ADVERTISEMENT

പുത്തൂർ ∙ കുളക്കട പഞ്ചായത്തിന്റെ ‘ഇടവും കൂടും’ പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂരഹിത, ഭവന രഹിത ഗുണഭോക്താക്കൾക്കു വേണ്ടി നിർമിച്ച 24 ലൈഫ് മിഷൻ വീടുകളുടെ താക്കോൽ കൈമാറ്റം ഇന്ന്. വൈകിട്ട് 3ന് പൂവറ്റൂർ പടിഞ്ഞാറ് ആലുംകുന്നിൽ ക്ഷേത്രത്തിനു സമീപമുള്ള പദ്ധതി പ്രദേശത്തു മന്ത്രി കെ.എൻ.ബാലഗോപാൽ താക്കോൽ കൈമാറ്റം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ മുഖ്യ അതിഥികളാകും.

1.66 ഏക്കർ ഭൂമി, ആദ്യ ഘട്ടത്തിൽ 25 പേർ

മുൻ ഭരണസമിതിയുടെ കാലത്തു വാങ്ങിയ 1.66 ഏക്കർ ഭൂമിയിൽ ആദ്യഘട്ടത്തിൽ 25 ഭൂരഹിത, ഭവന രഹിത ഗുണഭോക്താക്കൾക്ക് 3 സെന്റ് ഭൂമി വീതം റജിസ്റ്റർ‍ ചെയ്തു നൽകി. ഓരോ ഗുണഭോക്താവിനും 4 ലക്ഷം രൂപ വീതം വീടിനും അനുവദിച്ചു. നിർമാണ സാമഗ്രികളുടെ വിലക്കയറ്റം കാരണം ഈ തുകയിൽ പണി പൂർത്തിയാകില്ല എന്ന ആശങ്ക ഉയർന്നതോടെ ഗുണഭോക്താക്കളുടെ അനുമതിയോടെ പഞ്ചായത്തു തന്നെ ഒരു കരാറുകാരനെ കണ്ടെത്തി മൊത്തം വീടുകളുടെയും പണി ഒരുമിച്ച് ഏൽപിക്കുകയായിരുന്നു. അങ്ങനെയാണ് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമായത് എന്നു പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ പറഞ്ഞു. ഒരു ഗുണഭോക്താവ് സ്വന്തം നിലയിൽ വീട് നിർമിക്കുകയാണ് എന്ന് അറിയിച്ചതോടെയാണ് ബാക്കി 24 വീടുകൾ പൂർത്തിയാക്കിയത്.

420 ചതുരശ്ര അടി വിസ്തീർണത്തിൽ വാർത്ത വീട്

420 ചതുരശ്ര അടി വിസ്തീർണത്തിൽ വാർത്ത വീടാണ് നിർമിച്ചിരിക്കുന്നത്. വൈദ്യുതീകരണവും പൂർത്തിയായി. ശുദ്ധജലത്തിനു ജലജീവൻ മിഷൻ പൈപ്പ് കണക്‌ഷനു പുറമേ പൊതു കിണറും നിർമ‍ിക്കുന്നുണ്ട്. പൊതു ടാങ്ക് സ്ഥാപിച്ച് എല്ലാ വീടുകളിലേക്കും കണക്‌ഷൻ നൽകും.

ഫ്ലാറ്റ് ‘ഫ്ലാറ്റായി’, പകരം വീടുകൾ  ഉയർന്നു

ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം നിർമിക്കാനായിരുന്നു ആദ്യ തീരുമാനം. പക്ഷേ 5 സമുച്ചയങ്ങളിലായി 37 ഫ്ലാറ്റുകൾ നിർമിക്കുന്നതിന് 8.5 കോടി രൂപയാണ് ഹൗസിങ് ബോർഡ് അടങ്കൽ നൽകിയത്. അതായത് ഒരു ഫ്ലാറ്റിന് 23 ലക്ഷം രൂപയോളം. സർക്കാർ ഒരു വീടിനു നൽകുന്നത് 4 ലക്ഷം രൂപയാണ് എന്നിരിക്കെ ഇത്രയും തുക കണ്ടെത്താൻ കഴിയില്ലെന്നു വന്നതോടെ ഫ്ലാറ്റ് പദ്ധതി ഉപേക്ഷിക്കുകയും പകരം ഭവന സമുച്ചയം എന്ന ആശയത്തിലേക്കു കടക്കുകയുമായിരുന്നു. 96 ലക്ഷം രൂപ മാത്രം ചെലവിട്ടാണു 24വീടുകൾ പൂർത്തിയാക്കിയത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com