ADVERTISEMENT

കൊല്ലം∙ നവാഗതർക്ക് ഉത്സവഛായയിൽ ഇന്നു സ്കൂളുകളിലേക്കു വരവേൽപ്. ജില്ലയിൽ 10,100 ൽപരം വിദ്യാർഥികളാണ് എൽപി യുപി വിഭാഗങ്ങളിലായി പൊതുവിദ്യാലയയങ്ങളിൽ കഴിഞ്ഞ ദിവസം വരെ പ്രവേശനം നേടിയത്. എൽപി വിഭാഗത്തിൽ 7200 വിദ്യാർഥികളും യുപി വിഭാഗത്തിൽ 3108 കുട്ടികളും പ്രവേശനം നേടി. ഒന്നാം ക്ലാസിൽ കൂടുതൽ കുട്ടികൾ ഇനിയും എത്തിച്ചേരും. ജില്ല, ഉപജില്ലാ, സ്കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. ചവറ ശങ്കരമംഗലം ഗവ.സ്കൂളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ എല്ലാ സ്കൂളുകളിലും നേരിട്ടെത്തി പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ഡിഇഒമാരും സ്കൂളുകൾ സന്ദർശിച്ചിരുന്നു. ഡിഡിഇ ഷാജിമോൻ 55 സ്കൂളുകൾ സന്ദർശിച്ചു. അധ്യയന വർഷാരംഭത്തിൽ തന്നെ പാഠപുസ്തക വിതരണം പൂർത്തിയാകും. പുസ്തകങ്ങൾ മുഴുവൻ ജില്ലയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എത്തിയ പുസ്തകങ്ങളുടെ വിതരണം ഇന്നലെ ആരംഭിച്ചു. കൈത്തറി യൂണിഫോം വിതരണവും പൂർത്തിയാകാറായി. ജില്ലയിൽ 60% സ്കൂളുകളുടെയും ഫിറ്റ്നസ് ലഭിച്ചു.

അവശേഷിക്കുന്നവയുടെ ഫിറ്റ്നസ് ഉടൻ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തി. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന മോട്ടർവാഹന വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു. കുടിവെള്ളം,ശുചിത്വം എന്നിവ സംബന്ധിച്ച് ആരോഗ്യ വകുപ്പു പരിശോധന നടത്തിയിരുന്നു. ലഹരി ഉപയോഗം തടയുന്നതിനു സ്കൂൾ പരിസരത്തെ കടകളിൽ എക്സൈസ്, പൊലീസ് നിരീക്ഷണം തുടരുന്നുണ്ട്. തസ്തികകൾ ഒഴി‍ഞ്ഞുകിടക്കുന്ന സ്കൂളുകളിൽ താൽക്കാലിക നിയമനത്തിന് അനുമതി നൽകിയിട്ടുണ്ട്. വർഷാരംഭത്തിൽ നിന്നു താൽക്കാലിക നിയമനം നടത്തി അധ്യാപകരുടെ കുറവ് പരിഹരിക്കും.

ഇൗ കുഞ്ഞുങ്ങളുടെ ക്ലാസ് മുറി ‘അമ്മൂമ്മയുടെ വീട്’

മുണ്ടയ്ക്കൽ അമൃതgകുളം എൽപിഎസിൽ കഴിയുന്ന മാടത്തിയും സാവിത്രിയും ബഞ്ചിൽ ഇരിക്കുന്നു. സമീപത്ത് മാടത്തിയുടെ ചെറുമക്കളായ വൃന്ദയും ഋതികയും പഠനത്തിൽ. ചിത്രം∙ മനോരമ

കൊല്ലം ∙ ഇന്ന് ഒന്നാം ക്ലാസിലേക്കു കടക്കുന്ന ഋതികയുടെ ക്ലാസ് അമ്മൂമ്മയുടെ ‘ വീടിന്റെ’ അടുത്ത മുറിയാണ്. രണ്ട് ബിയിലേക്ക് കയറിയ ചേച്ചി വൃന്ദയുടെ ക്ലാസും ഇതു പോലെയാണ്. അമ്മൂമ്മയുടെ മാത്രമല്ല, ഈ കുഞ്ഞുങ്ങളുടെയും വീട് ആയിരുന്നു കൊല്ലം മുണ്ടയ്ക്കൽ അമൃതുകുളം എൽപി സ്കൂൾ. ആറു വർഷമായി ക്ലാസ് മുറിയിൽ താമസിക്കുന്ന മാടത്തിയുടെ (67) മകൾ മഹേശ്വരിയുടെ മക്കളാണ് വൃന്ദയും ഋതികയും. മാടത്തിയോടൊപ്പം മകൻ മുരുകനും ഭാര്യ കാളീശ്വരിയും 2 മക്കളും ഉണ്ട്. ഭർത്താവും മക്കളുമായി മഹേശ്വരിയും ഇതേ ക്ലാസ് മുറിയിലായിരുന്നു ഒരു വർഷം കഴിഞ്ഞത്.

എല്ലാവർക്കും കൂടി അവിടെ കഴിയാൻ ഇടമില്ലാതായതോടെ മഹേശ്വരി വാടക വീട്ടിലേക്ക് മാറി. കൂലിപ്പണിക്കാരായ മഹേശ്വരിയും ഭർത്താവും ജോലി കഴിഞ്ഞു വരുന്നതു വരെ മക്കൾ മാടത്തിയോടൊപ്പം സ്കൂളിലാണ്. സ്കൂൾ പ്രവർത്തിക്കുന്ന ഓട് മേഞ്ഞ 4 മുറി കെട്ടിടത്തിന് 65 വർഷത്തോളം പഴക്കമുണ്ട്. ഈ കെട്ടിടത്തിനും പാചകപ്പുരയ്ക്കു ഇടയിലുള്ള 3 മുറി കെട്ടിടത്തിന്റെ നടുവിലെ മുറിയിലാണ് മാടത്തിയും മകനും കുടുംബവും താമസിക്കുന്നത്..

തൊട്ടടുത്ത മുറി 81 വയസ്സുള്ള സാവിത്രിയുടെ ‘വീട്’ ആണ്. അവശേഷിക്കുന്ന ഒരു മുറിയിൽ പ്രീ പ്രൈമറി ക്ലാസ് ആണ്.. മാടത്തിയുടെ സഹോദരൻ കൃഷ്ണന്റെ കുടുംബവും ഈ സ്കൂളിൽ താമസിച്ചിരുന്നെങ്കിലും അവർ വാടക വീട്ടിലേക്ക് മാറി. തിരഞ്ഞെടുപ്പു സമയത്ത് ഇവർ വീട് ഒഴിഞ്ഞു കൊടുക്കണം. 2 മുറികൾ പോളിങ് സ്റ്റേഷൻ ആണ്. സാധനങ്ങൾ ഒരു മുറിയിലാക്കി അപ്പോൾ ബന്ധുവീടുകളിലേക്കു പോകും. അമൃതുകുളം മുനിസിപ്പൽ കോളനിയിലെ ഇവരുടെ വീടുകൾ തീ കത്തി നശിച്ചതിനെ തുടർന്നാണ് 6 വർഷം മുൻപ് 3 കുടുംബങ്ങളെ സ്കൂളിലേക്ക് മാറ്റിയത്.

