ADVERTISEMENT

കൊട്ടാരക്കര∙ ആഹ്ലാദ പ്രകടനം നടത്താൻ എത്തിയ എൽഡിഎഫ് പ്രവർത്തകർ‌ പ്രതിഷേധ പ്രകടനം നടത്തി മടങ്ങി .ഭരണസാരഥ്യം കോൺഗ്രസിന് ലഭിച്ചെങ്കിലും ആരവങ്ങളോ ആഹ്ലാദമോ ഉണ്ടായില്ല. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു ബിജെപിയും. അത്യന്തം നാടകീയതയിലായിരുന്നു ഉമ്മന്നൂർ പഞ്ചായത്ത് ഓഫിസും പരിസരങ്ങളും ഇന്നലെ. ഭരണസാരഥ്യം ലഭിക്കുമെന്ന വിശ്വാസത്തിൽ യാതൊരു ആശങ്കയും ഇല്ലാതെയാണ് എൽഡിഎഫ് അംഗങ്ങൾ ഇന്നലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് എത്തിയത്. ആഹ്ലാദ പ്രകടനത്തിന് വൻ തോതിൽ പ്രവർത്തകരും തടിച്ചുകൂടിയിരുന്നു.

10 മണിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു. നേരത്തേ തീരുമാനിച്ചത് പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായി സിപിഎമ്മിലെ ബിന്ദു പ്രകാശിന്റെ പേര് സ്ഥാനം ഒഴിയുന്ന പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ നിർദേശിച്ചു.അയത്തിൽ ഉണ്ണിക്കൃഷ്ണൻ പിന്താങ്ങി. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ഷീബ ചെല്ലപ്പന്റെ പേര് ലാലി ജോസഫ് നിർദേശിച്ചു.മേരി ഉമ്മൻ പിന്താങ്ങി. ബിജെപി സ്ഥാനാർഥിയായി എം.ഉഷയുടെ പേര് തേവന്നൂർ ഹരികുമാർ നിർദേശിച്ചു. എസ്.സിന്ധു പിന്താങ്ങി. വോട്ടെണ്ണിയപ്പോഴാണ് തിരിച്ചടിയുടെ ആഘാതം അറിയുന്നത്.നിലവിലുള്ള 9 അംഗങ്ങളുടെ വോട്ട് പോലും നേടാൻ എൽഡിഎഫിന് കഴിഞ്ഞില്ല. 

kollam-umannoor-precidentand-vice-president
ഉമ്മന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പനും വൈസ് പ്രസി‍ഡന്റ് എസ്.സുജാതനും

ബാലറ്റ് പേപ്പറിൽ ഒപ്പിടാൻ മറന്ന സിപിഐ അംഗം എസ്.ബുഷ്റയുടെ വോട്ട് അസാധു. ബിജെപി തുണച്ചതോടെ എതിർ ഭാഗത്ത് വോട്ട് 11. യുഡിഎഫിൽ നേരിയ ആഹ്ലാദം. എസ് സി വിഭാഗം അംഗമായ ഷീബ ചെല്ലപ്പൻ പ്രസിഡന്റായി. കോൺഗ്രസ് നേതൃത്വത്തെ പിന്തുണച്ചായിരുന്നു ആദ്യ പ്രതികരണം. കോൺഗ്രസ് നേതൃത്വവും പാർലമെന്ററി പാർട്ടിയും ആവശ്യപ്പെട്ടാണ് മത്സരിച്ചത്. വിജയിച്ചു. ബിജെപിയോട് സഹായം ആവശ്യപ്പെട്ടില്ല. അവർ വോട്ട് ചെയ്യാൻ നിർദേശിച്ചതുമില്ല.ബിജെപി പിന്തുണയിൽ ലഭിച്ച പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് ആലോചിച്ച് തീരുമാനിക്കുമെന്ന് മറുപടി. ഒപ്പം ഉണ്ടായിരുന്ന വൈസ് പ്രസിഡന്റ് (സ്ഥാനാർഥി) എസ്.സുജാതൻ കൂടുതൽ വിശദീകരണം നൽകി. രാജിവയ്ക്കേണ്ട ആവശ്യമില്ല.

രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ടാലും എട്ട് ഗ്രാമപ്പഞ്ചായത്തംഗങ്ങൾ കൂട്ടായി ആലോചിച്ചാകും തീരുമാനം. എൽഡിഎഫിനെ കടന്നാക്രമിച്ചായിരുന്നു വോട്ടെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ച ബിജെപി അംഗം തേവന്നൂർ ഹരികുമാറിന്റെ പ്രതികരണം. രണ്ടര വർഷത്തെ ഭരണകെടുകാര്യസ്ഥതയിൽ മനം നൊന്താണ് തീരുമാനം. ബിജെപി നേതൃത്വം പാർട്ടിയിൽ നിന്നു പുറത്താക്കിയാൽ തീരുമാനം അനുസരിക്കും. കോൺഗ്രസിൽ ചേരില്ലെന്നും ബിജെപി അനുയായി തുടരുമെന്നും ഹരികുമാർ പറഞ്ഞു. 

