ഇറച്ചിക്കോഴി വില കുതിക്കുന്നു

local-chicken
SHARE

കൊല്ലം ∙ ജില്ലയിൽ ഇറച്ചിക്കോഴിയുടെ വില കുതിച്ചുയരുന്നു. കോഴിക്ക് കഴിഞ്ഞ മാസത്തേക്കാൾ 50 രൂപയോളമാണ് കിലോയ്ക്ക് വർധിച്ചത്. 150 മുതൽ 180 വരെയാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ കോഴിയുടെ ശരാശരി വില. കോഴിയിറച്ചി മാത്രമായി വാങ്ങുകയാണെങ്കിൽ കിലോയ്ക്ക് 250 രൂപയോളം നൽകണം. കോഴിയിറച്ചിക്ക് മാത്രമായി വില 100 രൂപയോളം വർധിച്ച സ്ഥലങ്ങളും ജില്ലയിലുണ്ട്. ട്രോളിങ് നിരോധനം തുടങ്ങുകയും മത്സ്യ ലഭ്യത കുറയുകയും ചെയ്യുന്നതോടെ ഇനിയും വില വർധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

ഒരു മാസമായി കോഴിയിറച്ചിയുടെ ദിനംപ്രതി വില കുതിച്ചുയരുകയാണ്. ഉത്സവ സീസണോ കോഴിക്ക് ആവശ്യക്കാർ കൂടുകയോ ചെയ്യുന്ന സമയമല്ലാതിരുന്നിട്ടും   വില വർധിക്കുകയാണ്. തമിഴ്നാട് ലോബിയാണ് കോഴിയിച്ചിയുടെ സംസ്ഥാനത്തെ വില നിർണയിക്കുന്നത്. കേരളത്തിലേക്ക് അടുത്ത ആഴ്ചയിലേക്ക് എത്ര കോഴിക്കുഞ്ഞുങ്ങളെ നൽകി എന്ന അടിസ്ഥാനത്തിൽ കൂടിയാണ് വില നിശ്ചയിക്കുക. തമിഴ്നാട് ലോബിയെ നിയന്ത്രിക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് വിലവർധനയ്ക്കു കാരണമെന്നാണ് വിലയിരുത്തുന്നത്.

മേയിലെ കല്യാണ സീസൺ അവസാനിച്ച് അധ്യയന വർഷം തുടങ്ങുന്ന സമയങ്ങളിൽ സാധാരണ കോഴിക്ക് വില കുറയുകയാണ് പതിവ്. കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങൾക്കും വില വർധിച്ചതിനാൽ ഫാമുകളിൽ കോഴിക്ക് വില കൂടിയതും വിലവർധനയ്ക്കു കാരണമായി. ഇടനിലക്കാർ ലാഭം കൊയ്യുന്ന സ്ഥിതിയാണുള്ളതെന്നുള്ള പരാതിയും കച്ചവടക്കാർക്കുണ്ട്. കോഴിയുടെ മാലിന്യം ശേഖരിക്കാൻ കിലോഗ്രാമിന് 7 രൂപയും കച്ചവടക്കാർ നൽകേണ്ടി വരുന്നുണ്ട്.തമിഴ്നാട്ടിൽ നിന്നു വരുന്ന കോഴികളെ പൂർണമായും ആശ്രയിക്കേണ്ടി വന്നതോടെയാണ് കോഴിവില കുത്തനെ ഉയർന്നത്.

കോഴിക്കുഞ്ഞുങ്ങളുടെ ഇറക്കുമതി വർധിക്കാൻ സമയമെടുക്കുന്നതിനാൽ തന്നെ കുറച്ചു കാലത്തേക്ക് കൂടി കോഴിവില ഉയർന്നു നിൽക്കാൻ തന്നെയാണ് സാധ്യത. ബീഫിനും മട്ടനുമെല്ലാം ജില്ലയിൽ ചെറിയ തോതിൽ വില വർധിച്ചിട്ടുണ്ട്. 360 മുതൽ 400 വരെയാണ് ബീഫിന് ജില്ലയിൽ ഈടാക്കുന്നത്. മട്ടന് 800 രൂപയാണ് ജില്ലയിൽ ഇപ്പോൾ. ഗുണനിലവാരത്തിന് അനുസരിച്ച് 750 മുതൽ 900 രൂപ വരെ വരെയുള്ള മട്ടൻ വിപണിയിൽ കിട്ടാനുണ്ട്. ഇറച്ചി മാർക്കറ്റുകളിലും പാക്ക്ഡ് ആയി എത്തുന്ന സൂപ്പർ മാർക്കറ്റുകളിലും ഭാഗങ്ങൾക്കനുസരിച്ചു വാങ്ങുന്നതിലുമെല്ലാം വ്യത്യസ്ത വിലയുണ്ടാവുന്നതിനാലാണ് ഇങ്ങനെ വിലയിൽ മാറ്റമുണ്ടാകുന്നത്.

സ്ഥലം, കോഴിയുടെ ശരാശരി വില (ഒരു മാസം മുൻപുള്ള വില)

കുണ്ടറ 170–190 (140)
പത്തനാപുരം 170 (140)
കൊല്ലം 170 (130)
പുനലൂർ 170 (120)
കരുനാഗപ്പള്ളി 168 (135)
ശാസ്താംകോട്ട 165 (125)

കൊട്ടാരക്കര 160–170 (120–140)
പുത്തൂർ 165 (135)
അഞ്ചാലുംമൂട് 160 (130)
ചവറ 160 (120)
കടയ്ക്കൽ 158
അഞ്ചൽ 155 (100)
ആയൂർ 150 (120)‌
കുളത്തൂപ്പുഴ 150 (95)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS