ADVERTISEMENT

ആയൂർ  ∙ എംസി റോഡിൽ മത്സ്യം കയറ്റി വന്ന മിനി ഫ്രീസർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയായ കർണാടക സ്വദേശിനി മരിച്ചു. 5 പേർക്കു പരുക്കേറ്റു. കർണാടക ഷഹാപൂർ യാദാഗിരിയിൽ ഗീതാഞ്ജലിയാണ് (45) മരിച്ചത്. സാരമായി പരുക്കേറ്റ ഗീതാഞ്ജലിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നു തിരുവനന്തപുരത്തേക്കു കൊണ്ടു പോകുന്നതിനിടെ ഇവരെ കയറ്റിയ ആംബുലൻസ് അപകടം നടന്ന വയയ്ക്കൽ ജംക്‌ഷനിൽ വീണ്ടും അപകടത്തിൽപ്പെട്ടു. ഇവരെ പിന്നീട് മറ്റൊരു ആംബുലൻസിലാണ് തിരുവനന്തപുരത്തേക്കു കൊണ്ടു പോയത്.

എംസി റോഡിൽ വയയ്ക്കൽ ജംക്‌ഷനിൽ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മറിഞ്ഞ ഫ്രീസർ ലോറി.

കാർ യാത്രികരായ കർണാടക യാദാഗിരി ഷാഹാപൂർ ഇത്താഗ നമ്പർ 115 ൽ നിജാബുനയ്യ സ്വാമി ഹിർമാത്ത് (82), ഭാര്യ ദാനമ്മ (78), മരിച്ച ഗീതാഞ്ജലിയുടെ മകൾ ഐശ്വര്യ (24), തൃശൂർ സ്വദേശി ഷിബു, ഫ്രീസർ ലോറിയിലെ സഹായി ആലപ്പുഴ പുന്നപ്ര സ്വദേശി നൗഷാദ് (58) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ ഐശ്വര്യ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലും ബാക്കിയുള്ളവർ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ 12 ന് എംസി റോഡിൽ വയയ്ക്കൽ ജംക്‌ഷനിലായിരുന്നു അപകടം. നേർക്കുനേർ ഉള്ള ഇടിയിൽ ഇരുവാഹനങ്ങളും പൂർണമായും തകർന്നു. കൊട്ടാരക്കര ഭാഗത്തേക്കു പോയ കർണാടക റജിസ്ട്രേഷനിലുള്ള കാറും ചടയമംഗലം ഭാഗത്തേക്കു മത്സ്യവുമായി വന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.

പരുക്കേറ്റ കാർ യാത്രികയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു നടപ്പാതയുടെ കൈവരിയിൽ ഇടിച്ചു നിൽക്കുന്നു.

ഇടിയുടെ ആഘാതത്തിൽ മിനിലോറി റോഡിന്റെ വശത്തേക്കു മറിഞ്ഞു. ഇതിൽ നിന്നുള്ള ഓയിൽ, ഡീസൽ എന്നിവ റോഡിൽ പരന്നു. പൂർണമായും തകർന്ന കാറിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടു മുൻവാതിൽ പൊളിച്ചാണു പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻചക്രങ്ങളും കാറിന്റെ മുൻവശത്തെ ടയറും ഊരിത്തെറിച്ചു. മത്സ്യം മറ്റൊരു വാഹനത്തിലേക്കു മാറ്റിയ ശേഷമാണ് ലോറി ഉയർത്തിയത്. അപകട സ്ഥലത്തെത്തിയ വാളകം എയ്ഡ് പോസ്റ്റ് പൊലീസും നാട്ടുകാരും രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അപകടത്തെ തുടർന്ന് റോഡിൽ നിരന്ന ഓയിൽ, ഡീസൽ എന്നിവ കൊട്ടാരക്കരയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേന വെള്ളം പമ്പു ചെയ്തു വൃത്തിയാക്കി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

