ADVERTISEMENT

കൊല്ലം∙ കൊല്ലം–പരവൂർ വഴിയുള്ള തീരദേശപാത സംരക്ഷണം ശാസ്ത്രീയമായല്ലെന്നു വിലയിരുത്തൽ. തീരം തകർത്ത് ആർത്തലച്ച് എത്തുന്ന തിരമാലകളിൽ നിന്നു റോഡുകളെ സംരക്ഷിക്കാനുള്ള സംരക്ഷണ ഭിത്തിയോ മറ്റു സൗകര്യങ്ങളോ ഇല്ലാതെയാണ് ഓരോ വർഷവും ഈ റോഡു വികസിപ്പിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. കൊല്ലം ബീച്ച് മുതൽ കാപ്പിൽ ബീച്ച് വരെ ഏകദേശം 14 കിലോമീറ്റർ ഭാഗമാണ് ജില്ലയിൽ തീരദേശ റോഡിന്റെ ഭാഗമായുള്ളത്. ഇതിൽ ചില ഭാഗങ്ങളിൽ റോഡിലെ ടാറില്ല. എന്നാൽ, ചിലയിടങ്ങളിൽ നന്നായി ടാർ ചെയ്തും ടൈൽ പാകിയും സംരക്ഷിച്ചിട്ടുണ്ട്. തിരകളുടെ ശക്തിയിലാണ് റോഡുകളെടുത്തു കൊണ്ടു പോകുന്നത്. തീരസംരക്ഷണത്തിനുള്ള സംവിധാനമാണ് ആദ്യഘട്ടത്തിൽ വേണ്ടിയത്.

തകർന്നു കിടക്കുന്ന മുക്കം പൊഴി റോഡ്.

കടൽത്തിരയെ നിയന്ത്രിക്കാനാകില്ല. പകരം, കടൽത്തിരയുടെ ശക്തി പുലിമുട്ട് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ കുറച്ചെങ്കിലും പ്രതിരോധിക്കാൻ കഴിയും. ടെട്രാപോഡ് ഉൾപ്പെടെയുള്ളവ കൊണ്ട് സംരക്ഷണ ഭിത്തികൾ നിർമിച്ചും തീരത്തെ സംരക്ഷിക്കാം. റോഡുകൾ നവീകരിക്കുന്നതിനു മുൻപു തന്നെ ശക്തമായ കരിങ്കൽ ഭിത്തികൾ നിർമിച്ച് തീരത്തെ തിരകളിൽ നിന്നു സംരക്ഷിക്കാം. നിലവിലെ ഉയരത്തിൽ നിന്ന് ഒന്നു മുതൽ രണ്ട് അടിയെങ്കിലും ഉയരത്തിൽ റോഡുകൾ നിർമിച്ചാൽ നാട്ടുകാർക്ക് കൂടുതൽ ഉപയോഗപ്രദമാകുമെന്നും വിലയിരുത്തുന്നു. നിലവിലെ റോഡിൽ ഭാഗങ്ങളിൽ ഉത്തരത്തിൽ റോഡുയർത്തി തറയോടു പാകിയിട്ടുണ്ട്.

കൊല്ലത്തെ തീരദേശപാതയുടെ നവീകരണം ജില്ലയിലെ ടൂറിസം പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്തും. നിലവിലുള്ള റോഡിലൂടെ വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളാണ് കടന്നുപോകുന്നത്. കൂടുതൽ മെച്ചപ്പെട്ട റോഡും പാർക്കിങ് സൗകര്യവും ഒരുക്കിയാൽ കൂടുതൽ സഞ്ചാരികളെത്തും. കടലും കായലും അഭിമുഖമായി നിൽക്കുന്ന അപൂർവ കാഴ്ച ഈ പാതയിലെ സഞ്ചാരികൾക്ക് ആസ്വദിക്കാം. സഞ്ചാരികളുടെ വരവ് തീരമേഖലയിലുളളവരുടെ ഉപജീവന മാർഗവും മെച്ചപ്പെടുത്തും. സംസ്ഥാന തലത്തിൽ ടൂറിസം, വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന 625 കിലോമീറ്റർ ദൈർഘ്യമുള്ള കേരള തീരദേശ ഹൈവേയുടെ ഭാഗമാണ് കൊല്ലം തീരദേശപാതയും. തീരദേശ ഹൈവേയുടെ വികസനം വൈകാതെ ഇവിടെയും എത്തുമെന്നാണ് വിലയിരുത്തൽ.

തകർച്ച ഒറ്റനോട്ടത്തിൽ

∙താന്നി മുക്കം (പരവൂർ കായലിൽ നിന്ന് മഴക്കാലത്ത് ജലം കടലിലേക്ക് ഒഴുക്കി വിടുന്ന പൊഴി)
∙ താന്നി (പരവൂർ മുനിസിപ്പാലിറ്റിയുടെയും മയ്യനാട് പ‍ഞ്ചായത്തിന്റെയും അതിർത്തി, ചാത്തന്നൂർ ഇരവിപുരം നിയോജക മണ്ഡലങ്ങളുടെ അതിർത്തി) ജി.എസ്.ജയലാൽ പരവൂർ മുനിസിപ്പാലിറ്റി തീരപ്രദേശത്തെ റോഡ് മാസങ്ങൾക്ക് മുൻപ് തറയോടുകൾ പാകി ശരിയാക്കി, എം.നൗഷാദ് മയ്യനാട് പഞ്ചായത്തിലെ തീരദേശ റോഡും നവീകരിച്ചു. ഇവയ്ക്കു രണ്ടിനും മധ്യഭാഗത്തെ 400 മീറ്ററോളം ദൂരത്തിൽ റോഡ് തകർന്നു കിടക്കുന്നു.
∙ കാക്കത്തോപ്പ്: ഇരവിപുരം ബീച്ചിന് സമീപം ശക്തമായ തിരമാല കാരണം അടിഭാഗത്തെ മണൽ ഒലിച്ചു പോകുന്നതിനാൽ റോഡ് കടലിനോട് ചേർന്ന ഭാഗത്ത് തകർന്നു കൊണ്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com