അനാഥാലയം അന്തേവാസി മരിച്ചു; ക്രൂരമർദനത്തിന് ഇരയായെന്നു ബന്ധുക്കൾ
Mail This Article
ചാത്തന്നൂർ (കൊല്ലം) ∙ ആറ്റിങ്ങലിലെ സ്വകാര്യ അനാഥാലയത്തിലെ ഭിന്നശേഷിക്കാരനായ അന്തേവാസി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. അനാഥാലയത്തിൽ നേരിട്ട ക്രൂരമായ മർദനമാണു മരണകാരണം എന്നാരോപിച്ചു ബന്ധുക്കൾ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. അഞ്ചൽ മറ്റത്തിക്കോണം പടിഞ്ഞാറ്റിൻകര ജോ ഭവനിൽ ജോമോനാണ് (27) ചികിത്സയിൽ കഴിയവേ മരിച്ചത്.
കീടനാശിനി ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതായി മാതാവും ബന്ധുക്കളും പറഞ്ഞു.ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്: ഭിന്നശേഷിക്കാരനായ ജോമോൻ 20 വർഷത്തോളമായി ആറ്റിങ്ങലിലുള്ള ഡോ. അംബേദ്കർ മെമ്മോറിയൽ റിഹാബിലിറ്റേഷൻ സെന്റർ ഫോർ ദ് മെന്റലി ചലഞ്ച്ഡ് ആൻഡ് റസിഡൻഷ്യൽ സ്കൂളിലെ അന്തേവാസിയായിരുന്നു. മാതാവ് വൈ.മോളിക്കുട്ടി പ്രവാസിയും വിവാഹിതയായ സഹോദരി കല്ലുവാതുക്കൽ വേളമാനൂരിലുമാണ്.
നാട്ടിലുള്ള മാതാവ് കഴിഞ്ഞ ആഴ്ച കാണാൻ ചെന്നപ്പോൾ വസ്ത്രം പോലും ഇല്ലാതെ അവശ നിലയിലായിരുന്നു ജോമോൻ. ജോമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇവിടെ നടത്തിയ പരിശോധനയിൽ ശരീരത്ത് അടിയേറ്റ പാടുകൾ കണ്ടെത്തി. നട്ടെല്ലിനു പൊട്ടലുണ്ടായിരുന്നെന്നും നെഞ്ചിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.
ചികിത്സയിൽ കഴിയവേ ഇന്നലെ പുലർച്ചെ മരിച്ചു. ഇന്നു പോസ്റ്റ്മോർട്ടം നടത്തും. ഭിന്നശേഷിക്കാരനായ അന്തേവാസി മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം അംബേദ്കർ മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെന്റർ അധികൃതർ നിഷേധിച്ചു. ജോമോന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ഒരു മാസം മുൻപു തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. മരുന്നും ചികിത്സയും കൃത്യമായി കൊടുത്തിരുന്നതായും മർദനം എറ്റെന്നുള്ള ആരോപണം തെറ്റാണെന്നും അധികൃതർ പറഞ്ഞു.