ADVERTISEMENT

കൊല്ലം∙ 2023 ലെ ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ് കരസ്ഥമാക്കി കൊല്ലം ജില്ലാ ആശുപത്രിയിലെ ഗ്രേഡ് 1 നഴ്സിങ് ഓഫിസർ എ.ആർ.ഗീത. നഴ്സിങ് മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾ, രോഗീപരിചരണം, വിവിധ രോഗീപരിചരണ മേഖലയിലെ പ്രാവീണ്യം, പാലിയേറ്റിവ് രംഗത്തെ പ്രവർത്തനം, കോവിഡ് കാലത്തെ പ്രത്യേക പരിചരണം, കാൻസർ വാർഡുകളിലെ രോഗികൾക്ക് നൽകിയ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ കൊല്ലം ജില്ലയിലെ പ്രധാന ആതുര സേവനം നടത്തുന്നതിൽ മുന്നിൽ നിന്ന പ്രവർത്തനങ്ങളാണ് എ.ആർ.ഗീതയെ അവാർഡിന് അർഹയാക്കിയത്.

കഴിഞ്ഞ 23 വർഷങ്ങളായി വിവിധ ആരോഗ്യ മേഖലകളിൽ ആതുരസേവന രംഗത്ത് നൽകിയ സേവനം ദേശീയ അവാർഡിലേക്ക് നയിച്ചു. 19 വർഷമായി കേരള ആരോഗ്യ വകുപ്പിൽ ജോലി ചെയ്തു വരുന്നു. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രധാന ആശുപത്രികളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിലെ കാൻസർ വാർഡിൽ 3 വർഷമായി ജോലി നോക്കി വരുന്നു. ആരോഗ്യ വകുപ്പിൽ ജോലിക്ക് കയറുന്നതിനു മുൻപ് 4 വർഷത്തോളം കൊല്ലം ദാമോദർ മെമ്മോറിയൽ ആശുപത്രി, അടൂർ മാറിയ ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൊല്ലം സ്കൂൾ ഓഫ് നഴ്സിങ്ങിൽ നിന്നു ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ്, തിരുവനന്തപുരം ചിത്ര ആശുപത്രിയിൽ നിന്നു റോൾ ഓഫ് നഴ്സ് ഇൻ എമർജൻസി കെയർ, തിരുവനന്തപുരം ആർസിസിയിൽ നിന്നും കീമോതെറാപ്പി ട്രെയിനിങ്. ഫൗണ്ടേഷൻ കോഴ്സ് ഇൻ പാലിയേറ്റിവ് കെയർ, ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നും കീമോ ഡയാലിസിസ് പെരിട്ടോണിയൽ ആൻഡ് ഡയാലിസിസ് പ്രത്യേക ട്രെയിനിങ് എന്നീ മേഖലകളിൽ പരിശീലനം നേടിയിട്ടുണ്ട്. 19 ന് ഡൽഹിയിൽ വച്ച് നടക്കുന്ന ദേശീയ അവാർഡ് ദാന ചടങ്ങിൽ രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും. പ്രശസ്തി പത്രവും, മെഡലും, 50000 രൂപയും അടങ്ങുന്നതാണ് അവാർഡ്. കൊല്ലം തിരുമുല്ലാവാരം വിഷ്ണത്തുകാവ് സുഗീതത്തിൽ സംസ്ഥാന സ്പെഷൻ ബ്രാഞ്ച് എസ്ഐ  കെ.എൻ.സുനിൽകുമാറാണ് ഭർത്താവ്. മക്കൾ: എസ്.അഖിൽ, എസ്.ആര്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com