ഇതേ സമയം ബിജെപിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് റോഡിൽ എൽഡിഎഫിന്റെ പ്രതിഷേധ പ്രകടനം നടന്നു. ഗൂഢാലോചനയുടെ ഫലമാണ് അട്ടിമറിയെന്നും അവർ ആരോപിച്ചു. സിപിഎം ഏരിയ സെക്രട്ടറി പി.കെ.ജോൺസൺ, സിപിഐ ജില്ലാ കമ്മിറ്റിഅംഗം എ.മൻമഥൻനായർ,‍ മണ്ഡലം സെക്രട്ടറി എ.എസ്.ഷാജി എന്നിവർ നേതൃത്വം നൽകി. അംഗങ്ങൾക്ക് നൽകിയ വിപ്പിന്റെ പകർപ്പുമായി ബിജെപി നേതാക്ക‍ളും സ്ഥലത്തെത്തി. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

വിപ്പ് ലംഘിച്ച് മൂന്ന് ഗ്രാമപ്പഞ്ചായത്തംഗങ്ങളെയും പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കുമെന്നും നി‌യോജകമണ്ഡലം പ്രഭാരി സുഭാഷ് പട്ടാഴി, മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര എന്നിവർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമായില്ല.കോൺഗ്രസ് സ്ഥാനാർഥി എസ്.സുജാതന്റെ പേര് അനീഷ് മംഗലത്ത് നിർദേശിച്ചു. ശ്രീജിത്ത് പിന്താങ്ങി.എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയിലെ സുനിൽ ടി.ഡാനിയേലിന്റെ പേര് പി.വി.അലക്സാണ്ടർ നിർദേശിച്ചു. ബിന്ദു പ്രകാശ് പിന്താങ്ങി. യുഡിഎഫ് സ്ഥാനാർഥി സുജാതന് 11 വോട്ടും സുനിൽ ടി.ഡാനിയേലിന് 9 വോട്ടും ലഭിച്ചു.

ബിജെപി പിന്തുണയോടെ ലഭിച്ച സ്ഥാനങ്ങൾ ഉടൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തി. ബിജെപി പിന്തുണ ലഭിച്ച് നേടുന്ന‍ സ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന നിർദേശം നൽകിയിരുന്നതായി നേതാക്കളായ ബേബി പടിഞ്ഞാറ്റിൻകര, ബ്രിജേഷ് ഏബ്രഹാം,ജോസ് അമ്പലക്കര, സാംസൺ വാളകം, കെ.എം.റജി, കൊച്ചാലുംമൂട് വസന്തൻ എന്നിവർ പറഞ്ഞു.

കൂറുമാറ്റം തടസ്സമാകില്ല

കൊട്ടാരക്കര∙ ഇന്നലെ കൂറുമാറി വോട്ട് ചെയ്ത 3 ബിജെപി അംഗങ്ങൾക്കും കൂറുമാറ്റനിരോധന നിയമം തടസ്സമാകില്ലെന്ന് നിയമ വിദഗ്ധർ. മൂന്ന് അംഗങ്ങളാണ് പാർട്ടിക്കുള്ളത്. മൂവരും വിപ്പ് ലംഘിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി ബിജെപി നേതൃത്വം പുറത്താക്കിയാൽ ഇവർ സ്വതന്ത്ര അംഗങ്ങളാകും. ഇവർക്ക് യുഡിഎഫിൽ ചേരാനോ സഹകരിച്ച് പ്രവർത്തിക്കാനോ തടസ്സമില്ല.

അപ്രതീക്ഷിത തിരിച്ചടിയിൽ ഞെട്ടി എൽഡിഎഫ്

 കൊട്ടാരക്കര∙ അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതത്തിൽ എൽഡിഎഫ്. ബിജെപി ഒരിക്കലും യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ഭൂരിപക്ഷം ഇല്ലാതിരുന്ന ഉമ്മന്നൂർ പഞ്ചായത്തിൽ ഭരണം പങ്കിടാൻ എൽഡിഎഫ് തീരുമാനിച്ചത്. രണ്ടര വർഷം വീതം പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും വീതം വച്ചു.ആദ്യത്തെ രണ്ടര വർഷം സുരക്ഷിതമായി ഭരണം നടത്തി. എൽഡിഎഫ്-9, യുഡിഎഫ്-8, ബിജെപി-3 എന്നിങ്ങനെയാണ് കക്ഷിനില. സിപിഐയിലെ അമ്പിളി ശിവൻ പ്രസിഡന്റും സിപിഎമ്മിലെ പി.വി.അലക്സാണ്ടർ വൈസ് പ്രസിഡന്റുമായി.8 അംഗങ്ങളുള്ള കോൺഗ്രസ് ആണ് ഉമ്മന്നൂരിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 5 സീറ്റുള്ള സിപിഐ അംഗബലത്തിൽ എൽഡിഎഫിലെ വലിയ പാർട്ടി.സിപിഎം-3, കേരള കോൺഗ്രസ്(ബി)-1 എന്നിങ്ങനെയാണ് എൽഡിഎഫ് സീറ്റുകൾ.

18 വർഷത്തിന് ശേഷം   യുഡിഎഫിന് ഭരണം

കൊട്ടാരക്കര∙ 18 വർഷത്തിന് ശേഷം ഉമ്മന്നൂരിൽ വീണ്ടും യുഡിഎഫിന് ഭരണം. ഭരണം തുടരാനാകുമോ എന്ന് ആശങ്കയിൽ. യുഡിഎഫിന്റെ ഭാഗമായി കേരള കോൺഗ്രസ്(ബി) പ്രതിനിധി വി.ജെ.സതികുമാരിയായിരുന്നു യുഡിഎഫിന്റെ അവസാനത്തെ പ്രസിഡന്റ്. 2005ൽ രാജിവച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷീബ ചെല്ലപ്പൻ രണ്ടാം തവണയാണ് പഞ്ചായത്തംഗമാകുന്നത്. നേരത്തേ പനയറയിലും ഇക്കുറി അമ്പലക്കര വെസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. അമ്പലക്കരവാർഡിൽ നിന്നാണ് വൈസ് പ്രസിഡന്റ് എസ്.സുജാതന്റെ വിജയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com