ലൈഫ് പദ്ധതി ഉൾപ്പെടെ കൊട്ടിഘോഷങ്ങൾക്കു കുറവില്ലെങ്കിലും ഇവർ അവഗണിക്കപ്പെടുകയാണ്. 3 സെന്റ് സ്ഥലവും10 ലക്ഷത്തിന്റെ വീടും എന്നു പറഞ്ഞു സ്ഥലം വരെ കാട്ടിക്കൊടുത്തെങ്കിലും ഒന്നും നടന്നില്ല. മുറികൾ ഒഴിഞ്ഞു കൊടുക്കണമെന്നു സ്കൂൾ അധികൃതർ പറയുന്നുണ്ട്. 65 വിദ്യാർഥികളുള്ള സ്കൂളിൽ മതിയായ ക്ലാസ് മുറികൾ ഇല്ല. സ്കൂളിലെ ബെൽ മുഴക്കം ‘ വീട്ടുകാർക്ക്’ ആധിയുടെ ശബ്ദമാണ്. എങ്ങോട്ട് പോകും? ഉത്തരം എഴുതാൻ അറിയാത്ത വലിയൊരു ചോദ്യക്കടലാസ് അവരുടെ മുന്നിലുണ്ട്.

45 വർഷം, ആശങ്കയിലും രുചിയോടെ...

ഓമന ഉളിയക്കോവിൽ കെവി എസ്എ‌ൻഡിപി യുപി സ്കൂളിൽ.

പ്രവേശനോത്സവം കാത്തിരിക്കുകയാണ് എൽ. ഓമനയും. പഠിക്കാനല്ല; പാചകം ചെയ്യാൻ. കഴിഞ്ഞ 45 വർഷമായി കടപ്പാക്കട കെവി എസ്എൻഡിപി യുപി സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നത് അറുപത്തിയേഴു വയസ്സുള്ള ഓമനയാണ്. ഉച്ചഭക്ഷണത്തിന് ഒരു കുട്ടിക്കു 10 പൈസ നൽകിയിരുന്ന കാലത്താണ് പാചകം ചെയ്യാനായി ഈ സ്കൂളിൽ എത്തുന്നത്. പ്രധാന അധ്യാപകൻ എത്തുംമുൻപ് സ്കൂൾ മുറ്റത്ത് ഓമനയുണ്ടാകും. അത്യാവശ്യം ശുചീകരണം പൂർത്തിയാക്കി അടുക്കളയിലേക്കു കടക്കും. ഏറ്റവും രുചികരമായ ഭക്ഷണം ഒരുക്കാനാണ് ഓരോ ദിവസവും ശ്രമിക്കുന്നത്. ഒന്നു മുതൽ എഴു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് ഭക്ഷണം ഒരുക്കുന്നത്.

പ്രധാനാധ്യാപകൻ ടി. അഭിലാഷ് ഉൾപ്പെടെ 19 അധ്യാപകരും സഹായത്തിനുണ്ടെന്നും അവർ പറഞ്ഞു. സ്കൂൾ പാചകത്തൊഴിലാളിയുടെ ജീവിതം ദുരിത പൂർണമാണ്. ജോലിയിൽ നിന്നു പിരിഞ്ഞാൽ താനുൾപ്പെടെയുള്ള പാചകത്തൊഴിലാളികൾ എന്തുചെയ്യുമെന്ന ആശങ്കയുണ്ട്. ജോലി ചെയ്യുന്ന ദിവസം ലഭിക്കുന്ന 600 രൂപ കൊണ്ടാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. അതുതന്നെ കൃത്യമായി ലഭിക്കില്ല. അവധിക്കാല അലവൻസ് തുക ഇനിയും ലഭിച്ചിട്ടില്ല – ഓമന പറയുന്നു. ആരോഗ്യ വകുപ്പിന്റെ പരിശോധന സർട്ടിഫിക്കറ്റ് ഇന്നു ഹാജരാക്കിയാൽ മാത്രമേ അടുക്കളയിലേക്ക് കടത്തിവിടൂ.

