ADVERTISEMENT

തൃക്കോവിൽവട്ടം∙ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ 4 പേർക്ക് പരുക്ക്. ഇന്നലെ രാവിലെ 7 ന് തട്ടാർക്കോണത്ത് പ്രവർത്തിക്കുന്ന അറവുശാലയിൽ കൊണ്ടുവന്ന പോത്താണ് വിരണ്ടത്. 3 മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ പോത്തിനെ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി പിടിച്ച് കെട്ടുകയായിരുന്നു.

തട്ടാർക്കോണം സ്വദേശി റിയാസ് തിരുനെൽവേലിയിൽ നിന്നും കൊണ്ടുവന്ന 3 പോത്തുകളിൽ ഒന്നാണ് വിരണ്ടോടിയത്. അറവുശാലയിലേക്കു കയറ്റുന്നതിനിടെ വിരണ്ട പോത്ത് റിയാസിനെ കുത്തി മറിച്ച ശേഷം റോഡിലൂടെ മാമ്പുഴ വയൽ വഴി താഴാംപണ ഭാഗത്തേക്ക് ഓടി. ഓടുന്ന വഴി ഇരുചക്ര വാഹനത്തിൽ ലോട്ടറി കച്ചവടം ചെയ്യുകയായിരുന്ന ആളെയും രണ്ട് സ്ത്രീകളെയും ആക്രമിച്ചു. ഇവരെ വിവിധ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകി.

തുടർന്ന് പോത്ത് റോഡിലൂടെ കൊറ്റങ്കര വായനശാല ഭാഗത്തേക്ക് ഓടി. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേർ റോഡിൽ ഉണ്ടായിരുന്നെങ്കിലും ആരെയും ആക്രമിച്ചില്ല. പിന്നീട് അഗ്നിരക്ഷ സേനാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ വായനശാല ജംക്‌ഷനിൽ വച്ച് പോത്തിനെ പിടിച്ച് കെട്ടുകയായിരുന്നു.

തുടർന്ന് പിക്കപ് വാഹനത്തിൽ തട്ടർകോണത്തേക്കു കൊണ്ട് പോയി. കടപ്പാക്കട ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ സുനിൽ കുമാർ, എസ്ആർഒ ഷെഹീർ, അഗ്നി രക്ഷാസേന അംഗങ്ങളായ മനീഷ്, ഉണ്ണി, വിവേക്, വിമൽ എന്നിവർ അടങ്ങിയ സംഘമാണ് പോത്തിനെ പിടിച്ചു കെട്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com