പത്തനാപുരം∙ കെഎസ്ആർടിസിയുടെ ഓർഡിനറി ബസിന്റെ ഒരു ദിവസത്തെ മികച്ച വരുമാനം എന്ന റെക്കോർഡ് ഇനി പത്തനാപുരം ഡിപ്പോയ്ക്ക് സ്വന്തം. 26387 രൂപ വരുമാനം നേടിയാണ് ഡിപ്പോ റെക്കോർഡ് നേട്ടത്തിലേക്ക് എത്തിയത്. നേരത്തെ ജില്ലയിലെ തന്നെ ചാത്തന്നൂർ ഡിപ്പോക്കായിരുന്നു ഈ പദവി.
പത്തനാപുരം ഡിപ്പോയിലെ പത്തനാപുരം-കുര-കൊട്ടാരക്കര ചെയിൻ സർവീസ് നടത്തുന്ന ബസുകളിൽ ഒരെണ്ണമാണ് ഈ റെക്കോർഡ് തുക നേടിയത്. ജനങ്ങളുമായുള്ള ഇടപെടലാണ് നേട്ടത്തിനു കാരണമെന്ന് ബസിലെ കണ്ടക്ടർ ടി.പുഷ്പരാജൻ, ഡ്രൈവർ എം.എസ്.ഷാബു എന്നിവർ പറഞ്ഞു. 17 കി.മീ ദൂരമുള്ള പാതയിൽ അടുത്തിടെയാണ് കെഎസ്ആർടിസി സർവീസ് തുടങ്ങിയത്. ഇതേ പാതയിൽ നേരത്തേ 24000 രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. ദിവസവും ശരാശരി 18000 രൂപയോളം വരുമാനം നേടുന്നിടത്താണ് ഇത്രയും വലിയ തുക നേടിയത്.