ADVERTISEMENT

പട്ടാഴി വടക്കേക്കര ∙ പാറയ്ക്കു മുകളിൽ ഒരു ഗ്രാമം; കുടിക്കാൻ ഇത്തിരി വെള്ളം വേണമെങ്കിൽ വിദൂര സ്ഥലങ്ങളിലേക്കു പോകണം. റോഡ് സൗകര്യം ഇപ്പോഴും പൂർണമല്ല. അൻപതിലേറെ കുടുംബങ്ങൾ ഉള്ള ഇവിടം പക്ഷേ, അധികൃതർ ഉപേക്ഷിച്ച മട്ടാണ്. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ വെട്ടുതുരുത്തി കോളനിയാണ് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ദുരിതത്തിൽ കഴിയുന്നത്. കൊല്ലം - പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണു കോളനി. ഒറ്റ പാറയുടെ മുകളിലായാണു ഗ്രാമം പൂർണമായും നിൽക്കുന്നത്. ആകെയുള്ള 55 വീടുകളിൽ 40ൽ അധികവും ഈ പാറയുടെ മുകളിലാണു സ്ഥിതി ചെയ്യുന്നത്. ഇതുകാരണം പലരും കിണർ കുഴിക്കുന്നതു പോലും നിർത്തി.

ശുദ്ധജല ക്ഷാമം പരിഹരിക്കാൻ 23 വർഷങ്ങൾക്കു മുൻപു കുടിവെള്ള പദ്ധതി നടപ്പാക്കിയെങ്കിലും അതു പൂർണമായി ഉപേക്ഷിച്ച മട്ടാണ്. ശുചിയാക്കാത്ത കുളത്തിൽ നിന്നു വെള്ളം പമ്പ് ചെയ്തു വിതരണം ചെയ്യുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധം ശക്തം ആക്കിയപ്പോൾ ഈ പദ്ധതി തന്നെ ഉപേക്ഷിച്ചാണ് അധികൃതർ മറുപടി നൽകിയത്. നിലവിൽ ജലനിധി പദ്ധതിയനുസരിച്ച് പൈപ്പിലൂടെ ശുദ്ധജല വിതരണമുണ്ട്. ജലവിതരണം പലപ്പോഴും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഉണ്ടാകുക. ജൂൺ ആറാം തീയതി ആയിട്ടും മഴയില്ലാത്തതിനാൽ അടിവാരത്തെ വീടുകളിൽ പോയിട്ടാണ് ഇവിടുത്തുകാർ ശുദ്ധജലം ശേഖരിക്കുന്നത്.

ഇവിടേക്ക് അനുവദിക്കുന്ന റോഡ് ഉൾപ്പെടെയുള്ള പദ്ധതികളിലും ക്രമക്കേട് നടത്തി അശാസ്ത്രീയമായി നിർമിച്ചു മടങ്ങുകയാണ് പതിവെന്നു നാട്ടുകാർ പരാതിപ്പെടുന്നു. ഗ്രാമത്തിലേക്കു പോകുന്ന വഴിയിലെ കലുങ്ക് ഇതിന് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു. പഴയ കാലത്തെ റേഡിയോ മുറിക്കായി പണിത ഒരു കെട്ടിടമാണ് ഏക സർക്കാർ കെട്ടിടം. പഴക്കം ചെന്ന ഇത് ഇടിഞ്ഞു വീഴാറായ നിലയിലാണ്. മഴ തുടങ്ങുന്നതോടെ പാറയിലൂടെ നടക്കാനും കഴിയില്ല. പായൽ പിടിച്ച് ഇതുവഴിയുള്ള നടത്തം ദുരിതത്തിലാകും. ഇവിടെ നടന്നു പോകുന്നതിനായി ഒരു കൈവരി സ്ഥാപിച്ചതാണ് ഏക വികസന പദ്ധതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com