സ്കൂൾ പരിശോധിക്കാൻ എത്തുന്ന ഉന്നത ഉദ്യോഗസ്ഥർ ഞങ്ങളുടെ ശുചിത്വവും മറ്റും നോക്കും, പക്ഷേ ആരും അന്വേഷിക്കില്ല, ഞങ്ങളുടെ വേതന– ആനുകൂല്യങ്ങളുടെ കാര്യങ്ങൾ – നനഞ്ഞ മിഴികളോടെ ഓമന പങ്കുവയ്ക്കുന്നു. ഓച്ചിറ സ്വദേശിയായ ഓമന വിവാഹിതയായി കടപ്പാക്കട കരിമ്പാലിൽ വീട്ടിൽ എത്തിയിട്ട് അഞ്ചര പതിറ്റാണ്ടിലധികമായി. ഭർത്താവു സുരേന്ദ്രൻ 6 വർഷം മുൻപു മരിച്ചു. വീട്ടിൽ ഒപ്പം ശാരീരിക ക്ഷീണമുള്ള മകൾ ജയകുമാരി മാത്രം. മറ്റു മൂന്നു മക്കൾ കൊല്ലം ജില്ലയിലെ മറ്റു സ്ഥലങ്ങളിൽ താമസിക്കുന്നു. ഇവിടെ പഠിച്ചിറങ്ങുന്ന ഓരോ കുട്ടിയും വലിയനിലയിൽ എത്തണമേ എന്നാണ് എന്നുമുള്ള പ്രാർഥന. പഠിച്ചിറങ്ങിപ്പോയ കുട്ടികൾ കാണാൻ എത്തും. അവർ സമ്മാനങ്ങൾ തരുമ്പോൾ കണ്ണുനിറയും. ആ സ്നേഹ സമ്മാനത്തിനു വിലയിടാൻ പറ്റുമോ – ഓമന ചോദിക്കുന്നു.

എങ്കിലും എനിക്ക് അവരെ എന്നും കാണാമല്ലോ

മൂന്ന് പതിറ്റാണ്ടുകാലത്തെ സേവനത്തിനു ശേഷം ഉമയനല്ലൂർ പേരേത്ത് പത്മവിലാസം യുപി സ്കൂളിന്റെ പടിയിറങ്ങിയ അധ്യാപിക ബി.എസ് ജയലത പറയുന്നു. നാളെ മുതൽ ക്ലാസിൽ ഹാജർ ബുക്കുമായി എത്തി കുട്ടികളുടെ പേരു വിളിച്ചു ഹാജർ രേഖപ്പെടുത്താനാകില്ലെങ്കിലും നിറഞ്ഞ സംതൃപ്തിയോടെയാണ് ഇന്നലെ സ്കൂളിന്റെ പടിയിറങ്ങിയത്. സഹപ്രവർത്തകർ പകർന്നു നൽകിയ മധുരം നുണയുമ്പോൾ ഞാനോർത്തു, എത്ര പെട്ടെന്നാണു കാലം കടന്നുപോകുന്നത്..

ക്ലാസ് മുറികളിൽ എത്തിയില്ലെങ്കിലും വിദ്യാർഥികളെ കാണാനാകില്ല എന്ന വിഷമം എനിക്കില്ല. വീടിന് അടുത്തു തന്നെയാണ് സ്കൂൾ. അവരെ മിക്കപ്പോഴും കാണാനാകും. എങ്കിലും ക്ലാസ് മുറി ഇന്നു മുതൽ നഷ്ടമാകുമെന്ന വിഷമമുണ്ട്. മക്കൾ രണ്ടുപേരും പഠിച്ചത്. ഇവിടെയാണ്. ഭർത്താവ് എസ്.സിദ്ധാർഥൻ പഠിച്ചതും ഇതേ സ്കൂളിൽ ആയിരുന്നു. ഭർത്താവ് സിദ്ധാർഥൻ,ചെറുമകൾ സിയാന ആനന്ദ് എന്നിവരും ഇന്നലെ ജയലതയോടൊപ്പം സ്കൂളിൽ എത്തിയിരുന്നു.

