കൊല്ലം ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉൾപ്പെടെയുള്ള നേതാക്കളെ ആക്രമിച്ച കേസിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അടക്കം 2 പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, ഡിവൈഎഫ്ഐ കൊല്ലം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സനോഫർ എന്നിവരാണ് ഇന്നലെ രാത്രിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി 21നു ചിന്നക്കടയിൽ വച്ചാണു വിഷ്ണു സുനിൽ പന്തളം അടക്കമുള്ളവരെ സംഘം ചേർന്ന് എത്തിയ ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും ചേർന്ന് ആക്രമിച്ചത്. ഈ കേസിൽ ശ്യാം മോഹൻ രണ്ടാം പ്രതിയും സനോഫർ ആറാം പ്രതിയുമാണ്. കേസിലെ മറ്റു പ്രതികളായ ഡിവൈഎഫ്ഐ കൊല്ലം ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ബിലാൽ, ബ്ലോക്ക് കമ്മിറ്റിയംഗം ഷൈനുദ്ദീൻ, ഡിവൈഎഫ്ഐ പ്രവർത്തകൻ ആനന്ദ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
കേസുമായി ബന്ധപ്പെട്ടു ശ്യാം മോഹൻ അടക്കമുള്ളവർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. അന്വേഷണം മറ്റ് ഏജൻസിക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു വിഷ്ണു സുനിൽ പന്തളം വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും കോടതി പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ ഇരുവരും സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.