ADVERTISEMENT

കൊല്ലം ∙ ഇന്ത്യൻ കോഫി ഹൗസിലെ തീൻ മേശയ്ക്ക് മുന്നിലെ രുചിയും ചൂടും നിറഞ്ഞ ബൗദ്ധിക ചർച്ചകൾ ഇനി ഓർമയായി മാറും. 58 വർഷം കൊല്ലം നഗരത്തിലെ സാമൂഹിക – സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്ന ഇന്ത്യൻ കോഫി ഹൗസ് ഇനി ഒരാഴ്ച കൂടി മാത്രം. 15നു മുൻപ് അടച്ചു പൂട്ടാനാണ് തീരുമാനം. 

നിലനിന്നു പോകുന്നതിന് ആവശ്യമായ വരുമാനം ഇല്ലെന്നു പറഞ്ഞാണ് കൊല്ലം കോഫി ഹൗസ് അടച്ചു പൂട്ടുന്നത്. കഴിഞ്ഞ ദിവസം തൃശൂരിലെ കാര്യാലയത്തിൽ നിന്നു സെക്രട്ടറി ഉൾപ്പെടെ എത്തിയിരുന്നു. നിലവിൽ കോഫി ഹൗസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക കാലാവധി 15 ന് അവസാനിക്കും. ഇതോടെ കോഫി ഹൗസ് അടച്ചുപൂട്ടി ജീവനക്കാരെ കൊട്ടാരക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. 

തൊഴിലാളികളുടെ സഹകരണ സംഘമായ ഇന്ത്യൻ കോഫി ഹൗസ് 1965 ജൂലൈ 27 നാണ് കൊല്ലത്ത് ആരംഭിച്ചത്. കപ്പലണ്ടി മുക്കിൽ ആയിരുന്നു തുടക്കം. പിന്നീട് ഇത് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിടം ഒഴിയേണ്ടി വന്നതോടെയാണ് അർച്ചന – ആരാധന തിയറ്റർ സമുച്ചയത്തിലേക്ക് 2014 ൽ കോഫി ഹൗസ് മാറിയത്. ഇതോടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. എങ്കിലും പിടിച്ചു നിൽക്കാനുള്ള ശ്രമം ആയിരുന്നു. 

ഒന്നര പതിറ്റാണ്ടായി പുതിയ നിയമനം ഇല്ലാത്തതിനാൽ ജീവനക്കാരുടെ കുറവും നേരിടുന്നു. രണ്ടു മാസത്തിനിടയിൽ കോഫി ഹൗസിന്റെ വിവിധ ശാഖകളിൽ നിന്നു അൻപതിലേറെ ജീവനക്കാർ വിരമിച്ചു. 90 പേർക്ക് ഇരിപ്പിടമുള്ള ഇവിടെ ഭക്ഷണം നൽകുന്നതിന് 2 പേർ മാത്രം. ആകെ ജീവനക്കാർ 20 പേരും. 

സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ നേതാക്കളുടെ ബൗദ്ധിക ചർച്ചകളുടെ ഇടമായിരുന്നു ഇന്ത്യൻ കോഫി ഹൗസ്. പഴയ കാലത്തെ തിരക്ക് ഇല്ലെങ്കിലും പതിവായി ഇവിടെയെത്തി ദീർഘനേരം ചർച്ച നടത്തുന്ന കൂട്ടായ്മകൾ ഇപ്പോഴും ഉണ്ട്. അതെല്ലാം കൊല്ലത്തിന്റെ ഗതകാല സ്മരണകളാകും.

English Summary: The Indian Coffee House in Kollam is closing down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com