പുനലൂർ ∙ കടശേരി ചെളിക്കുഴിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ പട്ടികജാതി വിഭാഗത്തിൽപെട്ട രണ്ടു സ്ത്രീകളെ ജയിലിൽ അടച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ചും 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആവശ്യപ്പെട്ടും കേരള കോൺഗ്രസ് (എം) പുനലൂർ ഡിഎഫ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.
ഉന്നതാധികാര സമിതി അംഗം ബെന്നി കക്കാട് ധർണ ഉദ്ഘാടനം ചെയ്തു. കടശേരി സംഭവത്തിലെ പ്രതിയായ ശിവദാസന്റെ സർക്കാർ ഉദ്യോഗസ്ഥനായ മകളുടെ ജോലി നഷ്ടപ്പെടുന്ന വിധം വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യാജ വിവരങ്ങൾ ഉൾപ്പെടുത്തി കേസ് ചുമത്തിയത് കുടുംബത്തോട് ചെയ്ത കടുത്ത അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷീരകർഷക കുടുംബമായ ഇവർക്കുണ്ടായിരുന്ന 20 പശുക്കളിൽ 16 എണ്ണത്തിനെ നോക്കാൻ ആളില്ലാത്തതിനാൽ അവർക്ക് വിൽക്കേണ്ടി വന്നു. വീട്ടുവളപ്പിൽ വച്ച് ഒരു പശുവിനെ പുലി കൊന്നു. വനാതിർത്തി പ്രദേശത്ത് കർഷകരെ മനഃപൂർവം ദ്രോഹിക്കുന്ന വിധമാണ് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്.ഇത് അനുവദിക്കാനാവില്ല. കടശേരി സംഭവത്തിൽ വനം വകുപ്പ് പ്രതികളാക്കിയ സ്ത്രീകളുടെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ബെന്നി കക്കാട് പറഞ്ഞു തടിക്കാട് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മാലേത്ത് പ്രതാപചന്ദ്രൻ, രഞ്ജിത്ത് തോമസ്, എ.ഇക്ബാൽ കുട്ടി, സജി ജോൺ കുറ്റിയിൽ, ബിറ്റു വൃന്ദാവൻ,മാങ്കോട് ഷാജഹാൻ, വി.എം.റെക്സോൺ, എസ്.എം.ഷെറീഫ്, ഏഴംകുളം രാജൻ, ജസ്റ്റിൻ രാജു , റെജി ഉമ്മൻ, വി.ഐ. സാംകുട്ടി, മുഹമ്മദ് കാസിം, ആർ.ആരോമലുണ്ണി, ഷീല ഉണ്ണി, ലിജി വിൽസൻ, സെയ്ദ് മുഹമ്മദ്, സന്തോഷ് ഉറുകുന്ന്, രാജു മാത്യു, ഡാനിയേൽ ജോൺ, ബാബു മാത്യു, ഷിബു നരിക്കൽ, ജോസ് ജേക്കബ്, രമേശൻ തേവർ തോട്ടം, ബോബൻ ജോർജ് എന്നിവർ പ്രസംഗിച്ചു.