ADVERTISEMENT

പത്തനാപുരം∙ എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച 13.60 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റിൽ ബിനീഷ് ഭവനിൽ ബിനീഷ് ബഷീർ(43), ശാസ്താംമുകൾ ചരുവിള വീട്ടിൽ മുജീബ്(30), സഹോദരൻ മുബാറക്ക്(28) എന്നിവരാണ് അറസ്റ്റിലായത്. എടിഎമ്മിൽ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസി ജീവനക്കാരനായ മൈലം അന്തമൺ കളപ്പില തെക്കേതിൽ ഗോകുൽ(25) സഞ്ചരിച്ച ബൈക്ക് കാറിടിച്ചു വീഴ്ത്തിയായിരുന്നു കവർച്ച.   കഴിഞ്ഞ മാസം 27ന് വൈകിട്ട് 6.39ന് പട്ടാഴി വിരുത്തിയിലായിരുന്നു സംഭവം. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാർ, കുന്നിക്കോട് എസ്എച്ച്ഒ അൻവർ, എസ്ഐ ഗംഗാ പ്രസാദ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ബാബുരാജ്, ബിനു, അഖിൽ, രാജേഷ്, ഗോപകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

കവർച്ച, വസ്തു വാങ്ങാൻ പണം തികയ്ക്കാൻ 

ഒന്നാം പ്രതി ബിനീഷ് ബഷീർ  അഡ്വാൻസ് തുക നൽകിയ വസ്തു വാങ്ങുന്നതിന് പണം തികയാതെ വന്നതോടെയാണ് പണം തട്ടലിനു പദ്ധതി  ഒരുങ്ങിയത്. എടിഎമ്മിൽ പണം നിറയ്ക്കുന്നതിനുള്ള ഫ്രാ‍ഞ്ചൈസി കൂടിയാണ് ബിനീഷ്. തന്നോടൊപ്പമുള്ള മറ്റൊരു ഫ്രാഞ്ചൈസിയും സുഹൃത്തുമായ സവാദിന്റെ ജീവനക്കാരനാണ് പണം തട്ടലിനു വിധേയനായ ഗോകുൽ. സവാദ് പണം പിൻവലിക്കുന്നത് സംബന്ധിച്ച മുഴുവൻ വിവരങ്ങളും ബിനീഷിന് അറിയാൻ കഴിയും. ബാങ്കിന്റെ കൊട്ടാരക്കയിലെ പ്രധാന ബ്രാഞ്ചിൽ നിന്നു പണം പിൻവലിച്ച് സവാദ്  ഗോകുലിനെ ഏൽപിക്കും. ഗോകുൽ ഓരോ എടിഎമ്മിലും പോയി പണം നിറയ്ക്കും. ഇത് മനസ്സിലാക്കിയാണ് പദ്ധതി തയാറാക്കിയത്. ഇതിനായി എറണാകുളത്തുള്ള ഒരു കാറിന്റെ നമ്പർ സംഘടിപ്പിച്ച്, അതേ രീതിയിൽ മുബാറക്കിന്റെ കാർ ഒരുക്കിയാണ് മൂവർ സംഘം പുറപ്പെട്ടത്. വൈകിട്ട് 4.20ന് 62 ലക്ഷം രൂപ സവാദ് ബാങ്കിൽ നിന്നു പിൻവലിച്ചു.ശേഷം പുത്തൂർ ഭാഗത്തെ എടിഎമ്മിലേക്ക് പണം നിറയ്ക്കാനായി ഗോകുൽ പോയി.

പിന്നാലെ മൂവർ സംഘവും. പുത്തൂരിലെ എടിഎമ്മിനു ശേഷം, കോട്ടാത്തല വഴി പൂവറ്റൂർ എടിഎമ്മിൽ എത്തിയ 6.08 വരെയും  ഗോകുലിനെ സംഘം പിന്തുടർന്നു.  ഗോകുൽ പട്ടാഴിയിലെ എടിഎമ്മിലേക്ക്  വരുമ്പോൾ വിരുത്തി ഭാഗത്ത് വച്ച് ഇവർ ഗോകുലിനെ കാണുകയും ബൈക്കിനു പിന്നിൽ കാറിടിച്ചു വീഴ്ത്തുകയുമായിരുന്നു. തെറിച്ചു വീണു പരുക്കേറ്റ ഗോകുൽ ഭയന്ന് നിൽക്കുമ്പോൾ കാറിൽ നിന്നിറങ്ങിയ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി. ഭയന്ന ഗോകുൽ സമീപത്തെ വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. ഈ സമയം ബൈക്കിലുണ്ടായിരുന്ന പണം അടങ്ങിയ ബാഗ് സംഘം കൈക്കലാക്കി കടന്നു. മറ്റു എടിഎമ്മുകളിൽ പണം നിക്ഷേപിച്ചതിന്റെ ബാക്കി തുകയായ 13.60 ലക്ഷം രൂപയാണ് ബാഗിലുണ്ടായിരുന്നത്. 

സിസിടിവി കുടുക്കി

ദുരൂഹതയേറെയുണ്ടായ പണം തട്ടൽ കേസിൽ സിസിടിവിയാണ് പ്രതികളെ കുടുക്കുന്നതിൽ നിർണായകമായത്. കൊട്ടാരക്കര ടൗണിലും സമീപത്തുമായി നടത്തിയ പരിശോധനയിലാണ് കാർ കണ്ടെത്തിയത്. ഇത് പിന്തുടർന്നെത്തിയത് കൊച്ചിയിൽ. വ്യാജമായി ഉപയോഗിച്ച് നമ്പറുള്ള കാറിന്റെ യഥാർഥ ഉടമയ്ക്ക് സംഭവവുമായി ബന്ധമില്ലെന്നറിഞ്ഞതോടെ പൊലീസ് വീണ്ടും കുഴഞ്ഞു. പിന്നീട് ഇതേ കളറിലുള്ള കാർ കണ്ടെത്താനുള്ള ശ്രമമായി. ഇതാണ് മുജീബിലേക്ക് അന്വേഷണം എത്തിച്ചത്. മുജീബിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷിലേക്ക് കാര്യങ്ങളെത്തിയതും തുടർന്ന് അറസ്റ്റുണ്ടായതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com