ADVERTISEMENT

കൊല്ലം∙ സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ പണം ധൂർത്തടിച്ചപ്പോൾ പട്ടികജാതി ക്ഷേമത്തിനു അനുവദിച്ച തുകയുടെ 20 ശതമാനം പോലും കൊല്ലം കോർപറേഷൻ ചെലവഴിച്ചില്ല. സ്വപ്ന പദ്ധതികൾ ഉദ്ഘാടനം ചെയ്തു പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഖജനാവിനു ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചെന്നാണ് ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്. അനുകരണീയമായ പ്രവർത്തനങ്ങളൊന്നും ഇല്ലെന്നാണ് ഓഡിറ്റിന്റെ പ്രാഥമിക വിലയിരുത്തൽ.

പട്ടികജാതി ക്ഷേമ പദ്ധതി തുകകൾ അനർഹർ നേടിയെടുത്തു

ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 800 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുള്ള പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് വീടിനൊപ്പം 120 ചതുരശ്ര അടി വിസ്തീർണമുള്ള പഠനമുറി നിർമിക്കാൻ 2 ലക്ഷം രൂപ വീതം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. കോർപറേഷൻ 2019 മുതൽ 2022 വരെ 5 കോടി രൂപയാണ് അനുവദിച്ചത്. ചെലവാക്കിയത് ഒരു കോടി മാത്രം. ചെലവാക്കിയ ഒരു കോടിയിൽ പകുതിയും ലഭിച്ചത് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാത്ത കുടുംബങ്ങൾക്കുമാണെന്നും ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. ഇത്തരത്തിലെ ചിലരുടെ പേരു വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടിൽ തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. അർഹതപ്പെട്ട പട്ടികജാതി കുടുംബങ്ങളിൽ ഭൂരിഭാഗത്തിനും തുക ലഭിച്ചതുമില്ല. പട്ടികജാതി കുട്ടികൾക്കുള്ള 30 ലക്ഷം രൂപയിലധികമുള്ള സ്കോളർഷിപ്പുകൾ നേടിയ വിദ്യാർഥികളുടെ പേരു വിവരങ്ങൾ ചേർത്ത അപൂർണമായ റജിസ്റ്ററാണ് കോർപറേഷൻ ഓഡിറ്റ് സംഘത്തിന് സമർപ്പിച്ചത്. ഇതോടെ ഓഡിറ്റ് സംഘത്തിന് അർഹതപ്പെട്ട കുട്ടികൾ തഴയപ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്താനും സാധിച്ചില്ല.

kollam-corporation-2

കന്നുകുട്ടി വിതരണം

കന്നുകുട്ടി പരിപാലനത്തിന് 2021–22 ലെ വാർഷിക പദ്ധതിയിൽ വെറ്ററിനറി സർജനെ നിർവഹണ ഉദ്യോഗസ്ഥനാക്കി 31 ലക്ഷം വകയിരുത്തി. കന്നുകുട്ടി വിതരണത്തിന് 12 ലക്ഷവും അനുവദിച്ചു. എന്നാൽ കോർപറേഷൻ നൽകിയ കന്നുകുട്ടികളിൽ ഭൂരിഭാഗവും ചത്തു. പരിപാലനത്തിനായി പണം ലഭിച്ച ഗുണഭോക്താക്കളിൽ മിക്കവരും കന്നുകാലികളെ വളർത്താത്തവരോ പാതിവിലയ്ക്ക് ലഭിച്ച കന്നുകുട്ടിയെ വിപണി വിലയിൽ പുറത്തു വിറ്റവരോ ആണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തി. കന്നുകുട്ടി വിതരണത്തിന് കന്നുകളെ എത്തിക്കാൻ കോർപറേഷൻ തിരഞ്ഞെടുത്ത വ്യക്തിക്ക് കന്നുകാലി പരിപാലനമോ കേരളത്തിൽ ഫാമോ ഇല്ല. പൊള്ളാച്ചിയിൽ നിന്നടക്കം കുറഞ്ഞ വിലയ്ക്കെത്തിച്ച കന്നുകുട്ടികളെ വിതരണം ചെയ്തതിലൂടെ ഇയാൾ കമ്മിഷൻ ഏജന്റായി പ്രവർത്തിച്ചതായും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

