ഓച്ചിറ പഞ്ചായത്ത് ഓഫിസിൽ തീപിടിത്തം; ഫയലുകൾ കത്തിനശിച്ചു

HIGHLIGHTS
  • തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
1. ഓച്ചിറ പഞ്ചായത്തിൽ തീപിടിത്തമുണ്ടായ പ്രധാന ഓഫിസിലെ ക്യാബിനുകൾ, 2. ഓച്ചിറ പഞ്ചായത്തിലെ പരാതി അദാലത്തിൽ ജനങ്ങൾ സമർപ്പിച്ച പരാതികൾ സൂക്ഷിച്ചിരുന്ന ഫയൽ കത്തി നശിച്ച നിലയിൽ‍.
SHARE

ഓച്ചിറ∙ ഓച്ചിറ പഞ്ചായത്ത് ഓഫിസിൽ അഗ്നിബാധ; പരാതികളും പരാതി റജിസ്റ്ററും സൂക്ഷിച്ചിരുന്ന കാബിനിലെ ഫയലുകളും കംപ്യൂട്ടറും ഫർണിച്ചറും പൂർണമായി കത്തിനശിച്ചു.  ഇന്നലെ പുലർച്ചെ 5.30നാണു സംഭവം. നാട്ടുകാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നു  പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫിസിൽ സിസിടിവി ക്യാമറ സംവിധാനം പ്രവർത്തനക്ഷമമല്ല. പഞ്ചായത്ത് ഓഫിസിൽ നിന്നു  പുക ഉയരുന്നത് ആദ്യം കണ്ടതു സമീപവാസിയായ ഗോപിനാഥ കുറുപ്പാണ്. ബഹളം കേട്ടു സമീപവാസികളെത്തി പഞ്ചായത്ത് അംഗം ആർ.ഡി.പത്മകുമാറിനെയും  ജീവനക്കാരൻ നിസാമിനെയും വിവരം അറിയിച്ചു.

ഇവർ പൊലീസുമായെത്തി പഞ്ചായത്ത് ഓഫിസിന്റെ പ്രധാന വാതിലും ജനാലച്ചില്ലുകളും  തകർത്ത് അകത്തുകയറി  അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചു. നാട്ടുകാർ വെളളം ഒഴിച്ചു പടരുന്നതു നിയന്ത്രിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് എത്തിയ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ  ഒരു മണിക്കൂറോളം എടുത്താണു തീ പൂർണമായി അണച്ചത്. പ്രധാന മുറിയിലെ  മിക്ക ക്യാബിനുകളും നാശം നേരിട്ടു. പൂർണമായി കത്തിയ ക്യാബിനിലെ തറയിലെ ടൈലുകൾ പൊട്ടിത്തെറിക്കുകയും ഇലക്ട്രിക് യൂണിറ്റ് കത്തി നശിക്കുകയും  ചെയ്തു. സമീപത്തെ ജനലിന്റെ തടി വരെ കത്തി നശിച്ചു. വ്യാഴാഴ്ച വൈകിട്ട് 6നാണു പഞ്ചായത്ത് ഓഫിസ് പൂട്ടിയ ശേഷം ജീവനക്കാർ പോയത്.

സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും കഴിഞ്ഞ ദിവസം വിരമിച്ചതിനെത്തുടർത്ത് സൂപ്രണ്ടിനായിരുന്നു സെക്രട്ടറിയുടെ താൽക്കാലിക ചുമതല. സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുത്തു.5 മുതൽ  പഞ്ചായത്ത് ഓഫിസ് പൂർണമായി തുറന്നു പ്രവർത്തിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവിയും സൂപ്രണ്ട് രാജനും അറിയിച്ചു. നഷ്ടമായ എല്ലാ ഫയലുകളും തിരിച്ചെടുക്കാൻ സാധിക്കുമെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും  ഭരണസമിതി അറിയിച്ചു.ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എൻജിനീയർ ബിജുവിന്റെ നേതൃത്വത്തിലും പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ സജുവിന്റെ നേതൃത്വത്തിലും അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 

സമഗ്ര അന്വേഷണം നടത്താൻ ഡിജിപിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് 

സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഭരണം നടത്തുന്ന ഓച്ചിറ പഞ്ചായത്തിലെ തീപിടിത്തത്തിൽ ദൂരുഹത ഉണ്ടെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ ഡിജിപിയോട് ആവശ്യപ്പെട്ടതായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുൻ പഞ്ചായത്ത് പ്രസിഡന്റും യുഡിഎഫ് മണ്ഡലം ചെയർമാനുമായ അയ്യാണിക്കൽ മജീദിന്റെ നേതൃത്വത്തിലുള്ള സംഘമാണു‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിനു നിവേദനം നൽകിയത്. സംഘം  മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.17 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 8 വീതവും ബിജെപിക്ക് ഒരു സീറ്റുമാണു കക്ഷി നില. നറുക്കെടുപ്പിലൂടെ സിപിഎമ്മിനു പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിനു വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS