ADVERTISEMENT

കൊല്ലം∙ ഗവേഷണം നടത്തി ശാസ്ത്രീയമായാണു കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. എഐ ക്യാമറ അഴിമതിയുടെ പശ്ചാത്തലത്തിൽ, കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർണാടക തിരഞ്ഞെടുപ്പിൽ മുൻ ബിജെപി സർക്കാരിന് എതിരെ 46 ശതമാനം അഴിമതി എന്നായിരുന്നു കോൺഗ്രസ് ആരോപിച്ചിരുന്നത്. എന്നാൽ, കേരളത്തിൽ പദ്ധതി ചെലവിന്റെ മൂന്നിൽ രണ്ടു തുകയാണ് കമ്മിഷനായി മുഖ്യമന്ത്രിയുടെ വീട്ടിലെ പെട്ടിയിൽ എത്തുന്നത്. അഴിമതിപ്പണമെല്ലാം വന്നുചേരുന്നത് ഒരാളിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ അഴിമതി പ്രതിപക്ഷം ഉന്നയിക്കുമ്പോൾ മറുപടി പറയാതെ ഒളിച്ചോടുകയാണ്. മുഖ്യമന്ത്രിയെ കൊണ്ട് ആരോപണങ്ങൾക്ക് എല്ലാം മറുപടി പറയിക്കും. മുഖ്യമന്ത്രിയുടെ ബന്ധുവിനു പങ്കാളിത്തമുള്ള കമ്പനിക്കു ലാഭമുണ്ടാക്കാനാണ് എഐ ക്യാമറ അഴിമതി. സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയുടെ പ്രതീകങ്ങളാണ് 726 എഐ ക്യാമറകൾ. അതീവ സൂക്ഷ്മതയോടെയാണ് അഴിമതി നടത്തുന്നത്. മെഡിക്കൽ സർവീസസ് കോർപറേഷനിലൂടെ അനാവശ്യമായി വാങ്ങിക്കൂട്ടിയത് 1032 കോടി രൂപയുടെ ഉൽപന്നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

കൊല്ലം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷനായിരുന്നു. കോൺഗ്രസ് നേതാക്കളായ എം.എം. നസീർ, കെ.സി. രാജൻ, ബിന്ദു കൃഷ്ണ, ശൂരനാട് രാജശേഖരൻ, ചിറ്റുമൂല നാസർ, സൂരജ് രവി, എസ്. വിപിനചന്ദ്രൻ, പി. ജർമിയാസ്, രവി മൈനാഗപ്പള്ളി, ഡി. ഗീതാകൃഷ്ണൻ, കൃഷ്ണവേണി ശർമ, എൻ. ഉണ്ണിക്കൃഷ്ണൻ, ജോർജ് ഡി. കാട്ടിൽ, കെ. ബേബിസൺ, ആനന്ദ് ബ്രഹ്മാനന്ദ്, ആർ. രമണൻ, എം. നാസർ, യു. വഹീദ, ആർ. രശ്മി തുടങ്ങിയവർ പ്രസംഗിച്ചു.അഴിമതിയുടെ ദൃഷ്ടാന്തമാണ് എഐ ക്യാമറ കൊള്ളയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

∙ പിണറായി ഭരണകാലത്തെ ഏറ്റവും ഭീകരമായ അഴിമതിയുടെയും തട്ടിപ്പിന്റെയും ദൃഷ്ടാന്തമാണ് എഐ ക്യാമറ കൊള്ളയും കെ–ഫോൺ എന്ന തട്ടിപ്പുമെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.  കെൽട്രോൺ കമ്പനിയെ മുന്നിൽ നിർത്തി ദുരൂഹമായ തുകയ്ക്കു ക്യാമറകൾ വാങ്ങിക്കൂട്ടിയതിനു പിന്നിലെ അഴിമതി കോൺഗ്രസ് പുറത്തു കൊണ്ടു വരുക തന്നെ ചെയ്യുമെന്ന് എംപി പറഞ്ഞു.കെ–ഫോൺ എന്ന പേരിൽ അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ച പദ്ധതിയും ജനങ്ങൾക്കു മേൽ കെട്ടി വയ്ക്കുകയാണ്.

നിലവാരം കുറഞ്ഞ ചൈനീസ് നിർമിത ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ചും 4 കോടിയോളം രൂപ ഉദ്ഘാടനത്തിനു ധൂർത്തടിച്ചും എത്ര വരിക്കാർ ഉണ്ടെന്ന സംഖ്യയിൽ പോലും തിരിമറി നടത്തിയും മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ കമ്പനികളിൽ നിന്നു നടപ്പാക്കുന്ന കെ–ഫോൺ പദ്ധതി അഴിമതിയുടെ കേരള മോഡൽ ആണെന്നും എംപി ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com