പാതിവഴിയിൽ നിലച്ച പദ്ധതികൾ

ചിന്നക്കട അമിനിറ്റി സെന്റർ

ഹാബിറ്റാറ്റിന് 16 ലക്ഷവും ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബിക്കു 2 ലക്ഷവും 1.10 കോടിയുടെ രൂപയുടെ പദ്ധതിയിൽ കോർപറേഷൻ നൽ‌കിക്കഴിഞ്ഞു. ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്തെ അമിനിറ്റി സെന്റർ നിർമാണത്തിന് ദേശീയപാത അതോറിറ്റിയോടും റെയിൽവേയോടും അനുമതി വാങ്ങാതെ കോർപറേഷൻ എൻജിനീയറിങ് വിഭാഗം കാട്ടിയ തിടുക്കത്തിൽ ഖജനാവിന് നഷ്ടം 18 ലക്ഷത്തോളം രൂപയാണ്. 5 വർഷമായി ഒറ്റനില കെട്ടിടം ഉപയോഗിക്കാനാകാതെ കിടക്കുന്നു.

അറവുശാല

2018 മുതൽ 2022 വരെ മാലിന്യ സംസ്കരണ പ്ലാന്റ്ടക്കം നിർമിച്ചു 53 ലക്ഷം രൂപ ചെലവിൽ നിർമിച്ച അറവുശാല ഉപയോഗമില്ലാതെ കിടക്കുകയാണ്. അറവുശാലയിലെ മലിനജലം സംസ്കരിക്കുന്നതിന് 25 ലക്ഷം രൂപയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാൻ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് 2019 ലാണ്. എന്നാൽ കമ്പനി സ്ഥാപിച്ച ട്രീറ്റ്മെന്റ് യൂണിറ്റിന്റെ പോരായ്മകൾ കാരണം അറവുശാല ഉപയോഗിക്കാൻ കഴിയുന്നില്ല, കോഴിമാലിന്യം ശേഖരിച്ചു ലക്ഷങ്ങളാണ് സ്വകാര്യ വ്യക്തി കോർപറേഷൻ പരിധിയിൽ നിന്ന് സ്വന്തമാക്കുന്നത്.

ഷീ ലോഡ്ജ്

തദ്ദേശ സ്ഥാപനത്തിന്റെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിപ്പിക്കണമെന്നു സർക്കാർ പറയുന്ന ഷീ ലോഡ്ജ് വഴി പോലുമില്ലാത്ത വാടക കെട്ടിടത്തിലാണ് കോർപറേഷൻ പ്രവർത്തിപ്പിക്കുന്നത്. നാളിതു വരെ 32 ലക്ഷം രൂപയാണ് 5 മുറികൾ മാത്രമുള്ള ഷീ ലോഡ്ജിന് വേണ്ടി കോർപറേഷൻ ചെലവഴിച്ചത്. 5 മുറിക്ക് വേണ്ടി 20 വീതം ഡ്രസിങ് ടേബിൾ, ബെഡുകൾ, കട്ടിൽ, സ്റ്റീൽ മേശ എന്നിവയാണ് കോർപറേഷൻ 8 ലക്ഷം രൂപ ചെലവിൽ വാങ്ങുകയും ചെയ്തു. 4 വർഷത്തെ ആകെ വരുമാനം 1.61 ലക്ഷം രൂപ മാത്രമാണ്.

പകൽ വീട്

ആക്കോലിൽ 35 ലക്ഷം രൂപയിൽ നിർമിച്ച പകൽവീട് വൃത്തിഹീനമായ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നു ഓഡിറ്റ് സംഘം നടത്തിയ പരിശോധനയിൽ തെളിഞ്ഞു.

''ഓഡിറ്റ് റിപ്പോർട്ടിന്റെ പേരിൽ പുറത്തുവന്ന വിവരങ്ങൾ തെറ്റിദ്ധാരണാ ജനകമാണ്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. യോഗത്തിൽ ബന്ധപ്പെട്ട രേഖകൾ പ്രാഥമികമായി പരിശോധിച്ചു. 2 ദിവസത്തിനുള്ളിൽ എല്ലാ രേഖകളും സമഗ്രമായി പരിശോധിച്ച് വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകുന്നതിന് കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വീഴ്ചകൾ സംഭവിച്ച 2018–19, 2020–21 കാലയളവിലെ പദ്ധതികൾ പരിശോധിച്ചു നടപടി സ്വീകരിക്കും. ഈ ഭരണസമിതിയുടെ കാലത്തെ കന്നുകുട്ടി പരിപാലന പദ്ധതിയിൽ നിർവഹണ ഉദ്യോഗസ്ഥന്റെ വിശദീകരണം തേടും.'' പ്രസന്ന ഏണസ്റ്റ് (കോർപറേഷൻ മേയർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com