ടീച്ചറേ, സുഖം ജോലിയല്ലേ,, ആരറിയും സത്യം

ബി. എസ്. ജയലത

‘ടീച്ചറായാൽ സുഖമല്ലേ ! ആഴ്ചയിൽ രണ്ടു ദിവസം അവധി, വർഷത്തിൽ രണ്ടു മാസം അവധി’’. ഈ വാചകം കേൾക്കാത്ത ഒരു അധ്യാപകരുമുണ്ടാവില്ല. അവധിക്കാലം കഴിഞ്ഞു സ്കൂൾ തുറക്കുന്ന വേളയിൽ വിദ്യാർഥികളെ സ്വീകരിക്കാൻ തയാറായി നിൽക്കുന്ന സർക്കാർ സ്കൂൾ അധ്യാപകർക്കു ഈ അവധിക്കാലം എങ്ങനെയായിരുന്നു? അടുത്ത അധ്യയന വർഷം ഇന്നു തുടങ്ങാനിരിക്കെ മനോരമ, ജില്ലയിലെ വിവിധ സ്ഥലത്തെ അധ്യാപകരുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്...

‘ഇതിലും ഭേദം ക്ലാസുള്ള സമയം’

അവധിക്കാലം ആഘോഷിക്കാൻ കഴിയാത്തവരാണു ഭൂരിഭാഗം അധ്യാപകരും. കൊല്ലപ്പരീക്ഷ കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി അധ്യാപകർക്കു വാല്യുവേഷൻ ക്യാംപ് തുടങ്ങി. ഏപ്രിൽ അവസാന വാരം വരെ നീണ്ട ക്യാംപ് കഴിഞ്ഞതും സ്കൂൾ തല ക്യാംപുകളുടെ വരവായി. ക്യാംപ് ആർക്കായാലും അധ്യാപകരുടെ ഹാജർ പ്രധാനം. അധ്യാപകർക്കുള്ള ക്യാംപാണെങ്കിൽ അതിന്റെ ഭാഗമായ ആക്ടിവിറ്റിയെല്ലാം ചെയ്തു തീർക്കണം. പല സ്കൂളുകളിലും എൽപി, യുപി വിദ്യാർഥികൾക്കുള്ള എൽഎസ്എസ് , യുഎസ്എസ് പരിശീലന ക്ലാസുകൾ വെക്കേഷൻ സമയത്താണു നടന്നത്. പരിശീലനവും പരീക്ഷയും, പേപ്പർ പരിശോധനയുമായി പ്രൈമറി അധ്യാപകർക്കും തിരക്കോടു തിരക്ക്.

അഡ്മിഷൻ

അധ്യാപകർ പഠിപ്പിച്ചാൽ മാത്രം പോരാ, സർക്കാർ സ്കൂളുകളിലേക്കു കുട്ടികളെ ക്യാൻവാസ് ചെയ്യുകയും വേണം. സർക്കാർ സ്കൂളുകളെപ്പറ്റിയുള്ള മിഥ്യാ ധാരണകൾ മാറ്റാനും സ്കൂളുകളെ ജനകീയമാക്കാനുമാണ് അധ്യാപകർ അവധിക്കാലത്ത് നടത്തുന്ന ഭവന സന്ദർശനം കൊണ്ടു ലക്ഷ്യമിടുന്നത്. അഡ്മിഷൻ കാൻവാസിങ് കഴിഞ്ഞാൽ, അഡ്മിഷൻ തിരക്കുകളായി. പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നീ ചുമതലകളും അധ്യാപകർക്കു ലഭിക്കും. സ്കൂളൊരുക്കാൻ ഇടവേളയ്ക്കു ശേഷം സ്കൂൾ തുറക്കുമ്പോൾ മോടിപിടിപ്പിച്ചു വൃത്തിയായ സ്കൂൾ അങ്കണങ്ങളുടെ പിന്നിലും അധ്യാപകരുടെ കൈയുണ്ട്. പ്രവേശനോത്സവത്തിനായി അലംകൃതമാകും മുൻപ് ക്ലാസ്മുറികൾ വൃത്തിയാക്കുക, കിണർ വൃത്തിയാക്കുക, പെയിന്റിങ് ജോലികൾ ഏൽപിക്കുക, അങ്ങനെ നീളുന്നു ഒരുക്കങ്ങൾക്കു പിന്നിലെ ഓട്ടം. ക്ലീനിങ് സ്റ്റാഫിന്റെ കുറവുള്ളതിനാൽ അധ്യാപകർ തന്നെ ചൂലെടുക്കേണ്ട സ്ഥിതിയുമുണ്ട്.

