കണ്ണനല്ലൂർ ∙ കണ്ണനല്ലൂർ പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ സ്പൈഡർ എന്ന പ്രോഗ്രാമിന്റെ ഭാഗമായി കണ്ണനല്ലൂർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ മുപ്പതോളം ബൈക്കുകൾ പിടികൂടി. സ്കൂൾ സമയത്ത് ഓടിച്ച ടിപ്പറും പിടികൂടിയിട്ടുണ്ട്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണനല്ലൂർ, മുട്ടയ്ക്കാവ്, പള്ളിമൺ, നല്ലില പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്നലെ രാവിലെ 2 മണിക്കൂർ പരിശോധന നടത്തിയത്. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പൂവാലശല്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ സ്പൈഡർ എന്ന പ്രോഗ്രാം സംഘടിപ്പിച്ചത്.
പിടിച്ചെടുത്ത വാഹനങ്ങൾക്കും ഉടമകൾക്കും ഓടിച്ചവർക്കും എതിരെ കർശന നടപടി ഉണ്ടാകുമെന്നും വരും ദിവസങ്ങളിലും ഓപ്പറേഷൻ തുടരുമെന്നും കണ്ണനല്ലൂർ ഇൻസ്പെക്ടർ വി.ജയകുമാർ അറിയിച്ചു. എസ്ഐ അരുൺഷാ,ഹരി സോമൻ, രാജേന്ദ്രൻ പിള്ള, എസ്‌സിപിഒമാരായ പ്രമോദ്, ഹുസൈൻ, മനാഫ്, അനൂപ്, സജി, അനിൽ, ദിനേശ്, എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഓപ്പറേഷൻ സ്പൈഡറിൽ പങ്കെടുത്തത്. ലൈസൻസ് ഇല്ലാത്തതും അമിതവേഗത്തിൽ മൊബൈൽ ഉപയോഗിച്ചും മതിയായ രേഖകൾ ഇല്ലാതെയും ശരിയായ നമ്പർപ്ലേറ്റ് ഇല്ലാതെയും ഓടിച്ച വാഹനങ്ങളാണു പിടികൂടിയത്.