പരിഭ്രാന്തി പരത്തി രണ്ടാം അപകടം 

വയയ്ക്കൽ ∙ സാരമായി പരുക്കേറ്റ കാർ യാത്രിക ഗീതാഞ്ജലിയെ കൊട്ടാരക്കരയിൽ നിന്നു തിരുവനന്തപുരത്തേക്കു കൊണ്ടു പോകുന്നതിനിടെ അപകടം നടന്ന വയയ്ക്കൽ ജംക്‌ഷനിൽ ഇവരെ കൊണ്ടു പോയ ആംബുലൻസും അപകടത്തിൽപ്പെട്ടത് പരിഭ്രാന്തി പരത്തി. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് റോഡിൽ ഓയിലും ഡീസലും നിരന്നിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ കിടന്നതിനാൽ ഇതുവഴി വന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിച്ചു ഒരു വശത്തുകൂടി മാത്രമാണ് കടത്തി വിട്ടത്. രോഗിയുമായി ആംബുലൻസ് എത്തിയപ്പോൾ എതിർ ദിശയിൽ നിന്നും ബസ് കയറി വന്നു.

ആംബുലൻസ് പെട്ടെന്നു ബ്രേക്കിട്ടപ്പോൾ തെന്നി സമീപത്തു നിർത്തിയിട്ടിരുന്ന അഗ്നിരക്ഷാ സേനയുടെ വാഹനത്തിന്റെ പിന്നിലും നടപ്പാതയുടെ കൈവരിയിലും ഇടിച്ചു. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. പിന്നീട് വയയ്ക്കലിൽ നിന്നു തന്നെ മറ്റൊരു ആംബുലൻസ് വരുത്തി ഓക്സിജൻ ഉൾപ്പെടെ ഇതിലേക്കു മാറ്റിയാണ് ഗീതാഞ്ജലിയെ തിരുവനന്തപുരത്തേക്കു കൊണ്ടു പോയത്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ‌ മരിച്ചു.

ചെലവഴിച്ചത് കോടികൾ‌; അപകടങ്ങൾ തുടർക്കഥ

വയയ്ക്കൽ ∙ സുരക്ഷയ്ക്കായി കോടികൾ ചെലവഴിച്ചിട്ടും എംസി റോഡിൽ അപകടങ്ങൾ വിട്ടൊഴിയുന്നില്ല. മൂന്നു ദിവസത്തിനിടെ വയയ്ക്കൽ ഭാഗത്തു മാത്രം വലിയ രണ്ടു അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ ഒരാൾ മരിക്കുകയും 6 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. വയയ്ക്കൽ വഞ്ചിപ്പെട്ടി ജംക്‌ഷനിൽ പെട്രോളുമായി എത്തിയ ടാങ്കർ ലോറി കാറിൽ ഇടിച്ചു മറിഞ്ഞിരുന്നു. അപകടത്തിൽ കാർ പൂർണമായും തകരുകയും കാർ യാത്രികനു സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. പെട്രോൾ ചോർച്ച ഉണ്ടായത് പ്രദേശത്തെ മുഴുവൻ ആശങ്കയിലാക്കി.

പൊലീസ്, അഗ്നിരക്ഷാ സേന, ഐഒസി ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പരിശ്രമത്തെ തുടർന്നാണ് പെട്രോൾ സുരക്ഷിതമായി മറ്റൊരു ടാങ്കറിലേക്കു മാറ്റി അപകടം ഒഴിവാക്കിയത്. ഇതിന്റെ ആഘാതം മാറുന്നതിനു മുൻപാണ് ഇതിനു സമീപം ഇന്നലെ മത്സ്യം കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ചു വീണ്ടും അപകടം ഉണ്ടായത്. ഇതിൽ കർണാടക സ്വദേശിയായ ഒരാൾ മരിക്കുകയും 5 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ്, മോട്ടർവാഹന വകുപ്പ് എന്നിവരുടെ പരിശോധനകൾക്കും കുറവില്ല. കൂടാതെ ഇപ്പോൾ എംസി റോഡിന്റെ പല ഭാഗങ്ങളിലും എഐ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും അപകടങ്ങൾ കുറയുന്നില്ല. അമിത വേഗം, തെറ്റായ ഓവർടേക്കിങ്, ഡ്രൈവർമാർ ഉറങ്ങിപ്പോവുക എന്നിവയാണ് എംസി റോഡിലെ അപകടങ്ങൾക്കു പ്രധാന കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com