കൊല്ലം∙ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു . എലി, കന്നുകാലികൾ തുടങ്ങിയ ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് എലിപ്പനിക്ക് കാരണമായ രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്.
പ്രതിരോധം
∙ മലിനമായ മണ്ണുമായും വെള്ളവുമായും സമ്പർക്കത്തിൽ വരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ഡോക്സി സൈക്ലിൻ ഗുളിക ആഴ്ചയിൽ ഒരിക്കൽ കഴിക്കണം.
∙ കട്ടി കൂടിയ റബർ കാലുറകളും, കയ്യുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക.
∙ കൈകാലുകളിൽ മുറിവുള്ളവർ അവ ഉണങ്ങുന്നത് വരെ ഇത്തരം ജോലികൾ ചെയ്യാതിരിക്കുക.
∙ കെട്ടി നിൽക്കുന്ന ജലത്തിൽ കുട്ടികൾ വിനോദത്തിനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങുന്നത് ഒഴിവാക്കുക.
രോഗലക്ഷണങ്ങൾ
ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശിവേദന എന്നിവയാണ് ലക്ഷണങ്ങൾ. മൂത്രക്കുറവ്, മൂത്രത്തിൽ നിറവ്യത്യാസം, കണ്ണിൽ ചുവപ്പ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം. മേൽപറഞ്ഞ രോഗലക്ഷണങ്ങൾ ഏതെങ്കിലും കണ്ടാൽ ചികിത്സ തേടണം. ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസർജ്യ വസ്തുക്കൾ വീണ് മലിനമാകാതിരിക്കാൻ എപ്പോഴും മൂടി വയ്ക്കുക.