ADVERTISEMENT

കുളത്തൂപ്പുഴ ∙ പൊതുമേഖലാ സ്ഥാപനമായ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിലെ (ആർപിഎൽ) ബോണസ് മുടങ്ങിയതിനു പിന്നാലെ ഓഗസ്റ്റിലെ ശമ്പളവും മുടങ്ങി. എല്ലാ മാസവും 7നു മുൻപ് നൽകാറുള്ള ശമ്പളം 10 ദിവസം വൈകിയിട്ടും നൽകിയിട്ടില്ല. ശമ്പളം മുടങ്ങിയതിൽ തൊഴിലാളികളും യൂണിയനുകളും പ്രതിഷേധത്തിലാണ്. ഇന്നലെയും ശമ്പളം നൽകുന്നതിനായി മാനേജ്മെന്റ് ഒന്നും ചെയ്തില്ല. എന്നു നൽകാൻ കഴിയുമെന്നും ഉറപ്പില്ല. ഭരണപക്ഷ അനുകൂല യൂണിയനുകൾ പ്രത്യക്ഷ സമരത്തിന് ഇല്ലെങ്കിലും ഐഎൻടിയുസി ശക്തമായി പ്രതിഷേധിച്ച് ആർപിഎൽ എംഡിക്കു സമര മുന്നറിയിപ്പു നോട്ടിസ് നൽകി.

സ്ഥാപനത്തിന്റെ പുനലൂർ പ്രധാന ഓഫിസ് പടിക്കൽ ധർണയും സത്യഗ്രഹ സമരങ്ങളും കുളത്തൂപ്പുഴ, ആയിരനല്ലൂർ തോട്ടം മാനേജർ ഒ‌ാഫിസുകൾക്കു മുന്നിൽ ധർണയും നടത്താനാണു തീരുമാനം. 1200 തൊഴിലാളികളുള്ള ഇവിടെ ഓരോ തൊഴിലാളിക്കും 18000 രൂപ മുതലാണു ശമ്പളം ലഭിക്കേണ്ടത്. ഇതു മുടങ്ങിയതോടെ തൊഴിലാളികളുടെ മക്കളുടെ വിവാഹങ്ങൾ പോലും പ്രതിസന്ധിയിലായിട്ടുണ്ട്.

 വൻതുക കടം എടുത്തു ചടങ്ങുകൾ നടത്തേണ്ട ഗതികേടിലാണു പല കുടുംബങ്ങളും. 6500 രൂപയാണ് ബോണസ് ആയി ആദ്യം നൽകിയത്. അതും തിരുവോണം കഴിഞ്ഞ്. സർക്കാർ നൽകിയ ഒരു കോടി രൂപയിൽ നിന്ന് ശരാശരി പതിനായിരം രൂപ കൂടി തൊഴിലാളികൾക്കു നൽകി. 26500 രൂപ ബോണസ് ലഭിക്കേണ്ടിയിരുന്ന തൊഴിലാളികൾക്ക് ഇക്കുറി നഷ്ടം പതിനായിരം രൂപ. മുൻപ് 3 കോടി രൂപയായിരുന്നു പതിവായി ഒ‌ാണക്കാലത്തു സർക്കാർ സഹായമായി ആർപിഎല്ലിനു ലഭിച്ചിരുന്നത്. 

റബർ മരങ്ങൾക്കുള്ള മരുന്നു തളിക്കൽ, പ്ലാസ്റ്റിക് കവർ കെട്ടൽ തുടങ്ങി മറ്റു പണികളുടെയും കുടിശിക നൽകാൻ ഇതുവരെ നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. സമീപത്തെ സ്വകാര്യ തോട്ടങ്ങളിൽ പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പിആർസി) അംഗീകരിച്ച തീരുമാനങ്ങൾ പാലിച്ച് ബോണസ് ഇക്കുറി നേരത്തെ നൽകിയിരുന്നു. പിഎൽസി ചട്ടങ്ങൾ പാലിക്കേണ്ട തൊഴിൽ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ആർപിഎല്ലിൽ ബോണസും ഇപ്പോൾ ശമ്പളവും മുടങ്ങിയതിൽ മാനേജ്മെന്റിനും വകുപ്പിനും വ്യക്തമായ മറുപടിയില്ല. തൊഴിലാളികളുടെ അതൃപ്തി പരിഹരിക്കാൻ വൈകിയാൽ ഇനിയും വലിയ സമരപരമ്പരകൾ ആകും നേരിടേണ്ടി വരികയെന്നു വ്യക്തം. 

കുളത്തൂപ്പുഴ, ആയിരനല്ലൂർ തോട്ടങ്ങളിൽ തൊഴിലാളികൾ ഭരണപക്ഷ യൂണിയനുകളുടെ നിലപാടുകൾ തള്ളി തൊഴിലാളികൾക്കു ഭാരവാഹിത്വവും മേധാവിത്വവും ഉള്ള ഒറ്റ യൂണിയൻ രൂപീകരിക്കാനുള്ള നീക്കവും ശക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com