കെഎസ്ആർടിസി ബസിന്റെ അശ്രദ്ധമായ പാച്ചിൽ, ബാങ്ക് ജീവനക്കാരിക്കു കാൽ നഷ്ടമായി

Mail This Article
എഴുകോൺ ∙ കെഎസ്ആർടിസി ബസിന്റെ അശ്രദ്ധമായ പാച്ചിലിൽ ബാങ്ക് ജീവനക്കാരിക്കു നഷ്ടമായത് സ്വന്തം വലതു കാൽ.കേരള ബാങ്ക് എഴുകോൺ ശാഖയിലെ അറ്റൻഡർ കരീപ്ര കല്ലുവിള വീട്ടിൽ എസ്.ശ്രീദേവി(55)ക്കാണ് ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം ഉണ്ടായ അപകടത്തിൽ കാൽ മുറിച്ചു മാറ്റേണ്ടി വന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ ആലപ്പുഴ സ്വദേശി സതീശന് (55) എതിരെ എഴുകോൺ പൊലീസ് കേസെടുത്തു. ബസും കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാവിലെ പത്തോടെ എഴുകോൺ ജംക്‌ഷനിലായിരുന്നു സംഭവം. ഭർത്താവ് ഷാജിക്ക് ഒപ്പം ബൈക്കിലെത്തിയ ശ്രീദേവി ബൈക്കിൽ നിന്നിറങ്ങി മെയിൻ റോഡിലേക്കു കയറിയപ്പോൾ കൊട്ടാരക്കര ഭാഗത്തു നിന്നു വന്ന കെഎസ്ആർടിസി ബസ് തട്ടി വീഴ്ത്തുകയായിരുന്നു. ബസ് റോഡിന്റെ പരമാവധി ഇടതുവശം ചേർന്നു വന്നതാണ് അപകടത്തിനു കാരണമായത് എന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ബസ് തട്ടാതെ ശ്രീദേവി ഒഴിയാൻ ശ്രമിച്ചെങ്കിലും ഈ ഭാഗത്ത് റോഡിന് ഉയരക്കൂടുതൽ ആയതിനാൽ വീണ്ടും പിന്നോട്ടു മാറാൻ സ്ഥലമില്ലായിരുന്നു.
ബസിന്റെ മുൻവശം ശ്രീദേവിയെ കടന്നു പോയ ശേഷമാണ് തട്ടി വീഴ്ത്തിയത്. പിന്നോട്ടു മറിഞ്ഞു വീണതിനാലാണ് പൂർണമായും ബസിന് അടിയിൽപ്പെടാഞ്ഞത്. പക്ഷേ പിൻചക്രം കാലിലൂടെ കയറിയിറങ്ങി. വലതു കാലിന് അതീവ ഗുരുതരമായി പരുക്കേറ്റ ശ്രീദേവിയെ എഴുകോൺ പഞ്ചായത്ത് ജീപ്പിൽ ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ സ്പെഷ്യൽറ്റി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണു കാലിന്റെ മുട്ടിനു മുകളിൽ വച്ചു മുറിച്ചു നീക്കിയത്. പ്രമേഹ ബാധിത കൂടിയായ ശ്രീദേവിയുടെ കാൽ പൂർവസ്ഥിതിയിലാക്കാൻ ഒരു മാർഗവുമില്ലെന്നു ഡോക്ടർമാർ അറിയിച്ചതോടെ മുറിച്ചു മാറ്റാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഭർത്താവ് ഷാജി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local