അധ്യാപകർ പങ്കുവച്ച ചില ആശങ്കകൾ:

∙ഹൈസ്കൂൾ വരെയുള്ള കുട്ടികൾക്കു സ്കൂളുകളിൽ ഉച്ചഭക്ഷണം നിർബന്ധമായും കൊടുക്കണം. മുടക്കാതെ അവ നടപ്പിലാക്കുന്നുമുണ്ട്. എന്നാൽ പലപ്പോഴും അധ്യാപകരാണു ഇതിനായുള്ള ചെലവു വഹിക്കുന്നത്. സർക്കാർ ഇതിനായുള്ള ഫണ്ടിന് പലപ്പോഴും കാലതാമസം.
∙സ്കൂളുകളിലുള്ള അധ്യാപക–അനധ്യാപക സ്റ്റാഫുകളുടെ കുറവ് അമിത ജോലി ഭാരത്തിനിടയാക്കുന്നു. ക്ലറിക്കൽ ലവലിലുളള തസ്തികകൾ കുറവായതിനാൽ അധ്യാപകർ എല്ലാ തരം ജോലികളും ചെയ്യാൻ നിർബന്ധിതരാകുന്നു. ഓഡിറ്റ് ക്ലിയറൻസ് കിട്ടാതെ പോകുന്ന ഒരുപാട് ചെലവുകൾ അധ്യാപകർ വഹിക്കേണ്ടി വരുന്നു. ഇതിനായി പല സ്കൂളുകളിലും സ്റ്റാഫ് ഫണ്ട് തുടങ്ങുകയും ശമ്പളത്തിലെ ഒരു തുക മാറ്റി വയ്ക്കേണ്ടി വരുന്നു.

ഒരുവട്ടം കൂടി...

എം.എസ്.ആരതി ലക്ഷ്മി

ഹയർ സെക്കൻഡറിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി സ്കൂളിന്റെ പടിയിറങ്ങിയ പുത്തൂർ കുളക്കട ജിഎച്ച്എസ്എസിലെ എം.എസ് ആരതി ലക്ഷ്മി : അ‍ഞ്ചാം ക്ലാസിലാണ് ഞാൻ ആദ്യമായി കുളക്കട ജിഎച്ച്എസ്എസിൽ എത്തുന്നത്. കുളക്കടയിലെ ഗോവർധനം എന്ന വീട്ടിൽ നിന്നു നടന്നെത്താവുന്ന ദൂരം. അമ്മ എൻ.ആർ.സന്ധ്യ ഇതേ സ്കൂളിലെ യുപി അധ്യാപികയാണ്. അച്ഛനും ഇവിടെ എച്ച്എസ് അധ്യാപകനായിരുന്നു. ഐടി അറ്റ് സ്കൂളിന്റെ ജില്ലാ കോ-ഓർഡിനേറ്റർ ആയി വിരമിച്ചു. 5 മുതൽ പ്ലസ്ടു വരെ നീണ്ട 8 വർഷങ്ങൾ..ബാല്യം ആഘോഷമാക്കിയ സ്കൂൾ കാലം.. പ്ലസ്ടുവിന് ഫുൾ എപ്ലസ് നേടി സ്കൂളിന്റെ പടിയിറങ്ങുമ്പോൾ കഴിഞ്ഞ കാലം നൽകിയ ഒത്തിരി ഒത്തിരി മധുരത്തോട് ഒപ്പം സ്കൂൾ കാലം വിട ചൊല്ലുന്നതിന്റെ നൊമ്പരങ്ങളും ബാക്കിയാകുന്നു.. തൽക്കാലം പടിയിറങ്ങുന്നു..കവി വാക്യം കടമെടുത്താൽ ‘ഒരുവട്ടം കൂടിയെൻ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം..’ മാത്രം ബാക്കി.

