ADVERTISEMENT

പുനലൂർ ∙ കൊല്ലം – ചെന്നൈ എഗ്‌മൂർ എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിന്റെ അടിഭാഗത്ത് ഓട്ടത്തിനിടെ വിള്ളൽ രൂപപ്പെട്ടു. ഗുരുതരമായ സുരക്ഷാ പ്രശ്നം ഉണ്ടായേക്കാമായിരുന്ന വിള്ളൽ കണ്ടെത്തി ബോഗി മാറ്റിയാണ് ട്രെയിൻ യാത്ര തുടർന്നത്. ട്രെയിൻ ഓടുന്ന സമയത്ത് കോച്ചിൽ രൂപപ്പെട്ട വിള്ളൽ കണ്ടെത്താതിരുന്നെങ്കിൽ അത് വൻ അപകടത്തിനു വഴിവയ്ക്കുമായിരുന്നെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചു. കൊല്ലത്തു നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.15ന് 14 ബോഗികളുമായി യാത്ര തിരിച്ച ട്രെയിൻ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് എസ് 3 കോച്ചിന്റെ അടിഭാഗത്ത് ഷാസിയിൽ വലിയ വിള്ളൽ ശ്രദ്ധയിൽപെട്ടത്.

തുടർന്ന് ഈ റിസർവേഷൻ കോച്ചിലെ യാത്രക്കാരെ എസ് 2 കോച്ചിലേക്ക് മാറ്റി. ഒരുമണിക്കൂർ കൊണ്ട് ഷണ്ടിങ് നടത്തി വിള്ളലുണ്ടായ ബോഗി മാറ്റി. 13 ബോഗികളുമായി യാത്രതിരിച്ച ട്രെയിൻ മധുരയിൽ എത്തി പുതിയ ബോഗി ഘടിപ്പിച്ച് യാത്ര തുടരുകയായിരുന്നു. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമിച്ച ഇരുപതു വർഷത്തോളം പഴക്കമുള്ള കോച്ചാണിത്. പുനലൂർ മുതൽ ഭഗവതിപുരം വരെയുള്ള പശ്ചിമഘട്ട മേഖലയിൽ 30 കിലോമീറ്റർ വേഗത്തിലും ചെങ്കോട്ട മുതൽ തെങ്കാശി വരെ 70 കിലോമീറ്റർ വേഗത്തിലും അവിടെ നിന്നു ചെന്നൈയിലേക്ക് 100 കിലോമീറ്റർ വേഗത്തിലുമാണ് ഈ എക്സ്പ്രസ് ട്രെയിൻ സഞ്ചരിക്കുന്നത്.

പശ്ചിമഘട്ട മേഖലയിലൂടെ മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിച്ചാണ് (ബാങ്കർ സംവിധാനം) പുനലൂർ മുതൽ ചെങ്കോട്ട വരെ ട്രെയിൻ പോകുന്നത്. ചെങ്കോട്ട മുതൽ മുന്നിൽ മാത്രമാണ് എൻജിൻ. ഉച്ചതിരിഞ്ഞ് 3.36നാണ് ബോഗി വേർപെടുത്തിയ ശേഷം ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ യാത്ര തുടർന്നത്. നിലവിൽ പശ്ചിമഘട്ടം വഴി കടന്നു പോകുന്ന പാലരുവി എക്സ്പ്രസിലും പുനലൂരിൽ നിന്നു കൊല്ലം വഴി കടന്നു പോകുന്ന മധുര, ഗുരുവായൂർ, കന്യാകുമാരി എന്നീ ട്രെയിനുകളിലും പഴയ ഐസിഎഫ് കോച്ചുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com