാട്ടുകാർ ഉപവാസം നടത്തിയിരുന്നു. 

ഫണ്ട് അനുവദിക്കുന്നതിന് കലക്ടറെ സമീപിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം ഈ ദിശയിൽ ഒന്നും നടന്നില്ല. ദേശീയപാത അധികൃതരും ഒന്നും ചെയ്തില്ല. തുടർന്നാണ് ജനകീയ കൂട്ടായ്മ ഭാരവാഹികളായ ജനകീയ കൂട്ടായ്മ ഭാരവാഹികളായ ബാബു കുരുവേലിൽ, സദാശിവൻ താമരപ്പള്ളി, തുളസി, നാരായണൻ കാട്ടാമ്പള്ളി, ഷിജി രഘു പൊതു പ്രവർത്തകരായ എസ്.രാജേന്ദ്രൻ നായർ, അനൂപ് പ്ലാച്ചേരി, ജേക്കബ് എന്നിവർ നടത്തിയ ഇടപെടലിലൂടെ ബിരിയാണി ചാലഞ്ചിലൂടെ പണം സമാഹരിച്ച് ലോറി പുനലൂർ പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റിയത്. 

ദേശീയപാതയിൽ പ്ലാച്ചേരിക്കും കലയനാടിനും മധ്യേയുള്ള എല്ലാ വളവുകളിലും അപകടം പെരുകി വരികയായിരുന്നു. ഇവിടെ റോഡിന്റെ വശത്ത് ലോറി കിടക്കുന്നതും ഗതാഗതത്തിന് ഭീഷണിയായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com