ADVERTISEMENT

കുളത്തൂപ്പുഴ ∙ ഗവ. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കു മുൻപിൽ കടമ്പയായി ചെളിക്കുളം. കനത്ത മഴയിൽ വെള്ളം കെട്ടിനിന്നു തകർന്ന റോഡിൽ നാട്ടുകാർക്കു യാത്രാദുരിതവും. ദിനവും നൂറുകണക്കിനു രോഗികൾ എത്തുന്ന ആശുപത്രി റോഡിലൂടെ വയോധികർക്കു നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പൊലീസ് സ്റ്റേഷൻ, വില്ലേജ് ഒ‌ാഫിസ് എന്നിവിടങ്ങളിലേക്കുള്ള പാത കൂടിയാണ് തകർന്നു കുണ്ടും കുഴിയും നിറഞ്ഞു കിടക്കുന്നത്.

റോഡ് നന്നാക്കാൻ 3 വർഷമായി പഞ്ചായത്ത് പടിച്ച പണി പതിനെട്ടു പയറ്റിട്ടും നടന്നില്ല. ഒടുവിൽ പഞ്ചായത്ത് 5 ലക്ഷം രൂപ വകയിരുത്തിയ കരാർ എടുത്തയാളും പണി ഉപേക്ഷിച്ചു മുങ്ങി. കരാറുകാരനെതിരെ നിയമനടപടി ശുപാർശ ചെയ്ത ശേഷം വീണ്ടും പണികൾക്ക് പുതിയ ടെൻഡർ വിളിക്കാൻ അനുമതി തേടുകയാണു പഞ്ചായത്ത്. 10 ലക്ഷം രൂപയാണു പുതിയ അടങ്കൽ. മലയോര ഹൈവെയിൽ നിന്ന് ആശുപത്രിയിലേക്കും വില്ലേജ് ഒ‌ാഫിസ് വരെയും കൽക്കെട്ട് പാത ഒരുക്കാനാണു നീക്കം. നടപടി പൂർത്തിയാക്കി ഒരു മാസത്തിനകം പണി തീരുമെന്ന കാര്യത്തിൽ ഉറപ്പില്ല.

ആശുപത്രിക്കു സമീപത്തെ രവീന്ദ്രൻ മാസ്റ്റർ സ്മാരകം രാഗസരോവരത്തിന്റെ നിർമാണം പൂർത്തീകരണത്തിലാണ്. പണി പൂർത്തിയായ സ്മാർട് വില്ലേജ് ഒ‌ാഫിസ് കെട്ടിടവും ഉദ്ഘാടനം കാത്തുകിടപ്പാണ്. രാഗസരോവരത്തിന്റെ ഉദ്ഘാടനത്തിനു മുൻപായി റോഡ് നന്നാക്കാനുള്ള ഒ‌ാട്ടത്തിലാണ് അധികൃതർ. പൊലീസ് സ്റ്റേഷൻ, ഗവ. യുപി സ്കൂൾ എന്നിവയുടെ  മതിൽക്കെട്ടുകൾക്ക് ഇടയിലുള്ള വളവുള്ള റോഡിന്റെ വീതി കുറവായതിനാൽ ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നുപോകാനേ കഴിയൂ. വളവു നിവർത്തി വീതി വർധിപ്പിച്ചു സുഗമമായ സഞ്ചാരപാത ഒരുക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com