അഞ്ചാലുംമൂട് ∙ അധ്യയന വർഷം ആരംഭിച്ചെങ്കിലും സ്കൂൾ ബസ് പുറത്തിറക്കാൻ കഴിയാതെ പല സ്കൂളുകളും. സ്വന്തമായി സ്കൂൾ വാഹനങ്ങളുള്ള ചില സർക്കാർ സ്കൂളിന്റെ അധികൃതർക്ക് ആധിയൊഴിയുന്നില്ല. സ്കൂളുകളിൽ ഇന്നു മുതൽ റെഗുലർ ക്ലാസുകൾ ആരംഭിക്കുമെങ്കിലും വിദ്യാർഥികളെ എത്തിക്കാൻ വാഹനം കണ്ടെത്തേണ്ടതിന്റെ ആധിയിലാണു സ്വന്തമായി ബസ് ഉള്ള സർക്കാർ സ്കൂളുകൾ. സർക്കാർ വിവിധ ഫണ്ടുകൾ ഉപയോഗിച്ചു ബസുകൾ അനുവദിച്ച് നൽകിയിട്ടുള്ള പല സർക്കാർ സ്കൂളുകളുടെയും അവസ്ഥ വളരെ പരിതാപകരമാണ്.
പഞ്ചായത്ത്തലങ്ങളിലുള്ള ഗവ. എൽപി, യുപി സ്കൂളുകളാണ് ഇത്തരത്തിൽ സ്കൂൾ ബസുകളുടെ കാര്യത്തിൽ ‘ഇനി എന്ത്’ എന്ന ചോദ്യം ഉയർത്തി നിൽക്കുന്നത്. ബസുകളുടെ അറ്റകുറ്റപണി, ഇൻഷുറൻസ്, ജിപിഎസ്, ഫിറ്റ്നസ് തുടങ്ങിയവയ്ക്കു വർഷം തോറും വേണ്ടിവരുന്ന ഭാരിച്ച തുക കണ്ടെത്താൻ പല സർക്കാർ സ്കൂളുകൾക്കും സാധിക്കുന്നില്ല. വാർഷിക അറ്റകുറ്റപ്പണിക്കോ മറ്റ് ആവശ്യങ്ങൾക്കോ സർക്കാരിന്റെയോ മറ്റ് ഇതര ഫണ്ടുകളോ സ്കൂളുകൾക്ക് ലഭിക്കാറില്ല.
സ്കൂൾ ബസുകൾ അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് അധ്യാപകരും പിടിഎയും നേരിട്ട് കണ്ടെത്തണം. ഇതിനായി വേണ്ടി വരുന്ന തുക പിടിഎ ഫണ്ടായി പിരിക്കാനും പാടില്ലെന്ന നിർദേശമുണ്ട്. സർക്കാർ സ്കൂളുകളിലെ വാഹനങ്ങളായതിനാൽ അതിനു വേണ്ടി വരുന്ന തുക നൽകാൻ ചില രക്ഷകർത്താക്കളും തയാറാകില്ല. സർക്കാരിന്റെ വാഹനമായതിനാൽ അതിനുവേണ്ടി വരുന്ന പണം സർക്കാർ നൽകുമെന്നാണ് ഇക്കൂട്ടരുടെ വാദം. സ്കൂൾ ബസ് സംവിധാനം ഉള്ളതിന്റെ പേരിൽ വിദ്യാർഥികളുടെ എണ്ണത്തിൽ പല സ്കൂളുകളിലും വർധന ഉണ്ടായിട്ടുണ്ട്.
അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂൾ ബസുകൾ പുറത്തിറക്കാൻ കഴിയാത്ത സ്കൂളുകളിൽ പകരം വാഹന സംവിധാനം ഏർപ്പെടുത്തി വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ നടപടി എടുക്കേണ്ടി വരും. എന്നാൽ അതിനായി വേണ്ടി വരുന്നത് സ്കൂൾ ബസുകളിൽ ഈടാക്കിയിരുന്നതിന്റെ ഇരട്ടിയിലധികം തുകയാണ്. ഇതാണു സ്കൂളുകളെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. പഞ്ചായത്ത്തലങ്ങളിലെ ഗവ. എൽപി, യുപി സ്കൂളുകളിലെ സ്കൂൾ ബസുകളുടെ വാർഷിക അറ്റകുറ്റപ്പണിക്കും മറ്റുമായി വേണ്ട തുക അതാതു പഞ്ചായത്തുകളിൽ നിന്നും ലഭ്യമാക്കാൻ നടപടി വേണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്.