ജില്ലയിൽ സ്കൂളുകൾ 955

ഹൈസ്കൂൾ തലം വരെ, ജില്ലയിൽ അൺ എയ്ഡഡ് ഉൾപ്പെടെ 955 സ്കൂളുകൾ.
ഹൈസ്കൂളുകൾ: 242
(എയ്ഡഡ് –127, ഗവൺമെന്റ്– 88, അൺ എയ്ഡഡ്–27)
യുപി സ്കൂളുകൾ:
223 (എയ്ഡഡ്–132, സർക്കാർ–66, അൺ എയ്ഡഡ്–25),
എൽപി 490
(ഗവൺമെന്റ്–275, എയ്ഡഡ്–180, അൺഎയ്ഡഡ്–35).

സൂക്ഷിക്കണം, ചതിക്കുഴികളെ

മെറിൻ ജോസഫ് (സിറ്റി പൊലീസ് കമ്മിഷണർ)
∙ ലഹരി ഒരു തവണ രസത്തിന് ഉപയോഗിച്ചു കൊണ്ടാണ് പലരും ഈ ചതിക്കുഴിയിൽ പെടുന്നത്. അതുകൊണ്ടു ലഹരിയെ പടിക്കു പുറത്തു നിർത്താം.
∙ ലഹരിയുടെ ഉപയോഗമോ വിപണനമോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ ടീച്ചർമാരെയോ മാതാപിതാക്കളെയോ പൊലീസിനെയോ അറിയിക്കുക
∙ അപരിചിതരായ ആളുകളിൽ നിന്ന് ഒന്നും സ്വീകരിക്കാതിരിക്കുക
∙ മൊബൈൽ ഉപയോഗം ആവശ്യത്തിന് മാത്രമാക്കി മാറ്റുക
∙ മാനസികമായോ ശാരീരികമായോ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തുറന്നു പറയുക. സഹായങ്ങൾ സ്വീകരിക്കുക.

ആരോഗ്യചിന്ത ഉപേക്ഷിക്കരുത്

ഡോ. കെ.എസ് ഷിനു (ഡിഎംഒ, കൊല്ലം)
∙ ഭീതി അകന്നെങ്കിലും ഇനിയും കോവിഡിന്റെ സാധ്യതകൾ തള്ളിക്കളയാനാവില്ല. അതിനാൽ കുറച്ചു കാലം കൂടി നമുക്ക് മാസ്ക് ശീലമാക്കാം.
∙ സ്കൂളിലേക്ക് തിളപ്പിച്ചാറ്റിയ വീട്ടിലെ വെള്ളം തന്നെ കൊണ്ടുപോകാൻ ശ്രദ്ധിക്കാം.
∙ സ്കൂളിലേക്കുള്ള വഴികളിലും റോഡുകളിലുമുള്ള വെള്ളക്കെട്ടുകളിലും ചളി വെള്ളത്തിലും കളിക്കാതിരിക്കാം.
∙ വൃത്തിയുള്ള ഭക്ഷണങ്ങൾ മാത്രം ശീലമാക്കാം.
∙ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ചികിത്സ തേടുക. ആവശ്യമായ മരുന്നുകൾ കഴിക്കുക
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com