ADVERTISEMENT

കൊട്ടാരക്കര ∙ ഡോ. വന്ദന ദാസിന്റെ രക്തം പ്രതി ജി.സന്ദീപിന്റെ വസ്ത്രങ്ങളിൽ ഉണ്ടെന്നു സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം അന്വേഷണ സംഘത്തിനു ലഭിച്ചു. മറ്റു നിർണായക തെളിവുകളുടെയും പരിശോധന ഫലങ്ങൾ ലഭിച്ചിട്ടുണ്ട്. കുറ്റപത്രം നിയമവിദഗ്ധരുടെ അനുമതിയോടെ ഈ ആഴ്ച തന്നെ നൽകാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. രക്തക്കറ സന്ദീപിന്റെ വസ്ത്രങ്ങളിൽ ഉണ്ടെന്ന രാസപരിശോധന ഫലം കേസിൽ നിർണായക തെളിവാണ്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകളും ലഭിച്ചിരുന്നു. എന്നാൽ, ഡോ. വന്ദന ദാസിനെ കുത്തിവീഴ്ത്തിയ സ്ഥലത്തെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. കൊലപ്പെടുത്താൻ ഉപയോഗിച്ചത് പ്രൊസീജ്യർ റൂമിലെ സർജിക്കൽ സിസേഴ്സ് (കത്രിക) ആണെന്നും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതായാണു വിവരം. കത്രികയുടെ മൂർച്ചയുള്ള ഭാഗത്തിന്റെ നീളവും മുറിവിന്റെ ആഴവും തമ്മിലും പൊരുത്തപ്പെടുന്നുണ്ട്. 17 മുറിവുകളാണ് വന്ദനയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. അതേ കത്രിക കൊണ്ടു കുത്തേറ്റ പൊലീസുകാരന്റെയും ഹോംഗാർഡിന്റെയും മുറിവിനും സമാനത ഉണ്ട്.

പൊലീസുകാരും താലൂക്ക് ആശുപത്രി ജീവനക്കാരും ഉൾപ്പെടെയുള്ള ദൃക്സാക്ഷികളും മറ്റു നൂറിലേറെ സാക്ഷിമൊഴികളും കേസിനു ബലമായി ഉണ്ട്. സന്ദീപിന്റെ ശാരീരിക – മാനസിക അവസ്ഥ പരിശോധിച്ച ഡോക്ടർമാരുടെ സംഘത്തിന്റെ റിപ്പോർട്ടുകളും അന്വേഷണ സംഘത്തിനു ലഭിച്ചു. സന്ദീപിന് ആക്രമണ സ്വഭാവം ഉണ്ടായിരുന്നു എന്നതിനുള്ള മുൻകാല തെളിവുകളും ലഭിച്ചിട്ടുണ്ട്. കേസിന് അതിവേഗ വിചാരണ ഉറപ്പാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. വന്ദനയുടെ കുടുംബത്തിന്റെ അഭിപ്രായം കൂടി മാനിച്ചാകും പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം. മേയ് 10നു പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച ജി.സന്ദീപ് ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പെടെ 5 പേരെ പരുക്കേൽപിക്കുകയും ചെയ്തിരുന്നു. കൊല്ലം റൂറൽ‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ് ആണ് കേസ് അന്വേഷിക്കുന്നത്.

പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊല്ലം ∙ ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി ജി.സന്ദീപിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. പ്രതിഭാഗത്തിന്റെ വാദം ഇന്നു കേൾക്കും. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണു ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com