അഞ്ചാലുംമൂട് ∙ പരാതികൾക്ക് പരിഹാരമില്ലാതെ ജല അതോറിറ്റി. പരാതി പറഞ്ഞ് മടുത്ത് നാട്ടുകാരും ജനപ്രതിനിധികളും. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനുകളുടെ തകരാറുകൾ, കുഴൽക്കിണറുകളുടെ തകരാറുകൾ, ശുദ്ധജല പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് തുടങ്ങി നിരവധി പ്രതിസന്ധികളാണ് ഓരോ പഞ്ചായത്തിലും ഉണ്ടായിട്ടുള്ളത്. തൃക്കടവൂർ സോണൽ, തൃക്കരുവ, പെരിനാട് പഞ്ചായത്തുകളിലെ സമാനമായ പ്രശ്നങ്ങളിലൂടെ.
തൃക്കടവൂർ കടവൂർ സോണലിലെ നീരാവിൽ ഡിവിഷൻ
ഒരു വർഷത്തിലേറെ കാത്തിരുന്നാണ് നീരാവിൽ ഡിവിഷനിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുന്ന നീരാവിൽ പമ്പ് ഹൗസിൽ പുതിയ കുഴൽ കിണർ നിർമിച്ചത്. ശുദ്ധജല വിതരണം പുനരാരംഭിച്ചതിനു പിന്നാലെ ബൈപാസ് നവീകരണം ആരംഭിച്ചു. ഇപ്പോൾ ബൈപാസ് നവീകരണത്തിന്റെ ഭാഗമായി സർവീസ് റോഡ് നിർമാണവും ഓടനിർമാണവും നടന്നു വരുന്ന ഭാഗങ്ങളിലെ പൈപ്പ് ലൈനുകൾ ദേശീയപാതാ വിഭാഗം അധികൃതർ നീക്കം ചെയ്യുകയാണ്. ഇതിനെ തുടർന്ന് പൈപ്പ് ലൈൻ തകരാറിലായി വെള്ളം പാഴാവുകയാണ്. ദേശീയപാത നിർമാണം പൂർത്തിയാകുന്നതിന് മുൻപ് പൈപ്പ് ലൈനുകൾ അറ്റകുറ്റ പണി നടത്തി റോഡിന്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. അതിനായി ജല അതോറിറ്റിയെ സമീപിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
തൃക്കരുവ പഞ്ചായത്ത്
ശുദ്ധജല പ്രതിസന്ധി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ പഞ്ചായത്താണ് തൃക്കരുവ. ജല അതോറിറ്റി അധികൃതരുടെ പുതിയ പരിഷ്കരണത്തെ തുടർന്ന് ഇഞ്ചവിള, ഞാറയ്ക്കൽ പമ്പ് ഹൗസുകളിലെ കുഴൽ കിണറുകൾ ഇടിഞ്ഞ് താഴ്ന്നു. ഇനി പ്രദേശത്ത് കുടിവെള്ളം കിട്ടണമെങ്കിൽ പുതിയ കുഴൽ കിണർ നിർമിക്കണം. അതിനുള്ള നടപടികൾക്ക് ഒച്ചിഴയുന്ന വേഗമാണ്. പഞ്ചായത്തിലെ തിനവിള, സാമ്പ്രാണിക്കോടി ഭാഗങ്ങളിൽ 2 കുഴൽ കണറുകൾ നിർമിച്ചിട്ട് ഒരു വർഷം കഴിയുന്നു. ഇവ പ്രവർത്തന സജ്ജമാക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ജല അതോറിറ്റിയുടെ മെല്ലപ്പോക്ക് നയവും നടപടിയില്ലായ്മയും മൂലം ശുദ്ധജല പ്രതിസന്ധി രൂക്ഷമായ പഞ്ചായത്ത് ഒടുവിൽ അതിനു പരിഹാരമായി വാഹനങ്ങളിൽ കുടിവെള്ളമെത്തിച്ച് വിതരണം ചെയ്തു തുടങ്ങിയെങ്കിലും അത് തുടരാൻ കഴിഞ്ഞില്ല. ഇപ്പോൾ വീട്ടുകാർ പണം കൊടുത്ത് കുടിവെള്ളം വാങ്ങുന്ന സ്ഥിതിയാണ്.
പെരിനാട് പാലക്കട കുടിവെള്ള പദ്ധതി
പഞ്ചായത്തിലെ പാലക്കട ജയന്തി കോളനിയിലെ പട്ടികജാതി കുടുംബങ്ങളടക്കം നിരവധി കുടുംബങ്ങളിലേക്ക് െള്ളം ലഭിക്കുന്നത് പഞ്ചായത്ത് ഓഫിസിനു സമീപത്തെ പെരിനാട് സ്മാരക പാലക്കട ശുദ്ധജല പദ്ധതിയുടെ ഭാഗമായ പമ്പ് ഹൗസിൽ നിന്നുമാണ്. വെള്ളം പമ്പ് ചെയ്യുന്ന സമയത്ത് കുഴൽ കിണറിന്റെ വാൽവിലെ തകരാർ മൂലം പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ പകുതിയും പാഴായി പോവുകയാണ്. വെള്ളം പമ്പ് ചെയ്യുന്ന സമയത്ത് കുഴൽ കിണറിന് ചുറ്റും വെള്ളക്കെട്ടായി മാറുന്ന കാഴ്ചയാണ്. പമ്പിങ് സമയത്ത് വെള്ളം പാഴാകുന്നത് മൂലം കുടിവെള്ള വിതരണത്തിൽ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്.